ഇരിട്ടി- എടക്കാനം-പഴശ്ശി പദ്ധതി റോഡിനോടുള്ള അവഗണന എന്ന് മാറും?

To advertise here,

ഇരിട്ടി : നാട് ആകെ മാറിയാലും ഇരിട്ടി-എടക്കാനം-പഴശ്ശി പദ്ധതി റോഡിന് ഒരുമാറ്റവും ഉണ്ടാവില്ല. മാറാനുള്ള ശ്രമവും ലക്ഷ്യം കാണുന്നില്ല. ഇരിട്ടിയിൽനിന്ന് പഴശ്ശി പദ്ധതിയിലേക്കുള്ള എളുപ്പവഴിയാണിത്. നിരവധി വാഹനങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് അന്നും ഇന്നും ഒരു മാറ്റവുമില്ല. റോഡ് വീതികൂട്ടി നവീകരിക്കണമെന്ന വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളുടെ ചെവിയിൽ മുഴങ്ങുമ്പോഴും ജനകീയാവശ്യം അവഗണിക്കപ്പെടുകയാണ്. രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാർ ഒറ്റക്കെട്ടായി ഈ അവശ്യത്തിനൊപ്പം നിൽക്കുമ്പോഴും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാനുള്ള ശ്രമം ഭരണനേതൃത്വങ്ങളിൽനിന്ന് ഉണ്ടാകുന്നില്ല. എടക്കാനം മഞ്ഞക്കാഞ്ഞിരം സങ്കേതംമുതൽ പഴശ്ശി പദ്ധതി പ്രദേശംവരെയുള്ള ഭാഗം പൂർണമായും തകർന്നു. റോഡിൽ ടാറിങ് ഉള്ള ഭാഗം അവശേഷിക്കുന്നില്ലെന്നുതന്നെ പറയാം. കല്ലുകൾ നിറഞ്ഞ് റോഡിലൂടെ കാൽനടയാത്രപോലും ദുഷ്കരമായിരിക്കുകയാണ്.

ഇരിട്ടി മേലേസ്റ്റാൻഡിലെ നേരംപോക്കിൽനിന്നാണ് റോഡിന്റെ തുടക്കം. ഇവിടം തന്നെ വീതികുറവ് മൂലം സദാസമയം ഗതാഗതസ്തംഭനമാണ്. ഈ ഭാഗം വീതികൂട്ടാനുള്ള ശ്രമം നഗരസഭയുടെ ഭാഗത്തുനിന്ന് തുടങ്ങിയെങ്കിലും ഇപ്പോൾ എല്ലാം കെട്ടടങ്ങിയ അവസ്ഥയിലാണ്. റോഡിന്റെ ഇരു വശങ്ങളിലെയും നിരവധി വ്യാപാരസ്ഥാപനങ്ങൾ പൊളിക്കേണ്ടിവരുമെന്നതാണ് പ്രധാന തടസ്സം.

നൂറുകണക്കിന് വാഹനങ്ങളും ആയിരത്തിലധികം യാത്രക്കാരുമുള്ള ഈ റൂട്ടിൽ സദാസമയം കുരുക്കാണ്. താലൂക്ക് ആസ്പത്രി, അഗ്നിരക്ഷാസേന ഓഫീസ്, ആർ.ടി.ഒ. ഓഫീസ്, ട്രഷറി തുടങ്ങിയ സർക്കാർ സ്ഥാപങ്ങൾ പ്രവർത്തിക്കുന്നത് നേരമ്പോക്ക് റോഡിലാണ്. വീതി കുറഞ്ഞ റോഡിൽ നേരമ്പോക്ക് കവലമുതൽ ഇരിട്ടി ജോയിന്റ് ആർ.ടി. ഓഫീസ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃതമായി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ ഇവിടത്തെ തിരക്ക് പതിൻമടങ്ങ് വർധിക്കുന്നു. ഒരേസമയം രണ്ട് ചെറിയ വാഹനങ്ങൾ പോലും കടന്നുപോകാൻ ബുദ്ധിമുട്ടുന്ന റോഡിലാണ് ഇരുചക്രവാഹനങ്ങളുടെ അനധികൃത പാർക്കിങ്. ഇതുകാരണം കാൽനടയാത്രക്കാരും വാഹനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്.

