ഒന്നാംഘട്ട മെഗാ ശുചീകരണം നടത്തി

To advertise here,

പേരാവൂർ : ടൗൺ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒന്നാംഘട്ട മെഗാ ശുചീകരണം നടത്തി. ഭരണസമിതി അംഗങ്ങൾ, വ്യാപാരികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ചുമട്ടുതൊഴിലാളികൾ, ഹരിതകർമസേന, വിവിധ ക്ലബുകൾ, യുവജന സംഘടനകൾ, മോണിങ് ഫൈറ്റേഴ്‌സ് തുടങ്ങിയവർ മെഗാ ശുചീകരണത്തിൽ പങ്കാളികളായി.

ഒന്നാംഘട്ടത്തിൽ ടൗണും പരിസരവുമാണ് ശുചീകരിച്ചത്. വ്യാപാര സ്ഥാപനങ്ങൾക്ക് പിൻവശമടക്കം രണ്ടാം ഘട്ടത്തിൽ ശുചീകരിക്കും. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവയുടെ ഭക്ഷ്യോത്പന്ന നിർമ്മാണ കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ ആരോഗ്യവകുപ്പധികൃതർ ഇനിമുതൽ കർശന പരിശോധനകൾ നടത്തും.

പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അധ്യക്ഷയായി. വൈസ്.പ്രസിഡന്റ് കെ.എ. രജീഷ്, വ്യാപാരി നേതാക്കളായ കെ.കെ. രാമചന്ദ്രൻ, കെ.എം. ബഷീർ, അഷറഫ് ചെവിടിക്കുന്ന്, ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, ടൗൺ വാർഡ് മെമ്പർ കെ.പി. അബ്ദുൾ റഷീദ്, എം.എഫ്.എ. ഡയറക്ടർ എം.സി. കുട്ടിച്ചൻ, പി.വൈ.സി. പ്രസിഡന്റ് അനൂപ് നാരായണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ രാഘവൻ, ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നല്കി.

രണ്ടാംഘട്ട ശുചീകരണത്തിന്റെ ഭാഗമായി ടൗണിൽ ലഭ്യമായ സ്ഥലങ്ങളിൽചുമർ ചിത്രങ്ങൾ വരക്കും. സൗന്ദര്യവത്കരണത്തിനുള്ള സാമഗ്രികൾ സ്‌പോൺസർ ചെയ്യാൻ താത്പര്യമുള്ളവർ പഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അഭ്യർഥിച്ചു.