കടവത്തൂർ : തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂരിനെയും പാനൂർ നഗരസഭയിലെ പെരിങ്ങളം പുല്ലൂക്കരയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട കുരുന്താറ്റിൽ പാലം നിർമാണ പദ്ധതി ഉപേക്ഷിച്ചതെന്തിനെന്ന ചോദ്യത്തിന് കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. പാനൂർ നഗരസഭയിലെ കരിയാട്, കിടഞ്ഞി, പുളിയനമ്പ്രം, പെരിങ്ങത്തൂർ ഭാഗങ്ങളിൽനിന്ന് കടവത്തൂർ, ഇരഞ്ഞീൻകീഴിൽ മേഖലയിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. തൃപ്രങ്ങോട്ടൂരിലെ ഇരഞ്ഞീൻകീഴിലുൾപ്പെടെയുള്ള തെക്കൻ ഭാഗങ്ങളും പാനൂർ നഗരസഭയിലെ പുല്ലൂക്കര, പെരിങ്ങത്തൂർ മേഖലയും
ആധുനികവികസന വഴിയിലെത്താൻ ഈ പാലം സഹായകമാകും. പാലം വന്നാൽ മലബാറിലെ പ്രശസ്തമായ കുറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള യാത്രാദൂരവും കുറയും.
കടവത്തൂരിൽനിന്ന് എലിത്തോട് പാലം വഴി പെരിങ്ങത്തൂരിലേക്കുള്ള നിലവിലെ പൊതുമരാമത്ത് റോഡിൽ ഏതെങ്കിലും തരത്തിൽ തടസ്സമുണ്ടായാൽ ഗതാഗതത്തിന് മറ്റു മാർഗങ്ങളില്ലാത്ത അവസ്ഥയാണ്. പാലത്തായി വഴിയോ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂർ വഴിയോ കിലോമീറ്ററുകൾ ചുറ്റി മാത്രമേ ഇത്തരം തടസ്സങ്ങൾ മറികടക്കാൻ പകരംമാർഗമുള്ളൂ . ഇവിടെയാണ് കുരുന്താറ്റിൽ പാലത്തിന്റെ പ്രസക്തി.
മയ്യഴിപ്പുഴയുടെ കൈവഴിയായ എലിത്തോടിന് കുറുകെ കുരുന്താറ്റിൽ ഭാഗത്ത് പാലം നിർമിക്കാൻ വർഷങ്ങൾക്കു മുമ്പേ ജില്ലാ പഞ്ചായത്ത് നടപടി തുടങ്ങിയിരുന്നു.
നിർമാണസാമഗ്രികൾ ഇറക്കി പൈലിങ്ങും ആരംഭിച്ച് ഒരു താത്‌കാലിക ഷെഡും പണിതു. നിർമാണം തുടങ്ങിയെങ്കിലും പാതിവഴിയിൽ പദ്ധതി ഉപേക്ഷിച്ചു. പിന്നീട് ഷെഡും പൊളിച്ചുമാറ്റി. ഇറക്കിയ സാമഗ്രികൾ മുഴുവൻ തിരിച്ചെടുത്തു. അന്ന് പെരിങ്ങളം പഞ്ചായത്തിലായിരുന്ന പുല്ലൂക്കര പിന്നീട് പാനൂർ നഗരസഭയുടെ ഭാഗമായി. പിന്നീട് കുറേക്കാലം പാലം പദ്ധതിയെ അധികൃതരും മറന്നു. തുടർന്ന് നാട്ടുകാരുടെ നിരന്തര ആവശ്യം പരിഗണിച്ച്
വർഷങ്ങൾക്ക് മുമ്പ് പാലത്തിനും അനുബന്ധ റോഡുകൾക്കും മുൻ മന്ത്രി കെ.കെ. ശൈലജയുടെ ശ്രമഫലമായി 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 21 മീറ്റർ നീളവും 11.5 മീറ്റർ വീതിയുമുള്ള ഒറ്റത്തൂൺ പാലത്തിനായിരുന്നു നിർദേശം. പൊതുമരാമത്ത് അധികൃതരെത്തി സ്ഥലപരിശോധനയും സർവേയും ടത്തി. കല്ലറമടപ്പുര-കുരുന്താറ്റിൽ റോഡ് വികസനവും മക്കാഡം ടാറിങ്ങുമായിരുന്നു പദ്ധതി. സ്ഥലമെടുപ്പ് പ്രശ്നങ്ങളും
നിർദിഷ്ട ദേശീയ ജലപാതയുടെ സർവേയും പാലത്തിന്റെ തുടർപ്രവർത്തനങ്ങളെ ബാധിച്ചു. പദ്ധതി പ്രാവർത്തികമാക്കാൻ അന്ന് എം.എൽ.എ.യായിരുന്ന കെ.പി. മോഹനൻ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ച് പദ്ധതിയുടെ വിശദമായ അലൈൻമെൻറ് അവതരിപ്പിക്കുകയും ചെയ്തു.
റോഡ് വികസനത്തിന് 10 മീറ്ററെങ്കിലും വീതി വേണമെന്ന 'കിഫ്ബി' യുടെ നിർദേശം നാട്ടുകാരിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കി. പദ്ധതി നടപ്പാക്കുമ്പോൾ തൃപ്രങ്ങോട്ടൂരിലെയും പെരിങ്ങളത്തെയും 13 കുടുംബങ്ങളുടെ വീടുകളും ഭൂമിയും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെ നാട്ടുകാർ യോഗം ചേർന്നു. ഭൂമിയും വീടുകളും നഷ്ടപ്പെടുന്ന രീതിയിൽ പത്ത് മീറ്റർ വീതിയുള്ള റോഡ് പ്രായോഗികമല്ലെന്ന് വിലയിരുത്തുകയും നിർദിഷ്ട പദ്ധതി ഒഴിവാക്കുകയുമായിരുന്നു. പകരം നിലവിലെ റോഡ് ചെറിയ രീതിയിൽ വീതി കൂട്ടി വികസിപ്പിച്ച് പദ്ധതി നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചു. ഇതോടെ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി .
ആശ്രയം നടപ്പാലം
തൃപ്രങ്ങോട്ടൂരിലെ കടവത്തൂർ ഇരഞ്ഞീൻ കീഴിൽ നിന്നും പാനൂർ നഗരസഭയിലെ പുല്ലൂക്കര കല്ലറമടപ്പുര ബസ് സ്റ്റോപ്പിൽ നിന്നും കുരുന്താറ്റിൽ വരെ ടാർ ചെയ്ത റോഡുണ്ട്. ഇപ്പോൾ എലിത്തോടിന് കുറുകെ ഇവിടെ ഒരുനടപ്പാലമാണുള്ളത്. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടായി ഒറ്റപ്പെടുന്ന പ്രദേശം കൂടിയാണ് കുരുന്താറ്റിൽ ഭാഗം. കൈവരികളിലും മറ്റും നാട്ടുകാർ
ചെയ്യുന്ന ചെറിയ അറ്റകുറ്റപ്പണികകളാണ് ഇപ്പോഴുള്ള നടപ്പാലത്തെ അകപടമില്ലാതെ സംരക്ഷിച്ചുവരുന്നത്. ഇതുവഴിയാണ് രൂക്ഷമായ കരയിടിച്ചിലുള്ള എലിത്തോടിന് സംരക്ഷണഭിത്തിയൊരുക്കാനുള്ള അനുബന്ധ പ്രവർത്തനങ്ങളും ഇവിടെ നടത്താൻ കഴിയും.
കൂത്തുപറമ്പ് എം.എൽ.എ.യും പാനൂർ നഗരസഭയും തൃപ്രങ്ങോട്ടൂർ പഞ്ചായത്തും പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി ശക്തമായി ഇടപെടണമെന്ന ആവശ്യമാണ് ഇപ്പോൾ വീണ്ടും ഉയർന്നുവന്നിട്ടുള്ളത് .
പാലം നിർമാണം, അനുബന്ധ റോഡ് വികസനം, കരയിടിച്ചിൽ ഭീഷണിയുള്ള ഭാഗത്തെ സംരക്ഷണഭിത്തി എന്നിവയുമായി ബന്ധപ്പെട്ട് നാട്ടുകാരുടെയും ഭൂവുടമകളുടെയും യോഗം ശനിയാഴ്ച വൈകീട്ട് നാലിന് കല്ലറമടപ്പുര ഊട്ടുപുര ഹാളിൽ വിളിച്ചുചേർത്തിട്ടുണ്ടെന്ന് പാനൂർ നഗരസഭ 17-ാം വാർഡ് കൗൺസിലർ ഉമൈസ തിരുവമ്പാടി അറിയിച്ചു.
കടവത്തൂർ, മുണ്ടത്തോട്, ഇരഞ്ഞീൻ കീഴിൽ പ്രദേശങ്ങളുടെയും പുല്ലൂക്കര, പെരിങ്ങത്തൂർ ഉൾപ്പെടെയുള്ള പാനൂർ നഗരസഭാ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിനും മെച്ചപ്പെട്ട യാത്രാസൗകര്യത്തിനും വഴിയൊരുക്കുന്ന കുരുന്താറ്റിൽ പാലത്തിനായി ജനം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Published: 19 Sept 2026, 03:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented