തളിപ്പറമ്പ് : കാൽനടയാത്രപോലും ബുദ്ധിമുട്ടിലാകുംവിധം തകർന്നിരിക്കുകയാണ് ചുടല-ഓണപ്പറമ്പ് റോഡ്. കല്ലുകൾ ഇളകിത്തെറിച്ചും വാഹനയാത്രക്കാർ കുഴികളിൽ വീണും ഈ വഴിയിൽ അപകടം പതിവായിട്ടുണ്ട്. ഏഴോം പഞ്ചായത്തിന്റെ ഭാഗമായുള്ള വാർഡിലാണ് ഈ റോഡ്. സ്കൂൾ ബസ് ഉൾപ്പെടെ ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്.

To advertise here,

ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. വീഴ്ചയിൽ സാരമായി പരിക്കേറ്റവരുമുണ്ട്. ഇവിടെ റോഡിൽ കുഴിയാവാത്ത ഒരിടം ബാക്കിയില്ലെന്നുതന്നെപറയാം. ഏച്ചിൽമൊട്ട കള്ളുഷാപ്പ് മുതൽ ചുടലഭാഗംവരെയാണ് റോഡ് തകർന്നത്. ദേശീയപാത ചുടലയിൽനിന്ന് ഓണപ്പറമ്പിലേക്കുള്ള എളുപ്പവഴികൂടിയാണിത്. റോഡിൽ തെരുവുവിളക്കുകളുണ്ടെങ്കിലും മുഴുവനും കത്താറില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിലെ വെളിച്ചക്കുറവും കുഴികളുമാണ് രാത്രിയാത്ര ദുഃസ്സഹമാക്കുന്നത്.

10 വർഷം മുൻപാണ് ഇൗ റോഡ്‌ ടാർചെയ്തത്. പൊതുമരാമത്ത് വകുപ്പ് ഫണ്ടുപയോഗിച്ചാണിത് ചെയ്തത്. പഞ്ചായത്ത് ഫണ്ടിൽ കൃതമായി അറ്റകുറ്റപ്പണിയെങ്കിലും നടത്തിയിരുന്നെങ്കിൽ യാത്രക്കാർ വീണ് പരിക്കേൽക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.