ധർമടം : വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഗവ. ബ്രണ്ണൻ കോളേജിലും പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലും എസ്.എഫ്.ഐ. ആധിപത്യം. ഇരു കാമ്പസുകളിലും മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ. സ്ഥാനാർഥികൾ വിജയിച്ചു. രണ്ടിടങ്ങളിലുമായി വിവിധ സീറ്റുകളിൽ മത്സരിച്ച കെ.എസ്.യു, എം.എസ്.എഫ്., ഫ്രറ്റേണിറ്റി, എ.ഐ.എസ്.എഫ്. സംഘടനകളുടെ സ്ഥാനാർഥികളെ ഒരാളെ പോലും വിജയിപ്പിക്കാൻ നേതൃത്വത്തിന് ആയില്ല. ബ്രണ്ണൻ കോളേജിൽ ആകെയുള്ള 32 സീറ്റിൽ മുഴുവൻസീറ്റും എസ്.എഫ്.ഐ. നേടി. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുതന്നെ 23 സീറ്റുകളിൽ എസ്.എഫ്.ഐ. സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. ഒൻപത് മേജർ സീറ്റുകളിൽ അഞ്ച് എണ്ണത്തിലും 23 മൈനർ സീറ്റുകളിൽ 18 എണ്ണത്തിലുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള നാല് മേജർ സീറ്റുകളിലും അഞ്ച് മൈനർ സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
അമൽ ബാബു (ചെയ.), പി. ആരോമൽ (ജന. സെക്ര.), വി.പി. സോന (ജോ. സെക്ര.), ജി.ആർ. ഗൗരിനന്ദ (മാഗസിൻ എഡിറ്റർ), സി.കെ. നിരഞ്ജൻ (ജന. ക്യാപ്റ്റൻ) എന്നിവരാണ് മേജർ സീറ്റുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ സ്ഥാനാർഥികൾ. ആതിര രവീന്ദ്രൻ (വൈസ് ചെയ.), വി.എ. ദേവനന്ദ (ഫൈൻആർട്സ് സെക്ര.), എസ്. ആഷ്ലിയ (യു.യു.സി.), എൻ. മുരളി കൃഷ്ണൻ (യു.യു.സി.) എന്നിവർ തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചുവന്ന എസ്.എഫ്.ഐ. സ്ഥാനാർഥികളാണ്.
പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലും എസ്.എഫ്.ഐ. വിജയം ആവർത്തിച്ചു. ആകെയുള്ള ഒൻപത് മേജർ സീറ്റുകളിലും എസ്.എഫ്.ഐ. സ്ഥാനാർഥികൾ വിജയിച്ചു. എസ്.എഫ്.ഐ.യുടെ കുത്തകയായിരുന്ന പാലയാട് കാമ്പസിൽ ഇത്തവണ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി കെ.എസ്.യു. കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.
ഇരു സംഘടനകളും ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും കാംപെയ്‌നുകളും സംഘടിപ്പിച്ചു. പ്രകടനപത്രിക തയ്യാറാക്കി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകിയും കൊട്ടിക്കലാശം ഉൾപ്പെടെയുള്ള പ്രാചരണപ്രവർത്തനങ്ങൾ കളറാക്കിയും ഇരു സംഘടനകളും ഇഞ്ചോടിഞ്ച് പോരാടി. എങ്കിലും വിജയം എസ്.എഫ്.ഐ.യോടൊപ്പമായിരുന്നു. പാലയാട് കാമ്പസിൽ വിദ്യാർഥി യൂണിയൻ ചെയർപേഴ്സൺ ആയി കെ.പി. അഥർവ് തിരഞ്ഞെടുക്കപ്പെട്ടു. സാന്ദ്ര കൃഷ്ണ (വൈസ് ചെയ.), പി.പി. മുഹമ്മദ് റിദാൻ (ജന. സെക്ര.), ടി. ശ്രീസ സഹജൻ (ജോ. സെക്ര.), കെ.പി. നേഹ (ഫൈൻ ആർട്സ് സെക്ര.), വി.പി. ആര്യ രാജീവ് (മാഗസിൻ എഡിറ്റർ), എസ്. കൗഷിയ (ജന. ക്യാപ്റ്റൻ), സി. മുഹമ്മദ് ഷാനിദ് (യു.യു.സി.), എ. മുഹമ്മദ് ഫാസിൽ (യു.യു.സി.) എന്നിവരാണ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് എസ്.എഫ്.ഐ. സ്ഥാനാർഥികൾ.
Published: 19 Sept 2026, 03:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented