ചെറുകുന്ന് : ചെറുകുന്ന് പഞ്ചായത്തിലെ മുട്ടിൽ അണക്കെട്ടിന്റെ സ്ലാബുകൾ തകർന്നുവീണു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അണക്കെട്ടിന്റെ വലിയൊരു ഭാഗം തകർന്ന് പുഴയിലേക്ക് പതിച്ചത്. അപകടസമയത്ത് മത്സ്യത്തൊഴിലാളികളോ നാട്ടുകാരോ സമീപത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ അണക്കെട്ട് തകർന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ചെറുകുന്ന് ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി ആറു പതിറ്റാണ്ട് മുമ്പാണ് മുട്ടിൽ അണക്കെട്ട് നിർമിച്ചത്. കാലക്രമേണ അണക്കെട്ടിന്റെ കമ്പികൾ തുരുമ്പെടുത്ത് സ്ലാബുകൾ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. ഇതിനിടെയാണ് അണക്കെട്ടിന്റെ വലിയൊരു ഭാഗം തകർന്ന് പുഴയിലേക്ക് പതിച്ചത്.
സാധാരണയായി രാത്രികാലങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഇവിടെ ഉണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായ മഴയുണ്ടായിരുന്നതിനാൽ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. ഇതാണ് വലിയൊരു അപകടം ഒഴിവാകാൻ കാരണമായത്.
മുട്ടിൽ പ്രദേശവാസികൾ പ്രധാനമായും ആശ്രയിക്കുന്ന സഞ്ചാരപാത കൂടിയാണ് അണക്കെട്ടിന് മുകളിലൂടെയുള്ള ഭാഗം. വിദ്യാർഥികളുൾപ്പെടെ നിരവധി പേർ ദിവസേന ഇതുവഴി കടന്നുപോകുന്നുണ്ട്. അണക്കെട്ടിന്റെ സ്ലാബുകൾ തകർന്നതോടെ ഇതുവഴിയുള്ള യാത്രയും ജനങ്ങളുടെ സുരക്ഷയും ആശങ്കയിലായിരിക്കുകയാണ്.
വർഷങ്ങളോളം പ്രദേശത്തെ ശുദ്ധജല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അണക്കെട്ടിന്റെ പരിപാലനം. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയ്ക്കാണ് മത്സ്യബന്ധനത്തിനായി അണക്കെട്ട് ലേലം ചെയ്തിരുന്നത്. എന്നാൽ ഏതാനും വർഷങ്ങളായി ചെറുകുന്ന് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ലേലനടപടികൾ നടത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
അണക്കെട്ട് പുനർനിർമിക്കുന്നതിനായി വിവിധ കാലങ്ങളിൽ പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും പ്രവൃത്തി പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സിൽക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കരാർ ഏറ്റെടുത്തെങ്കിലും നിർമാണപ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ചുപോകുന്ന സ്ഥിതിയുണ്ടായെന്നും അവർ പറയുന്നു.
അണക്കെട്ട് പുനർനിർമിക്കുന്നതിലെ കാലതാമസം പ്രദേശത്തെ കർഷകരെയും ബാധിക്കുന്നുണ്ട്. ഉപ്പുവെള്ളം കയറുന്നതിനാൽ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി തരിശായി കിടക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പുതിയ അണക്കെട്ട് നിർമിച്ചാൽ കൃഷിക്കും പ്രദേശവാസികൾക്കും ഒരുപോലെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
അണക്കെട്ടിന്റെ തകർന്ന ഭാഗങ്ങളിൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും പാലം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ പുതിയ അണക്കെട്ട് എത്രയും വേഗം നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വർഷങ്ങളായി നീളുന്ന അവഗണന അവസാനിപ്പിച്ച് ജനങ്ങളുടെ സുരക്ഷയും കാർഷികമേഖലയുടെ സംരക്ഷണവും ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
Published: 18 Oct 2026, 04:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented