ശ്രീകണ്ഠപുരം : മലവെള്ളപ്പാച്ചിലിൽ ആനയടിപ്പാലം തകർന്ന് രണ്ടുമാസം കഴിഞ്ഞിട്ടും നാട്ടുകാർ താത്കാലികമായി നിർമിച്ച നടപ്പാലം അല്ലാതെ മറ്റൊരു സംവിധാനവും ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പാലം തകർന്നതിനുശേഷം ബദൽമാർഗമായി ഉപയോഗിച്ചിരുന്ന ആനയടി-ചാപ്പക്കടവ് റോഡും കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്.

To advertise here,

പാലം തകർന്നതോടെ ആനയടി ഭാഗത്തെ നൂറിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലായിരുന്നു. തുടർന്ന് ഇവർക്ക് ചന്ദനക്കാംപാറ ഭാഗത്തേക്ക് വരാനായി നാട്ടുകാർ പാലം ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് കവുങ്ങും മരത്തടികളും കൊണ്ട് താത്കാലിക നടപ്പാലം നിർമിക്കുകയായിരുന്നു. നിലവിൽ

പാലത്തിന്റെ മധ്യഭാഗത്തെ തൂൺ തകർന്ന് പാലം താഴ്ന്നനിലയിലാണ്. 1994-ണ് ഈ പാലം നിർമിച്ചത്. വർഷങ്ങൾക്ക് മുൻപ് കർണാടക വനത്തിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ പാലത്തിന്റെ നടുഭാഗത്തെ തൂണിന് ക്ഷതം സംഭവിക്കുകയും മുകളിലെ സ്ലാബിൽ വിള്ളലുണ്ടാകുകയും ചെയ്തിരുന്നു. ഈ ഭാഗമാണ് ഇപ്പോൾ പൂർണമായും നശിച്ചത്. നിലവിൽ തൂണിന്റെ അടിഭാഗം പൂർണമായും തകർന്നതിനാൽ പാലത്തിന്റെ മധ്യഭാഗം കുഴിഞ്ഞ നിലയിലാണ്. ചന്ദനക്കംപാറ ഭാഗത്തുനിന്നുള്ള റോഡിനും പാലത്തിനും ഇടയിൽ വലിയ കുഴിയായിരുന്നു. ഇവിടെയാണ്‌ നാട്ടുകാർ നടപ്പാലം ഒരുക്കിയത്. ഇതുവഴി വാഹനങ്ങൾക്ക് പോകാനാവില്ല. കുട്ടികൾ ഉൾപ്പെടെ ഈ നടപ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവിടെ പുതിയ പാലം നിർമിക്കുന്നതുവരെ താത്കാലിക ബെയ്‌ലി പാലം സ്ഥാപിക്കണമെന്ന ആവശ്യമുയർന്നെങ്കിലും നടപ്പായില്ല.

നേരത്തേ നിരവധിതവണ ഈ പാലം ഒരു മലവെള്ളപ്പാച്ചിലിനെക്കൂടി അതിജീവിക്കില്ലെന്ന് ചൂണ്ടികാണിച്ച് പ്രദേശവാസികൾ നിവേദനങ്ങളും പരാതിയും നൽകിയിരുന്നു.

തുടർന്ന് ഏറെനാളായി അപകടാവസ്ഥയിലായ പാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്നതിന് നിരോധനവും ഏർപ്പെടുത്തിയിരുന്നു. തകർച്ചയുടെ അവസാനഘട്ടത്തിലെത്തിയിട്ടും ഇത്തവണത്തെ ഉൾപ്പെടെ എല്ലാ ബജറ്റിലും ടോക്കൺ പദ്ധതിയിൽ മാത്രമാണ് പാലം നിർമാണം ഉൾപ്പെടുത്തിയിരുന്നത്.

ഇപ്പോൾ വാഹനങ്ങൾക്ക് ചാപ്പക്കടവ് വഴി ആറ് കിലോമീറ്റർ ചുറ്റിക്കറങ്ങിയാലേ ചന്ദനക്കാംപാറ എത്താൻ കഴിയുകയുള്ളൂ. വീതികുറഞ്ഞ ഈ റോഡിൽ വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാനും കഴിയില്ല. ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്.