കേളകം : കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് റോഡ് തകർച്ചയ്ക്ക് കാരണമാകുന്നു.
കേളകം-അടയ്ക്കാത്തോട് റോഡാണ് തകരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മെക്കാഡം ടാറിങ് നടത്തിയ റോഡാണ് പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയത്.
വലിയ കുഴികൾ രൂപപ്പെട്ട് തീർത്തും ഗതാഗതയോഗ്യമല്ലാതായിരുന്ന റോഡ് 2024 ഏപ്രിലിലായിരുന്നു മെക്കാഡം ടാറിങ് നടത്തിയത്. കേളകം ടൗണിൽ നിന്ന് ഇരുട്ടുമുക്ക് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തിലായിരുന്നു ടാറിങ് ചെയ്തത്. റോഡിന്റെ അടിയിലൂടെ പോകുന്ന കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയതോടെ റോഡിന്റെ തകർച്ചയും തുടങ്ങി.
രണ്ട് കിലോമീറ്റർ നീളമുള്ള റോഡിന്റെ പല ഭാഗത്താണ് പൈപ്പ് പൊട്ടൽ കാരണം ടാറിങ് പൊളിഞ്ഞുപോയിരിക്കുന്നത്.
പൈപ്പ് പൊട്ടിയ ചില ഭാഗത്ത് ജല അതോറിറ്റി അറ്റകുറ്റപ്പണികൾ നടത്തുകയും കുഴികൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചില ഭാഗത്ത് പൈപ്പിന്റെ തകരാർ പരിഹരിച്ചിട്ടും കുഴികൾ ശാസ്ത്രീയമായി മൂടിയിട്ടില്ല. മറ്റിടങ്ങളിൽ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയോ തകർന്ന റോഡ് പൂർവസ്ഥിതിയിലാക്കുകയോ ചെയ്തില്ല. ഇതുകാരണം റോഡ് വലിയ തകർച്ചയിലേക്കാണ് നീങ്ങുന്നത്.
പൈപ്പ് പൊട്ടിയിടങ്ങളിലെ തകരാർ പരിഹരിക്കാത്തതിനാൽ ലിറ്റർ കണക്കിന് വെള്ളം പാഴാവുകയാണ്. നിരവധി കുടുംബങ്ങൾക്ക് ഉപകാരപ്രദമാകേണ്ട വെള്ളമാണ് അധികൃതരുടെ അനാസ്ഥ കാരണംഒഴുകിപ്പോകുന്നത്.
മലയോര മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട പാതയാണ് കേളകം-അടയ്ക്കാത്തോട് റോഡ്. കേളകം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പോകുന്നതിനും
അടയ്ക്കാത്തോട്, ശാന്തിഗിരി, പാറത്തോട്, ചെട്ടിയാംപറമ്പ്, ഇല്ലിമുക്ക് ഭാഗങ്ങളിലുള്ളവർ കേളകം ടൗണിൽ എത്തുന്നതിനും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.
ദിവസവും നിരവധി വാഹനങ്ങളാണ് കേളകം - അടയ്ക്കാത്തോട് റോഡ് വഴി കടന്നു പോകുന്നത്. റോഡ് കൂടുതൽ തകർച്ചയിലേക്ക് എത്തുന്നതിനു മുമ്പായി കുടിവെള്ള പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തണമെന്നും തകർന്ന റോഡ് ടാർ ചെയ്ത് പൂർവസ്ഥിതിയിൽ ആക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
Published: 19 Oct 2026, 02:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented