മാലിന്യം നിറഞ്ഞ് സ്നേഹാലയം റോഡ്
കണ്ണൂർ : പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് പ്രഭാത് ജങ്‌ഷൻ ഭാഗത്തേക്ക് ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും എളുപ്പം പോകാവുന്ന സ്നേഹാലയം റോഡരികിൽ മാലിന്യം നിറഞ്ഞുകിടക്കുന്നു. ഗതാഗതക്കുരുക്കിൽപ്പെടാതെ ചെറുവാഹനങ്ങൾക്ക് വേഗം പോകാൻ സാധിക്കുന്ന വഴിയിൽ ദുർഗന്ധമാണ്.
താവക്കരയിൽനിന്ന് 200 മീറ്ററോളം മുന്നോട്ട് പോകുമ്പോഴാണ് മാലിന്യം കൂടിക്കിടക്കുന്നത്. റോഡിനോട് ചേർന്ന കന്റോൺമെന്റിന്റെ സ്ഥലത്തേക്ക് വലിച്ചെറിയുന്ന മാലിന്യം പലപ്പോഴും റോഡിലാണ് വീണുകിടക്കുന്നത്.
കന്റോൺമെന്റിനോട് ചേർന്ന സ്നേഹാലയം റോഡിരികിൽ ഭക്ഷണാവശിഷ്ടം, പ്ലാസ്റ്റിക് കവറുകൾ, മദ്യക്കുപ്പികൾ, ക്ലോസറ്റ്, വാഷ്ബേസിൻ, കാർബോർഡ് പെട്ടി തുടങ്ങിയവ തള്ളിയിട്ടുണ്ട്. വർഷങ്ങളായി ഇവിടെ മാലിന്യം വലിച്ചെറിയുന്നുണ്ടെന്നാണ് നാട്ടുകാർ പറഞ്ഞത്. രാത്രിയിലാണ് വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത്. ഐസ്‌ക്രീം പാർലറുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യമാണ് കൂടുതലായി കൊണ്ടിടുന്നത്.
തെരുവുനായകൾ ഇവ കടിച്ച് പരിസരത്തെ വീടുകളിൽ കൊണ്ടിടുന്നത് പതിവാണ്. ഡയപ്പറുകളുൾപ്പെടെ വീട്ടുമുറ്റത്തുനിന്ന് എടുത്തുകളയേണ്ട ഗതികേടുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മഴക്കാലത്ത് സ്ഥിതി കൂടുതൽ മോശമാകും. വെള്ളം കെട്ടിക്കിടക്കുന്നതോടെ റോഡിലാകെ മാലിന്യം നിറയും.
യാത്രക്കാർക്ക് റോഡിലൂടെ സഞ്ചരിക്കാനാകില്ലെന്ന് നാട്ടുകാരനായ ഷബിൻ പറഞ്ഞു. ഒപ്പം പരിസരത്തെ കനാലിലേക്കും വീടുകളിലേക്കും മാലിന്യം ഒഴുകിയെത്തും. മാലിന്യം നിറഞ്ഞ് കനാലിന്റെ ഒഴുക്ക് തടസ്സപ്പെട്ടതോടെ പ്രദേശത്തെ വീടുകളിൽ കഴിഞ്ഞവർഷം വെള്ളം കയറിയിരുന്നു.
25-ഓളം വീട്ടുകാർ ഉപയോഗിക്കുന്ന വഴിയാണിത്. പ്രദേശത്തുള്ളവർക്ക് താവക്കര ബസ് സ്റ്റാൻഡിലേക്ക് പോകാനുള്ള എളുപ്പവഴിയുമാണിത്.
പലയിടത്തും മാലിന്യം
:നഗരത്തിന്റെ പല ഭാഗത്തും മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. പുതിയ ബസ്‌സ്റ്റാൻഡിനോട് ചേർന്ന ചതുപ്പുകളിൽ പ്ലാസ്റ്റിക് കുപ്പികളടക്കം വലിച്ചെറിഞ്ഞിരിക്കുന്നു.
കന്റോൺമെന്റ് മേഖലയിൽ മാലിന്യപ്രശ്നം രൂക്ഷമാണ്. മാലിന്യം തള്ളുന്ന യാർഡിനോട് ചേർന്ന പ്രദേശത്തും മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. കന്റോൺമെന്റ് ഡംപ് യാർഡിൽ കന്നുകാലികൾ കയറി മാലിന്യം കഴിക്കുന്നതും പതിവാണ്.
Published: 24 Sept 2026, 04:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented