ചാല : ദേശീയപാത 66-ൽ ചാലയിലെ റോഡരികിലെ അനധികൃത വാഹന പാർക്കിങ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ചാലയിലെ ആസ്പത്രികൾക്ക് സമീപത്താണ് ദീർഘദൂര സർവീസ് നടത്തുന്ന അന്തർസ്സംസ്ഥാന ചരക്കുലോറികൾ ഉൾപ്പെടെയുള്ള ഭാരമേറിയ വാഹനങ്ങൾ ദേശീയപാതയിൽ നിർത്തിയിടുന്നത്.
ആസ്പത്രി ആവശ്യങ്ങൾക്കായി നൂറുക്കണക്കിന് ആളുകളും രോഗികളുമായി എത്തുന്ന വാഹനങ്ങൾ എപ്പോഴും സഞ്ചരിക്കുന്ന തിരക്കേറിയ മേഖലയാണിത്. റോഡിന്റെ ഇരുവശത്തുമായി വലിയ ലോറികൾ നിരനിരയായി പാർക്ക് ചെയ്യുന്നത് കാരണം മറ്റു വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
വെളിച്ചമില്ലായ്മ പ്രധാന പ്രശ്നം
ദേശീയപാതയിൽ തെരുവിളക്കുകളൊന്നും ഇതുവരെയായി സ്ഥാപിച്ചിട്ടില്ല. വെളിച്ചത്തിന് വേറെ സംവിധാനങ്ങളുമില്ല. രാത്രിയിൽ റോഡ് പൂർണമായും ഇരുട്ടിലാണ്. അമിത വേഗത്തിൽ പാഞ്ഞെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക്, റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന കൂറ്റൻ ലോറികൾ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് കണ്ണിൽപ്പെടുന്നത്.
ഇത് പെട്ടെന്ന് ബ്രേക്ക് ചെയ്യാനോ വാഹനം വെട്ടിക്കാനോ കഴിയാതെ വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. ലോറികളുടെ പുറകിൽ റിഫ്ലക്ടറുകൾ പോലുമില്ലാതെ നിർത്തിയിടുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
വലിയ ദുരന്തം കാത്തിരിക്കുന്നു
രണ്ടുദിവസം മുമ്പ് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ ഇരുട്ടിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്ത് ഇടിച്ചുകയറി വലിയ അപകടമുണ്ടായിരുന്നു.
തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ഇതുകൂടാതെ, ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഈ ഭാഗത്ത് ദിവസേന ഉണ്ടാകുന്നു.
പകൽ പാർക്കിങ്ങിന് ഇളവ്
മേലെചൊവ്വയിൽ മേൽപ്പാത നിർമാണം നടക്കുന്നതിനാൽ 10 ചക്രം മുതലുള്ള ഹെവി ചരക്കുവാഹനങ്ങൾ, മൾട്ടി ആക്സിൽ ട്രക്കുകൾ, ട്രെയിലർ, സെമിട്രെയിലർ വാഹനങ്ങൾ എന്നിവയ്ക്ക് പാർക്കിങ്ങിന് ഇളവ് അനുവദിച്ചിട്ടുണ്ട്.
രാവിലെ എട്ടുമുതൽ 10 വരെയും വൈകിട്ട് നാലുമുതൽ രാത്രി ഏഴ് വരെയുമാണ് ഇളവ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമായി നിയന്ത്രിക്കുന്നതിനുമായാണ് ഇത്.
ഈ സമയത്ത് സാധാരണഗതാഗതത്തിന് തടസ്സമില്ലാത്തവിധത്തിൽ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി വാഹനങ്ങൾ സുരക്ഷിതമായി നിർത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ എടക്കാട് പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ സമയങ്ങളിൽ ഇത്തരം വാഹനങ്ങൾ ചാലയിൽ നിർത്തിയിടാറുണ്ട്.
Published: 10 Nov 2026, 04:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented