മയ്യഴി : ഫ്രാൻസിന്റെ വിജയകവാടമായ ആർക്ക് ദ് ത്രിയോംഫിന് മുന്നിൽ, ഫ്രാൻസിനുവേണ്ടി ജീവൻ ബലിയർപ്പിച്ച മയ്യഴിയുടെ വീരനായ മിച്ചിലോട്ട് മാധവന് അനുസ്മരണവും ആദരവും നൽകി. ഫ്രാൻസിലെ മയ്യഴി സ്വദേശികൾ പാരീസ് നഗരത്തിൽ ഒത്തുചേർന്നാണ് അനുസ്മരണം നടത്തിയത്. ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴിയിൽ നിന്ന് പാരീസിലേക്ക് ഉപരിപഠനത്തിന് പോയ മിച്ചിലോട്ട് മാധവൻ നാസികൾ വിനോദത്തിന് ഒത്തുകൂടിയ ഒരു തിയേറ്റർ ബോംബുവെച്ച് തകർത്തതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന മാധവനെ ഫ്രാൻസിലെ വലേറിയൻ കുന്നുകളുടെ ചെരിവിൽ നിരവധി തടവുകാരോടൊപ്പം വെടിവെച്ചു കൊല്ലുകയായിരുന്നു. മയ്യഴിയിലെ മിച്ചിലോട്ട് കുടുംബത്തിൽ മിച്ചിലോട്ട് മാധവന്റെയും പെരുന്തോടി മാതുവിന്റെയും മൂന്നാമത്തെ മകനായി 1914 ജൂലായ് ഏഴിനായിരുന്നു മാധവന്റെ ജനനം. മയ്യഴിയിൽ നിന്ന് ഉപരിപഠനത്തിനായി ആദ്യം പുതുച്ചേരിയിലേക്കും തുടർന്ന് ഫ്രാൻസിലേക്കും പോയി. പാരീസിൽ എത്തിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും താൻ വിദ്യാർഥിയായ സൊർബോൻ സർവകലാശാലയിലും പുറത്തും സജീവമായ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.

To advertise here,

ഫ്രാൻസിലെ ഓർലീൻസ് നഗരത്തിൽ നിന്നു എത്തിച്ചേർന്ന മാഹിയിലെ ചേനോട്ട് റെജിയുടെ ഭാര്യ ശോഭനയും മകൾ റോസിലിനും തങ്ങളുടെ പ്രിയപ്പെട്ട മുത്തച്ഛനെ അനുസ്മരിക്കാനും ആദരവ് നല്കാനും ഇവിടെ എത്തിയിരുന്നു. മയ്യഴിയിലെ ഫ്രഞ്ച് പൗരന്മാരുടെ സംഘടന യു ന്യോം ദ് ഫ്രാൻസേ ദ് മായേ മുൻ പ്രസിഡന്റ് അടിയേരി കനകരാജന്റെ നേതൃത്വത്തിലാണ് ആർക്ക് ദ് ത്രിയോംഫിന് മുന്നിൽ അനുസ്മരണ പരിപാടി നടന്നത്.