താലൂക്ക് ആശുപത്രിയിലേക്കും ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കും യാത്രചെയ്യുന്നവർ ആശ്രയിക്കുന്ന റോഡിന്റെ ദുരവസ്ഥ വർഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്.

അടിയന്തര സാഹചര്യത്തിൽ പോലും അഗ്നി രക്ഷാസേനാ വാഹനങ്ങൾ നേരംപോക്കിലെ കുരുക്കിൽ പെടുന്നത് പതിവാണ്. ടൂറിസം സാധ്യത മുൻനിർത്തി നേരമ്പോക്ക് മുതൽ പഴശ്ശി ഡാം സൈറ്റ് വരെ ഇരുഭാഗവും വീതി കൂട്ടി ടാർ ചെയ്ത് നവീകരിക്കുന്നതിനായി ഇരിട്ടി നഗരസഭ ശ്രമം നടത്തിയിരുന്നു. റോഡ് വികസനത്തിനായി നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപവത്കരിച്ചിരുന്നു. സമിതിയുടെ നേതൃത്വത്തിൽ റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള വ്യാപാരികളുമായി സംസാരിച്ച് റോഡ് വീതികൂട്ടി പത്തു മീറ്റർ റോഡായി പൊതുമരാമത്ത് വകുപ്പിന് കൈമാറാനുള്ള ശ്രമം നടത്തിയിരുന്നു. ഒരു വിഭാഗം റോഡ് വികസനത്തിന് അനുകൂലമായിരുന്നെങ്കിൽ മറ്റൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചു.

തുടക്കത്തിലുള്ള ആവേശം പെട്ടെന്ന് തണുക്കുകയും പിന്നീട് റോഡ് വികസനം നിശ്ചലമാവുകയുമായിരുന്നു. നിലവിലെ റോഡിലെ കൈയേറ്റങ്ങളും അനധികൃത പാർക്കിങ്ങും ഒഴിവാക്കാനും കഴിയുന്നില്ല.

സമാന്തര റോഡെന്ന പരിഗണനയും ഇല്ല

:ഇരിട്ടി-മട്ടന്നൂർ, ഇരിട്ടി-തളിപ്പറമ്പ് റോഡുകളിൽ ഗതാഗതസ്തംഭനമോ മറ്റോ ഉണ്ടായാൽ സമാന്തര റോഡ് എന്ന നിലയിലും ഇരിട്ടി-എടക്കാനും-പഴശ്ശി പ്രോജക്ട് റോഡിനെ പ്രയോജനപ്പെടുത്താൻ കഴിയും. പഴശ്ശി പദ്ധതിയിൽനിന്ന് വെളിയമ്പ്ര കൊട്ടാരം വഴി മട്ടന്നൂരിലേക്ക് പ്രവേശിക്കാം. ഇതേ രീതിയിൽ ചെറിയ വാഹനങ്ങൾക്ക് പഴശ്ശി അണക്കെട്ടുവഴി കുയിലൂർ വളവ് വഴി ശ്രീകണ്ഠപുരം ഭാഗങ്ങളിലേക്കും പ്രവേശിക്കാം. കൂടാതെ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വള്ള്യാട് പാർക്കും അകംതുരുത്ത് ദ്വീപും എല്ലാം ഈ റോഡിന്റെ ഭാഗമാണ്. വർഷങ്ങൾക്ക് മുൻപ് പി.എം.ജി.സി. പദ്ധതിയിയിൽനിന്നാണ് റോഡ് ടാറിങ് നടത്തിയത്. വർഷങ്ങൾക്കുശേഷം നഗരസഭയും ജില്ലാപഞ്ചായത്തും ചേർന്ന് റോഡിന്റെ ഉപരിതല നവീകരണം നടത്തിയിരുന്നു. ഇതും തകർന്നുകൊണ്ടിരിക്കുകയാണ്. റോഡിന്റെ കയറ്റവും ഇറക്കവും കുറച്ച് വീതികൂട്ടി നവീകരിച്ചാൽ മേഖലയിലെ ടൂറിസം സാധ്യതകൾക്കും മൊത്തത്തിലുള്ള വികസനത്തിനും വഴിവെക്കും.