കരിവെള്ളൂർ : കല്ലൻചിറ തോടിനു കുറുകെയുണ്ടായിരുന്ന നടപ്പാലത്തിനു പകരം 12 വർഷം മുമ്പ് പുതിയ റോഡ് പാലം വന്നതോടെ പെരളം, കോട്ടക്കുന്ന്, കാങ്കോൽ നിവാസികൾ ഏറെ സന്തോഷിച്ചു. വർഷങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് ഉടൻ പരിഹാരമാകുമെന്നവർ സ്വപ്നം കണ്ടു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പാലത്തിന്റെ അനുബന്ധ റോഡ് പൂത്തിയാകാത്തതിനാൽ നാട്ടുകാരുടെ ദുരിതത്തിന് യാതൊരു പരിഹാരവുമായില്ല.

To advertise here,

കരിവെള്ളൂർ- പെരളം,, കാങ്കോൽ- ആലപ്പടമ്പ് പഞ്ചായത്തുകളെ യോജിപ്പിക്കുന്നതാണ് കോട്ടക്കുന്ന് കല്ലൻചിറ പാലം. 2015 ലാണ് തോടിന് കുറുകെ പാലം നിർമിച്ചത്. കരിവെള്ളൂർ- പെരളം പഞ്ചായത്തിന്റെ ഭാഗത്തുള്ള സ്ഥലത്ത് റോഡ് നിർമാണവും പൂർത്തിയായി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കാങ്കോൽ ആലപ്പടമ്പ് ഭാഗത്തെ അനുബന്ധ റോഡ് പൂർത്തിയായിട്ടില്ല.

ഈ ഭാഗത്ത് 150 ഓളം മീറ്റർ നീളത്തിൽ വയലിലുടെയാണ് റോഡ് നിർമിക്കേണ്ടത് . നിർമാണത്തിന് സ്ഥലമുടമകൾ മുഴുവൻ അനുമതി നൽകിയതുമാണ്. വയലിന്റെ മറുകര വരെ വർഷങ്ങൾക്ക് മുമ്പ് തന്നെ റോഡ് നിലവിലുണ്ട്.

നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് വയലിലൂടെയുള്ള റോഡിന് 2021-22 വർഷത്തെ എം.എൽ.എ.യുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. റോഡ് നിർമിച്ചെങ്കിലും പാലത്തിൻ്റെ 50 മീറ്റർ അകലെ റോഡ് അവസാനിച്ചു. റോഡ് നിർമാണം പൂർത്തിയായാൽ പെരളം,കോട്ടക്കുന്ന്, ഓണക്കുന്ന്, ഭാഗത്തുള്ളവർക്ക് കാങ്കോലിലും കിഴക്കൻ പ്രദേശങ്ങളിലുമെത്താൻ എളുപ്പ വഴിയാകും.

അതേപോലെ കാങ്കോലിൽ നിന്ന് കരിവെള്ളൂർ, ഓണക്കുന്ന് എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗം തുറന്നു കിട്ടും. കരിവെള്ളൂർ എ.വി. സ്മാരക സ്‌കൂളിലേക്കുള്ള വിദ്യാർഥികൾക്കും ഏറെ സഹായകരമാകും.. കല്ലൻചിറ തോടി​െന്റ വശങ്ങളിൽ 300 ഏക്കറോളം വയലുണ്ട്. ഭൂരിഭാഗവും കരിവെള്ളൂർ- പെരളം പഞ്ചായത്തിലുള്ളവരുടേതാണ്. റോഡ് നിലവിൽ വന്നാൽ കൊയ്തെടുത്ത കറ്റകൾ കൊണ്ടുപോകാനും വളം കൊണ്ടുവരാനും സഹായകരമാകും. ഇപ്പോൾ കാങ്കോൽ വഴി വളഞ്ഞാണ് ഇവ കൊണ്ടുപോകുന്നത്.

ഇനി 50 മീറ്റർ നീളത്തിൽ മാത്രമാണ് റോഡ് നിർമിക്കാനുള്ളത്. കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ ഒരു മാസം മുമ്പ് അവിടെ ഇട്ടിട്ടുണ്ട്.. മഴക്കാലത്ത് നല്ല ഒഴുക്കുള്ള സ്ഥലമായതുകൊണ്ട് ഇരുഭാഗവും ഉറപ്പിച്ചതും കലുങ്കോടുകൂടിയതുമായ റോഡാണ് നിർമിക്കേണ്ടത്.. 12 വർഷം മുമ്പ് നിർമിച്ച പാലം വൈക്കോലുണക്കാനാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പാലത്തിന്റെ കൈവരികൾ പൊട്ടി ത്തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ എം.എൽ.എ. യോ ഇടപെട്ട് അടിയന്തിരമായി റോഡ് നിർമാണം പൂർത്തിയാക്കണമെന്നാണ് ആവശ്യം.