പന്തക്കൽ : പി.എം. ശ്രീ ഐ.കെ.കെ. ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രധാന കവാടത്തിന് മുൻപിൽ ഒരു ഡസനിലേറെ കുഞ്ഞുങ്ങളുമായി തെരുവുനായകൾ. ഇതോടെ കുട്ടികളും ജീവനക്കാരും ഭീതിയിലാണ്. ബുധനാഴ്ച രാവിലെ ഗെയിറ്റ് തുറക്കാനെത്തിയ ജീവനക്കാരിക്ക് നേരെ നായ ഓടിയടുത്തു. റോഡിലൂടെ നടന്നുപോയവർ രക്ഷയ്ക്കെത്തിയതിനെ തുടർന്നാണ് ജീവനക്കാരി നായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.
നായയും കുഞ്ഞുങ്ങളും ഗേറ്റിന് സമീപത്തെ ഓടയിലാണ് കഴിയുന്നത്. മാഹി നഗരസഭാധികൃതർ നായകളെ പിടികൂടി വന്ധ്യംകരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
പ്രതിഷേധത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് മാഹി മേഖലയിൽനിന്ന് ഏതാനും തെരുവുനായകളെ വന്ധ്യംകരിച്ച് വിട്ടതു മാത്രമാണ് ഉണ്ടായ ഇടപെടൽ.
മാഹിയിൽ തെരുവുനായകളെ വന്ധ്യംകരിക്കുന്ന സംവിധാനമില്ല. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി വെറ്റിനറി കേന്ദ്രത്തിൽ കൊണ്ടുപോയാണ് വന്ധ്യംകരണം നടത്തുന്നത്. ഇതിന് വലിയ തുക ചെലവുണ്ട്. കക്കുഴി വയൽ, പന്തോക്കാവ് അയ്യപ്പ ക്ഷേത്ര പരിസരം, മൊട്ടേമ്മൽ ഭാഗം, കുന്നുമ്മൽപ്പാലം ഓയിൽ മിൽ പരിസരം എന്നിവിടങ്ങളിലെല്ലാം നായക്കുട്ടികൾ വർധിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. അധികൃതർ നടപടിയെടുത്തില്ലെങ്കിൽ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
Published: 15 Oct 2026, 04:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented