അപകടങ്ങൾ കുറയ്ക്കുക യെന്ന ഉദ്ദേശ്യത്തോടെ സുരക്ഷാ ഇടനാഴിയായി പ്രഖ്യാപിച്ച് 1.84 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയതാണ് പാപ്പിനിശ്ശേരി -പിലാത്തറ റോഡിൽ. 2021-ലാണ് റോഡിനെ സുരക്ഷാ ഇടനാഴിയിൽ ഉൾപ്പെടുത്തിയത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി പ്രത്യേക സുരക്ഷാമാനദണ്ഡങ്ങൾ നടപ്പാക്കുന്ന റോഡ് ഭാഗങ്ങളാണ് സുരക്ഷിത ഇടനാഴി. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തിയാണ് ഇങ്ങനെ ചെയ്യാറുള്ളത്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയാണ് നടപ്പാക്കുന്നത്.

To advertise here,

ഇതിന്റെ ഭാഗമായി അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവ കണ്ടെത്താൻ കൂടുതൽ പോലീസ് പട്രോളിങ്ങും ക്യാമറകളും ഏർപ്പെടുത്തും. ട്രാഫിക് നിയമലംഘനം നടത്തുന്നവരിൽനിന്ന് സാധരണയേക്കാൾ ഇരട്ടിത്തുക പിഴയായി ഈടാക്കും. ഈ സംവിധാനത്തിനായി 1.84 കോടിരൂപ ചെലവഴിച്ചതല്ലാതെ ഒരു ഫലവുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന അപകടപരമ്പരകളാണ് റോഡിൽ വർഷങ്ങളായി നടക്കുന്നത്.

വ്യക്തമായ അടയാള ബോർഡുകൾ, വെളിച്ചം, അടിയന്തര വൈദ്യസഹായം, അപകടമുണ്ടായാൽ ഉടൻ സഹായമെത്തിക്കാൻ ആംബുലൻസ്, ട്രോമാകെയർ സൗകര്യങ്ങൾ ഇങ്ങനെ നീളുന്നു സുരക്ഷാ ഇടനാഴിയായി പ്രഖ്യാപിച്ചാൽ വേണ്ട സൗകര്യങ്ങൾ. പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡിലൂടെ 21 കിലോമീറ്റർ സഞ്ചരിച്ചാലും അതെല്ലാം ഒരു കിനാവായി മാത്രമേ കാണാനാകൂ. സുരക്ഷാപദ്ധതി നടപ്പാക്കിയ റോഡിൽ അപകടങ്ങൾ പതിവാകുകയുംചെയ്തു.

ക്യാമറകൾ വന്നു, കണ്ണടച്ചു

36 നിരീക്ഷണ ക്യാമറകളാണ് 2021-ൽ സ്ഥാപിച്ചത്. കണ്ണപുരം പോലീസ് സ്റ്റേഷനിൽ കൺട്രോൾ റൂം ഒരുക്കി. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്, വേഗം എന്നിവ പകർത്തുന്ന ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (എ.എൻ.പി.ആർ.) ക്യാമറകളും റോഡിൽ ഇടംപിടിച്ചു. പിലാത്തറ ജങ്ഷൻ, പഴയങ്ങാടി പാലം, കണ്ണപുരം പോലീസ് സ്റ്റേഷൻ, പാപ്പിനിശ്ശേരി ജങ്ഷൻ, പുന്നച്ചേരി, ഹനുമാരമ്പലം ജങ്ഷൻ, എരിപുരം പോലീസ് സ്റ്റേഷൻ, യോഗശാല റോഡ്, പുതിയകാവ് എന്നിവിടങ്ങളിലാണ് എ.എൻ.പി.ആർ. ക്യാമറകൾ സ്ഥാപിച്ചത്. മറ്റിടങ്ങളിൽ റോഡിന്റെ എല്ലാ വശങ്ങളും പരിസരങ്ങളും പകർത്താൻ ശേഷിയുള്ള 26 പാൻ-ടിൽറ്റ്-സൂം (പി.ടി.എസ്.) ക്യാമറകളും നാല് ബുള്ളറ്റ് ക്യാമറകളും സ്ഥാപിച്ചതായാണ് കണക്ക്. ഇപ്പോൾ പാപ്പിനിശ്ശേരി -പിലാത്തറ റോഡ് കവലയ്ക്ക് സമീപത്തെ ഒരു ക്യാമറ മാത്രമാണ് പ്രവർത്തിക്കുന്നത്. ബാക്കിയെല്ലാം സ്ഥാപിച്ച ഉടൻ കണ്ണടച്ചു. ക്യാമറകളിലെ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിന് കണ്ണപുരം പോലീസ് സ്റ്റേഷനിൽ സംവിധാനം ഒരുക്കിയതല്ലാതെ ഒന്നും നടന്നില്ല.

കെ.എസ്.ടി.പി. റോഡിൽ ഒരുവർഷം നടന്ന അപകടങ്ങളെക്കുറിച്ച് വിശദമായ പഠനംനടത്തിയാണ് നാറ്റ്പാക് സമഗ്ര റോഡ് സുരക്ഷാപദ്ധതി തയ്യാറാക്കിയത്. കണ്ണൂർ കംപ്യൂട്ടർ കെയർ എന്ന ഏജൻസി മുഖേനയാണ് നടപ്പാക്കിയത്. പദ്ധതി നിരീക്ഷിക്കാൻ ഒരു സംവിധാനവും ഇപ്പോഴില്ല. നടപ്പാക്കിയതിനുശേഷം ഇതിന്റെ ഫലം എന്താണെന്ന് വിലയിരുത്താൻ ഒരു പഠനവും പിന്നീട് നടന്നിട്ടുമില്ല.

അനുദിനം തിരക്കേറുന്നു

തളിപ്പറമ്പ് റൂട്ട് ഒഴിവാക്കി ദേശീയപാതയിലെ ബഹുഭൂരിഭാഗം വാഹനങ്ങളും കെ.എസ്.ടി.പി. റോഡ് വഴി കടന്നുപോകാൻ തുടങ്ങിയതോടെ അനുദിനം തിരക്കേറുകയാണ്. മുഴുവൻ വാഹനങ്ങളെയും ഉൾക്കൊള്ളാൻ കഴിയാത്ത, വീതികുറഞ്ഞ റോഡിൽ കുരുക്കും അപകടവും പതിവായി. മതിയായ സുരക്ഷാസംവിധാനങ്ങളും സൂചനാബോർഡുകളും മിക്കയിടത്തുമില്ല.

റോഡ് നവീകരണം പൂർത്തിയായതോടെ ചെറിയ കവലകൾ ചെറുടൗണുകളായി മാറിയിട്ടുണ്ട്. ഇതോടെ തിരക്കുമേറി. ഇതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. രേഖപ്രകാരം 10 മീറ്ററാണ് റോഡിന്റെ വീതിയെങ്കിലും ഇത് 6.7 മീറ്റർ മുതൽ മുകളിലോട്ടാണ് പല സ്ഥലത്തുമുള്ളത്. എല്ലായിടത്തും ഒരേ വീതിയല്ല റോഡിനുള്ളത്. ശരാശരി വീതി ഏകദേശം 6.7 മീറ്റർ എന്നാണ് കെ.എസ്.ടി.പി. പദ്ധതിയുടെ രേഖയിലുള്ളത്. 10 മീറ്റർ കുറയ്ക്കാൻ കാരണമെന്താണെന്ന് കെ.എസ്.ടി.പി. അധികൃതർ വ്യക്തമാക്കേണ്ട കാര്യമാണ്.

പാപ്പിനിശ്ശേരി മേൽപ്പാലം കഴിഞ്ഞാൽ ഹാജി റോഡ് പരിസരം തിരക്കേറിയ മേഖലയാണ്. കവലയിൽനിന്ന് ഇല്ലിപ്പുറം ഭാഗത്തേക്കുള്ള റോഡും അപകടമേഖലയാണ്. കരിക്കൻകുളം, ഇരിണാവ് റോഡ് കവല, കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരം, ചെറുകുന്ന് തറ, പഴയങ്ങാടി, എരിപുരം, മണ്ടൂർ തുടങ്ങിയ സ്ഥലങ്ങളെല്ലാം തിരക്കേറിയ ഭാഗങ്ങളും അപകടമേഖലകളുമാണ്. റോഡിന്റെ പടിഞ്ഞാറുഭാഗത്തേക്ക് മാത്രം 45 ഇടറോഡുകളുണ്ട്. കിഴക്കുഭാഗത്തേക്ക് 22 റോഡുകൾ. പല റോഡുകളിലേക്കും കടക്കുമ്പോഴും കെ.എസ്.ടി.പി. റോഡിലേക്ക് കയറുമ്പോഴും നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്.

(തുടരും)