ഇരിട്ടി : കർണാടകത്തിലെ കുടക് ജില്ലയെ കേരളവുമായി ബന്ധിപ്പിക്കുന്ന കൂട്ടുപുഴയും സമീപപ്രദേശങ്ങളും നാൾക്കുന്നാൾ പ്രതാപം ക്ഷയിച്ച് അവികസിത മേഖലയായി മാറുകയാണ്. ബ്രിട്ടീഷുകാർ നിർമിച്ച കൂട്ടുപുഴ പാലത്തിന് പകരം വീതികൂട്ടി പുതിയ പാലം വന്നിട്ടും കൂട്ടുപുഴ ടൗണിന് പഴയ പേരും പെരുമയും ഇന്നില്ല. പുതിയ പാലം വന്നപ്പോൾ യാത്രാദുരിതത്തിന് അറുതിയായെങ്കിലും അടിസ്ഥാനസൗകര്യമൊന്നുമില്ല.

To advertise here,

കർണാടകയിലെ കുടക് ജില്ലയിലേക്കുള്ള പ്രവേശനകവാടം എന്ന നിലയിലുള്ള വികസനവും ഇവിടെ സാധ്യമായിട്ടില്ല. കാക്കക്കിരിക്കാൻ തണലില്ലാത്ത പാലം കവലയിൽ വെയിലിലും മഴയിലും യാത്രക്കാർക്ക് ദുരിതകാലമാണ്. ബസ് കാത്തിരിപ്പുകേന്ദ്രമോ ശൗചാലയമോ ഇവിടെ ഇല്ല. എക്സൈസിന്റെയും പോലീസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും ചെക്ക്‌പോസ്റ്റുകൾ ഉള്ളതിനാൽ എല്ലാ വാഹനങ്ങളും ഇവിടെ പരിശോധനിക്കാറുണ്ട്. വീരാജ്പേട്ട കഴിഞ്ഞാൽ കിലോമീറ്ററോളം ചുരം ഇറങ്ങിവരുന്ന യാത്രക്കാർക്ക് ആദ്യം കാണുന്ന ടൗണാണ് കൂട്ടുപുഴ. അതിർത്തി ചെക്ക്പോസ്റ്റ് എന്ന പരിഗണനയിൽ പൊതുശൗചാലയവും ബസ് കാത്തിരിപ്പിനുള്ള സൗകര്യവും അത്യാവശ്യമാണ്.

ടൗണിൽനിന്ന്‌ 100 മീറ്ററോളം മാറി പുതിയ പാലം യാഥാർഥ്യമായതോടെയാണ് കൂട്ടുപുഴ ടൗണിലേക്കുള്ള ആളനക്കം കുറഞ്ഞത്. കൂട്ടുപുഴയിൽ 1928-ൽ ബ്രിട്ടീഷുകാർ ഇരുസംസ്ഥാനങ്ങളുടെയും അതിർത്തികൾ ചേർത്ത് നിർമിച്ച തൂണില്ലാത്ത പാലം നോക്കുകുത്തിയായി. മാക്കൂട്ടം, വീരാജ് പേട്ട ഭാഗങ്ങളിൽ നിന്നുള്ളവർ കൂട്ടുപുഴയിലേക്കും കൂട്ടുപുഴയിൽ നിന്നുള്ളവർ മാക്കൂട്ടത്തേക്കും വ്യാപാര-വാണിജ്യ അവശ്യങ്ങളുമായി നല്ല ബന്ധത്തിലായിരുന്നു. ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലെ മാക്കൂട്ടം മേഖലയിൽ വിദേശമദ്യഷോപ്പുകൾക്ക് നിരോധനം വന്നതോടെ മാക്കൂട്ടത്തിന്റെ പ്രതാപം നശിച്ചത് കൂട്ടപുഴയെയും ബാധിച്ചിരുന്നു. പഴയപാലം വഴിയുള്ള ഗതാഗതം കൂടി നിലച്ചതോടെ അത് പൂർത്തിയായി.

വ്യാപാരസ്ഥാപനങ്ങൾ മിക്കതും പൂട്ടി, അവശേഷിക്കുന്നവ നിലനിൽപ്പിനായുള്ള പേരാട്ടത്തിലാണ്. ഓട്ടോറിക്ഷകളുടെ എണ്ണം വിരലിലെണ്ണാവുന്ന നിലയിലേക്ക് ചുരുങ്ങി. പുതിയപാലം കവലയിൽ കാര്യമായ വ്യാപാരസ്ഥാപനങ്ങളും മറ്റും ഉയരുന്നതിന് സ്ഥലപരിമിതിയും വെല്ലുവിളിയാണ്. പഴയകാലത്തെ കെട്ടിടങ്ങൾ ജീർണിച്ചനിലയിലും ചിലത് പൊളിഞ്ഞുവീഴുകയും ചെയ്തു.