തളിപ്പറമ്പ് : കുറ്റ്യേരി വയലിലെ കാട്ടുപന്നിശല്യം കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. വയലുകളിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുകയാണ്. ഞണ്ടുകളെ തേടിയാണ് പന്നികൾ വയലുകളിലിറങ്ങുന്നത്. ഇവ വന്നുപോയാൽ കൃഷിയിടം മുഴുവൻ കുത്തിമറിച്ചിട്ട അവസ്ഥയിലാണ്. ഇത് കർഷകർക്ക് വലിയ നഷ്ടമാണ് വരുത്തുന്നത്. കാട്ടുപന്നികളെക്കൂടാതെ മുള്ളൻപന്നികളും കർഷകർക്ക് ഭീഷണിയാണ്. ഇപ്പോൾ വ്യാപകമായി മയിലുകളും വയലുകളിലെത്തി കൃഷി നശിപ്പിക്കാറുണ്ടെന്ന് കർഷകർ പറയുന്നു.
പരിയാരം പഞ്ചായത്തിന്റെ നെല്ലറയായാണ് കുറ്റ്യേരി വിശേഷിപ്പിക്കപ്പെടുന്നത്. 20 വർഷം മുൻപുവരെ 300 ഏക്കർ നെൽക്കൃഷി ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ കൃഷി 150 ഏക്കറോളമായി ചുരുങ്ങി. കുറ്റ്യേരിയിൽ മാത്രം 110 നെൽകർഷകരുണ്ട്. കാട്ടുമൃഗശല്യവും കാലാവസ്ഥാവ്യതിയാനവുമെല്ലാം കർഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കുറ്റ്യേരി വില്ലേജിൽ തലോറ, വെള്ളാവ്, കുറ്റ്യേരി, പനങ്ങാട്ടൂർ, ചെറിയൂർ, വട്ടക്കൂൽ തുടങ്ങിയ സ്ഥലങ്ങൾ പരമ്പരാഗതമായി നെൽക്കൃഷി നടത്തിവരുന്ന സ്ഥലങ്ങളാണ്. മഴയെ ആശ്രയിച്ചാണ് പൂർണമായും ഈ ഭാഗങ്ങളിലെല്ലാം നെൽക്കൃഷി. ഇത്തവണ വിത്തിട്ടസമയത്ത് മഴയുണ്ടാകാതിരുന്നതും കർഷകരെ ബാധിച്ചു. കുന്നിൻചെരുവുകളിലെ കാടുകളിൽനിന്നാണ് കാട്ടുപന്നികൾ വയലുകളിലെത്തുന്നത്. ഇവയെ പ്രതിരോധിക്കാൻ പഞ്ചായത്ത് മുൻകൈയെടുത്ത് നേരത്തെ ഷൂട്ടർമാരെ ഏർപ്പാടുചെയ്തിരുന്നെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല.
സഞ്ചാരികളെ ആകർഷിക്കുന്നു
: പുഴയോടുചേർന്ന് വയലുകൾനിറഞ്ഞതും കുന്നുകളുള്ളതുമായ പ്രദേശമായതിനാൽ കുറ്റ്യേരിവഴിയുള്ള യാത്രയിലെ കാഴ്ചകൾ മനോഹരമാണ്. ഈ ഭാഗങ്ങളിലെ കാഴ്ചകൾ അതുകൊണ്ടുതന്നെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. കുറ്റ്യേരി പാലം വന്നതും റോഡ് നവീകരിച്ചതും ഇതുവഴിയുള്ള യാത്രാസൗകര്യം വർധിപ്പിച്ചിട്ടുണ്ട്.
Published: 24 Sept 2026, 04:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented