തലശ്ശേരി : കണ്ടിക്കലിൽ അമ്മയും കുഞ്ഞും ആസ്പത്രി നിർമാണം നീളുന്നു. കഴിഞ്ഞ ഡിസംബറിൽ നിർമാണം പൂർത്തിയാക്കാൻ തീരുമാനിച്ചതാണ്. ഇപ്പോഴും നിർമാണം തുടരുകയാണ്. 100 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഏഴുനില കെട്ടിടമാണ് നിർമിക്കുന്നത്. കിഫ്ബി സഹായത്തോടെയുള്ള നിർമാണത്തിന് 68 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം നടന്ന വകുപ്പുതല യോഗത്തിലും എം.എൽ.എ. വിളിച്ച യോഗത്തിലും ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. നിർമാണ വേഗം കൂട്ടണമെന്ന ആവശ്യവുമുണ്ട്.

To advertise here,

നിർമാണം പൂർത്തിയായാൽ പ്രവർത്തനം തുടങ്ങാൻ ഫർണിച്ചറും ഉപകരണങ്ങളും വേണം. ഒൻപത് കോടി രൂപയാണ് ഉപകരണങ്ങൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ജീവനക്കാരെ നിയമിക്കുകയും വേണം. ഇക്കാര്യങ്ങൾ ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്. അമ്മയും കുഞ്ഞും ആസ്പത്രി തുടങ്ങുന്നതോടെ ജനറൽ ആസ്പത്രിയിൽനിന്ന് അമ്മയും കുഞ്ഞും വിഭാഗം ഇവിടുത്തേക്ക് മാറും. ഇതോടെ ജനറൽ ആസ്പത്രിയിലെ തിരക്ക് കുറയും.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കൈട്ടിടം നിർമിക്കുന്നത്. 2021-ൽ 53.66 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കിയത്. പിന്നീട് മതിപ്പുചെലവ് കൂടി 68.96 കോടി രൂപയായി. നിർമാണം ഡിസംബറിൽ പൂർത്തിയാക്കാൻ വകുപ്പുതല യോഗത്തിൽ തീരുമാനമായതായി സ്പെഷ്യൽ ഓഫീസർ ഡോ. സി.പി. ബിജോയ് പറഞ്ഞു.

തറക്കല്ലിട്ടിട്ട് അഞ്ചുവർഷം

:2021 ഫെബ്രുവരിയിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. പിന്നീട് നിർമാണത്തിന് അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടു. 14 പേരുടെ കൈവശമുള്ള 2.52 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുത്തു. 1.23 കോടി രൂപ ഇതിന് ചെലവായി. ജനകീയ കൂട്ടായ്മയിൽ സമാഹരിച്ച തുക ഉപയോഗിച്ചാണ് ഭൂമി വാങ്ങിയത്. ആസ്പത്രിക്ക് വേണ്ടി ജനകീയ കൂട്ടായ്മയിൽ 3.38 കോടി രൂപ സമാഹരിച്ചിരുന്നു.

ഭൂമിയേറ്റെടുത്ത ശേഷം ബാക്കിയുള്ള 2.27 കോടി രൂപ തലശ്ശേരി എസ്.ബി.ഐ.യിൽ നിക്ഷേപിച്ചിരിക്കുകയാണ്. അമ്മയും കുഞ്ഞും ആസ്പത്രിക്ക് സമീപത്തായി തലശ്ശേരി ജനറൽ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തീരുമാനിച്ചിരുന്നു. ഇതിന് 10 കോടിരൂപ അനുവദിച്ചു.

കണ്ടിക്കലിൽ നഗരസഭയുടെ കൈവശഭൂമിയിൽ ആസ്പത്രി നിർമിക്കാനായിരുന്നു തീരുമാനം. തലശ്ശേരി കോട്ടയുടെ സമീപത്തുള്ള ജനറൽ ആസ്പത്രിയിൽ വികസന പ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. പുരാവസ്തുവകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.