മാട്ടൂൽ : ഗ്രാമപ്പഞ്ചായത്തിലെ സൗത്ത് മുനമ്പ് പ്രദേശത്ത് പുതിയ ഫിഷ് ലാൻഡിങ് സെന്ററിന് (മത്സ്യബന്ധന കേന്ദ്രം) അനുയോജ്യമാണെന്ന കണ്ടെത്തലിൽ ഫിഷറീസ് ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. മാട്ടൂൽ സൗത്ത് ബസ് സ്റ്റാൻഡിനും ബോട്ട് ജെട്ടിക്കും സമീപത്തായി 10, 11 വാർഡുകൾ തമ്മിൽ അതിരിടുന്ന പുഴയോരമാണ് ഫിഷ് ലാന്റിങ് സെന്ററിന് അനുയോജ്യമെന്ന് ഫിഷറീസ് വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.

To advertise here,

വളപട്ടണം പുഴയും അറബിക്കടലും സംഗമിക്കുന്ന അഴീക്കൽ അഴിമുഖത്തോട് ചേർന്നുള്ള, പ്രകൃതിദത്തമായി സുരക്ഷിതമായ സ്ഥലമാണിത്. ഇവിടെ ഒരു ഫിഷ് ലാൻഡിങ് സെന്റർ സ്ഥാപിക്കുന്നതിലൂടെ പ്രദേശത്തെ മത്സ്യബന്ധനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ഫിഷറീസ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ, മാട്ടൂൽ ഭാഗത്തെ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ മത്സ്യബന്ധന യാനങ്ങൾ കരയ്ക്കടുപ്പിക്കുന്നതിനും മത്സ്യം വിൽക്കുന്നതിനുമായി മാട്ടൂൽ ബോട്ട് ജെട്ടി പ്രദേശമാണ് ഉപയോഗിക്കുന്നത്. ഈ മുനമ്പ് പ്രദേശം പുഴയോരത്തായത് കൊണ്ട് തന്നെ, കടലിലെ ശക്തമായ തിരമാലകളിൽനിന്നും വലിയ വേലിയേറ്റങ്ങളിൽനിന്നും നേരിട്ടുള്ള സംരക്ഷണം ഇവിടെ ലഭിക്കുന്നുണ്ട്. ഈ പ്രദേശത്ത് ആവശ്യത്തിന് നാവിഗേഷൻ ആഴമുള്ളതിനാൽ പരമ്പരാഗത വള്ളങ്ങൾക്കും ചെറിയ എൻജിൻ ബോട്ടുകൾക്കും സുരക്ഷിതമായി അടുക്കാൻ സാധിക്കുമെന്നും ഫിഷ് ലാൻഡിങ് സെന്ററിന് അനുബന്ധമായി ലൈറ്റിങ്, കുടിവെള്ളം, വേസ്റ്റ് മാനേജ്മെന്റ്, വല നന്നാക്കുന്നതിനുള്ള ഷെൽട്ടർ എന്നിവ നിർമിക്കാൻ അനുയോജ്യമായ സ്ഥലം ലഭ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

മാട്ടൂൽ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റിയും, ഗ്രാമപ്പഞ്ചായത്ത്‌ ഭരണസമിതിയും ഈ ആവശ്യം ഉന്നയിച്ച്‌ ഫിഷറീസ് മന്ത്രിക്ക് നൽകിയ കത്തിനെ തുടർന്നാണ് സാധ്യത റിപ്പോർട്ടിന് മന്ത്രി ഉത്തരവിട്ടത്.