ചാല : ചാല-കോയ്യോട് റോഡ് കവലയിൽ വ്യാപാരാവശ്യങ്ങൾക്ക് റോഡ് കൈയേറുന്നതായി പരാതി. കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാനപാതയിൽനിന്ന് കോയ്യോട് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് റോഡ് കൈയേറി കച്ചവടം നടത്തുന്നത്. ഇതു കാരണം യാത്രക്കാരും വാഹനങ്ങളും വലിയ അപകടഭീഷണിയാണ് നേരിടുന്നത്.

To advertise here,

വീതികുറഞ്ഞ റോഡിലൂടെ ഒരു ബസ്സിന് കഷ്ടിച്ച് കടന്നുപോകാനുള്ള സൗകര്യം മാത്രമേയുള്ളൂ. ഇവിടെയാണ് വ്യാപാരികൾ റോഡിലേക്ക് പഴക്കൂടകളും മറ്റ് സാധനങ്ങളും നിരത്തിവെച്ച് കച്ചവടം നടത്തുന്നത്. വാഹനങ്ങൾ കടന്നുപോകുന്ന ടാർ റോഡിൽ നിന്നാണ് യാത്രക്കാർ സാധനങ്ങൾ വാങ്ങുന്നത്. നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന ഈ ഭാഗത്ത് ഇത് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നു.

​ടൂറിസ്റ്റ് ബസുകളും മറ്റ് വലിയ വാഹനങ്ങളും കോയ്യോട് റോഡിലേക്ക് പ്രവേശിക്കുമ്പോൾ, കടകളുടെ പരസ്യബോർഡുകളിൽ തട്ടുന്ന സാഹചര്യവുമുണ്ട്. വളരെ പ്രയാസപ്പെട്ടാണ് വലിയ വാഹനങ്ങൾ ഈ റോഡിലേക്ക് തിരിയുന്നത്. ചെമ്പിലോട് പഞ്ചായത്ത് പരിധിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റോഡ് കയ്യേറ്റം അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.