​മട്ടന്നൂർ : നിറയെ ചെടികളും പൂക്കളുമുള്ള നന്ദനം വീടിന്റെ മുറ്റവും സമീപത്തെ വീടുകളുമെല്ലാം ചൊവ്വാഴ്ച ഒരു പോലെ വിറങ്ങലിച്ചുനിന്നു. മുൻ അധ്യാപികയായ ജ്യോതിയും മകൻ നവീൻകൃഷ്ണയും കൊല്ലപ്പെട്ടത് ഇനിയുമുൾക്കൊള്ളാൻ ഈ ശാന്തമായ പ്രദേശത്തിനായിട്ടില്ല.

To advertise here,

രാവിലെ പുറത്തുപോയ ജയകൃഷ്ണൻ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിൽ വെട്ടേറ്റ് ചോരയിൽ കുളിച്ചുകിടക്കുന്ന ഭാര്യയെയും മകനെയും കണ്ടത്. അദ്ദേഹത്തിന്റെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് അയൽവാസികളും ഞെട്ടിക്കുന്ന സംഭവം അറിയുന്നത്. വീട്ടിലെ മുകൾനിലയിൽ കോണിപ്പടി കയറിച്ചെല്ലുന്ന ഭാഗത്തായിരുന്നു ഇരുവരും കിടന്നിരുന്നത്.

ഓടിയെത്തിയ ദാമോദര വാര്യരും നാരായണനും ഉൾപ്പെടെയുള്ള അയൽവാസികളാണ് വീട്ടിനകത്തേക്ക് കയറിയത്. അടുത്തടുത്തായി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് നാരായണൻ പറഞ്ഞു. ഇടയിലായി വീട്ടിലുപയോഗിക്കുന്ന സ്റ്റീൽ കത്തിയും ഉണ്ടായിരുന്നു. രണ്ടുപേരും ശരീരമാസകലം രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നവീൻകൃഷ്ണയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് മാംസഭാഗം പുറത്തേക്കുവന്ന നിലയിലായിരുന്നുവെന്ന് ആംബുലൻസിലേക്കെടുത്തുവെക്കാൻ സഹായിച്ച അയൽവാസി ഹരി പറഞ്ഞു. ജ്യോതിയുടെ ശരീരത്തിലും മുഖത്തുമെല്ലാം എവിടെയാണ് വെട്ടേറ്റതെന്ന് മനസ്സിലാവാത്ത വിധത്തിൽ രക്തമൊഴുകുകയായിരുന്നു.

രാവിലെ ഒൻപതുമണിയോടെ ചെറിയ നിലവിളിശബ്ദം കേട്ടിരുന്നതായി അയൽവാസിയായ ദാമോദരവാര്യർ പറഞ്ഞു. ശബ്ദംകേട്ട് അദ്ദേഹത്തിന്റെ ഭാര്യ ശ്യാമള പുറത്തൊക്കെ നോക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. ഒരു മണിക്കൂർ കഴിഞ്ഞാണ് ജയകൃഷ്ണൻ തിരിച്ചെത്തിയതും വീട്ടിനകത്ത് ഭാര്യയും മകനും ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടതും.

ജയകൃഷ്ണനും ഭാര്യ ജ്യോതിയും പരിസരവാസികളോടെല്ലൊം നിരന്തരം ഇടപെടാറുണ്ടെങ്കിലും മകൻ നവീൻകൃഷ്ണയ്ക്ക് വീടിനുപുറത്ത് ബന്ധങ്ങളൊന്നുമില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. നവീന്റെ സഹോദരൻ നവനീത് കുറച്ചുകാലമായി കൊച്ചിയിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുകയാണ്. പൊതുവേ ആരോടും അധികം സംസാരിക്കാത്ത നവീൻ വീട്ടിൽ ഒതുങ്ങിക്കഴിയുന്ന പ്രകൃതക്കാരനാണെന്നും അയൽവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ വാക് തർക്കമുണ്ടായതായി സൂചനയുണ്ട്. നവീൻ ഡിപ്രഷന് ചികിത്സ തേടുന്നതായും പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സ്ഥലത്തെത്തിയ വി.കെ. സനോജ് എം.എൽ.എ. ആവശ്യപ്പെട്ടു.