കരിവെള്ളൂർ : ഓരോ കുട്ടിയും രക്ഷിതാവും അധ്യാപകരുമായി നേരിട്ട് സംവദിച്ചു കൊണ്ടുള്ള പി.ടി.എ. യോഗം ശ്രദ്ധേയമാകുന്നു. കരിവെള്ളൂർ എ.വി. സ്മാരക സ്‌കൂളിലെ പത്താം ക്ലാസിലെ 12 ഡിവിഷനുകളിലെ 505 കുട്ടികൾക്കായാണ് വ്യക്‌തിഗത പരിഗണന നൽകികൊണ്ട് യോഗം നടക്കുന്നത്. ഓരോ ഡിവിഷനിലേയും എട്ട് വീതം കുട്ടികളും രക്ഷിതാക്കളുമാണ് ഒരു ദിവസം സ്‌കൂളിലെത്തേണ്ടത്. പത്താം ക്ലാസിലെ മുഴുവൻ വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും കാത്തിരിപ്പുണ്ടാകും. ഓരോ കുട്ടിക്കും രക്ഷിതാവിനും 15 മിനിറ്റുവരെ ഓരോ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരുമായി സംസാരിക്കാം. കുട്ടികളുടെ വ്യക്തിഗതമായ കാര്യങ്ങളും ഓരോ വിഷയത്തിലുമുള്ള പ്രയാസങ്ങളും പ്രശ്‌നങ്ങളും അധ്യാപകരുമായി ഈ രീതി വഴി പങ്കുവയ്ക്കാൻ കഴിയുന്നു.

To advertise here,

പാദവാർഷിക പരീക്ഷയുടെ സ്കോർ അടിസ്ഥാനമാക്കിയാണ് അധ്യാപകർ കുട്ടികളുമായി സംവദിക്കുന്നത്. കുട്ടികളെ അടുത്തറിയാൻ ഈ രീതി വഴി സാധിക്കുന്നുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. കഴിഞ്ഞവർഷം മുതലാണ് സ്‌കൂളിൽ വ്യക്തിഗത പരിഗണന നൽകി കൊണ്ടുളള പി.ടി.എ. യോഗങ്ങൾ ആരംഭിച്ചത്.. വരും വർഷങ്ങളിൽ എട്ട്, ഒമ്പത് ക്ലാസുകളിലും ഈ രീതിയിൽ പി.ടി.എ. യോഗം നടത്താനും ആലോചനയുണ്ട്. വർഷങ്ങളായി എസ്.എസ്.എൽ.സി.ക്ക് മുഴുവൻ കുട്ടികളും വിജയിക്കുകയും എ പ്ലസിൽ റെക്കാഡ് നേട്ടം കരസ്ഥമാക്കുകയും ചെയുന്ന വിദ്യാലയമാണ് എ.വി. സ്മാരക സ്കൂൾ. ഒരു ഡിവിഷനിലെ മുഴുവൻ രക്ഷിതാക്കളെയും കുട്ടികളെയും ഒരുമിച്ചിരുത്തി ക്ലാസ് പി.ടി.എ. നടത്തുന്നതിനുപകരം സ്വീകരിച്ച പുതിയ രീതി കുട്ടികൾക്ക് വ്യക്തിഗത പരിഗണന നൽകുന്നതിനും പഠനത്തിൽ മുന്നോട്ടു നയിക്കുന്നതിനും ഏറെ സഹായകരമാകുന്നുണ്ടെന്ന് പ്രഥമാധ്യാപകൻ എം.ലക്ഷ്മണൻ പറഞ്ഞു.