ഇരിട്ടി : പായം പഞ്ചായത്തിലെ അളപ്രയിൽ പ്രവർത്തിക്കുന്ന പന്നിഫാമിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ ദുർഗന്ധം വ്യാപിക്കുന്നതും മലിനജലം കിണറുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകിയെത്തുന്നതുമാണ് നാട്ടുകാരെ സമരത്തിലേക്ക് നയിച്ചത്. ഫാമിന് സമീപത്തെ വീട്ടിലെ കിണറിൽ മലിനജലം എത്തിയതോടെ കുടിവെള്ളം ഉപയോഗിക്കാനാകാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഒന്നര കിലോമീറ്ററോളം ചുറ്റളവിൽ ദുർഗന്ധം വ്യാപിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

To advertise here,

മൂന്ന് വർഷം മുമ്പാണ് പഞ്ചായത്ത് ഫാമിന് ലൈസൻസ് അനുവദിച്ചത്. ജനവാസം കുറഞ്ഞ പ്രദേശമായതിനാൽ ആദ്യം ചെറിയ പ്രതിഷേധം ഉയർന്നെങ്കിലും അധികൃതർ ഗൗനിച്ചില്ല.

ഫാമിന്റെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത്, മനുഷ്യാവകാശ കമ്മിഷൻ, മലിനീകരണ നിയന്ത്രണ വിഭാഗം എന്നിവിടങ്ങളിൽ നേരത്തെ പരാതിയും നൽകിയിരുന്നു. കുന്നിൻ പ്രദേശമായതിനാൽ നിരുറവയിലേക്ക് മാലിന്യം കലരുന്നതായുള്ള പരാതിയും ഉയർന്നു. പ്രദേശത്തെ യശോദ കടുമ്പേരി, രാധാ പട്ടുവത്ത്, മാധവി, ശശി, ആന്റണി, വി.കെ ബാബു എന്നീ കുടുംബങ്ങളാണ് ദുരിത്തതിലായത്. ഫാമിൽ നിന്നുള്ള ദുർഗന്ധം കാരണം ജനലുകളും വാതിലുകളും അടച്ച് വീട്ടിനുള്ളിൽ ഇരിക്കേണ്ട അവസ്ഥയാണ്.

ഫാമിലേക്ക് ഇന്ന് കർമസമിതി മാർച്ച്

ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന പന്നിഫാം പൂട്ടുക, ശുദ്ധവായുവും കുടിവെള്ളവും മലിനമാക്കി പ്രവർത്തിക്കുന്ന പന്നിഫാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക, ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ബുധനാഴ്ച കർമ്മസമിതിയുടെ നേതൃത്വത്തിൽ പന്നി ഫാമിലേക്ക് മാർച്ച് നടത്തും.

എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് ഫാം പ്രവർത്തിക്കുന്നതെന്നാണ് ഉടമയുടെ വാദം. ഹൈക്കോടതിയിൽ പോയാണ് ഫാമിന് ലൈസൻസ് നേടിയത്. നിബന്ധനകൾ എല്ലാം പാലിച്ച് പ്രവർത്തിക്കുന്നതിനാൽ പ്രതിഷേധം കണ്ട് ഫാം പൂട്ടില്ലെന്ന നിലപാടിലാണ് ഫാം ഉടമ.