പാനൂർ : പഠനവഴിയിൽ മക്കൾക്കൊപ്പമെത്താൻ മാതാവും. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായ പി.ഒ. റജുലയാണ് വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന പഠനം വീണ്ടും തിരിച്ചുപിടിച്ച് മാതൃകയാകുന്നത്
1991-ലാണ് റജുല എസ്.എസ്.എൽ.സി. പരീക്ഷ പാസായത്. തുടർന്ന് കുടുംബജീവിതവും മറ്റു ഉത്തരവാദിത്വങ്ങളുമായതോടെ പഠനം തുടരാൻ സാധിച്ചില്ല. ഒടുവിൽ കുന്നോത്ത്പറമ്പ് ഗ്രാമപ്പഞ്ചായത്തിന്റെ തുല്യതാ പഠനപദ്ധതിയിൽ ചേർന്നാണ് വീണ്ടും പഠനവഴിയിലേക്ക് തിരിച്ചെത്തിയത്.
ഇക്കഴിഞ്ഞ പ്ലസ് ടു തുല്യതാ പരീക്ഷയിൽ ഹയർ സെക്കൻഡറി ഹ്യൂമാനിറ്റീസ് പരീക്ഷയിൽ മികച്ച മാർക്കോടെ റജുല വിജയം കരസ്ഥമാക്കി. ജനപ്രതിനിധി എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും പഠനത്തിനായി സമയം കണ്ടെത്തിയാണ് റജുല ഈ നേട്ടം കൈവരിച്ചത്.
നാലുമക്കളുടെ മാതാവുകൂടിയാണ് റജുല. മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനൊപ്പം വർഷങ്ങൾക്കുമുമ്പ് പാതിവഴിയിൽ നിലച്ച സ്വന്തം പഠനം പൂർത്തിയാക്കണമെന്ന ആഗ്രഹവും അവർ യാഥാർഥ്യമാക്കി. മക്കളിൽ ഒരാൾ എം.ബി.എയും മറ്റൊരാൾ എം.ബി.ബി.എസും മൂന്നാമതൊരാൾ ആർക്കിടെക്ചർ മേഖലയിലും പഠനം പൂർത്തിയാക്കി. നാലാമത്തെ കുട്ടി പ്ലസ് ടു പഠനത്തിനുശേഷം എൻ.ഇ.ടി. കെമിക്കൽ എൻജിനിയറിങ് ഉൾപ്പെടെയുള്ള ഉന്നതപഠനത്തിനായി പ്രവേശനം നേടി.
തുടർന്നും വിദൂരവിദ്യാഭ്യാസ സംവിധാനത്തിലൂടെ ബിരുദവും ബിരുദാനന്തരബിരുദവും നേടാനുള്ള തയ്യാറെടുപ്പിലാണ് റജുല.
കുന്നോത്ത്പറമ്പ് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ഒ. ആയിഷയുടെയും പി.ഒ. ഇബ്രാഹിം ഹാജിയുടെയും മകളാണ് റജുല. ബെംഗളൂരുവിൽ ബിസിനസ് നടത്തുന്ന ഉമ്മറാണ് ഭർത്താവ്.
Published: 24 Sept 2026, 04:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented