ഇരിട്ടി : വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും തലശ്ശേരി-മൈസൂരു അന്തസ്സംസ്ഥാനപാതയിൽ അപകടം പതിവാകുന്നു. കഴിഞ്ഞദിവസം ഇരിട്ടി-കൂട്ടുപുഴ റൂട്ടിൽ കല്ലുമുട്ടിയിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് യുവാവാവിന് പരിക്കേറ്റിരുന്നു. കോളിക്കടവ് സ്വദേശി ആദിഷിനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിൽ എത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ഇരുചക്രവാഹനത്തെ ഇടിച്ചുതെറിപ്പിക്കുക ആയിരുന്നു.

To advertise here,

കല്ലുമുട്ടിയിലെ കാർ സർവീസ് സ്റ്റേഷന് മുന്നിലെ വളവിൽ കാർ അപകടകരമായ രീതിയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. ഇടിയുടെ ആഘാതത്തിൽ ആദിഷ് റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന വാഹനം പെട്ടെന്ന് നിർത്തിയതിനാലാണ് ദുരന്തം ഒഴിവായത്.

വളവുകളിൽ അപകടകരമായി മറികടക്കൽ

ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അന്തസ്സംസ്ഥാനപാതയിലെ ഇരിട്ടി-കൂട്ടുപുഴ റീച്ചിലാണ് അപകടം പതിവായിരിക്കുന്നത്. വളവുകളിൽ ഉൾപ്പെടെ വാഹനങ്ങൾ പരസ്പരം മറി കടന്ന് കയറുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. രാത്രികളിലാണ് അപകടങ്ങൾ കൂടുതലും. മാസങ്ങൾക്ക് മുൻപ് ഇരിട്ടി-കൂട്ടുപുഴ റൂട്ടിൽ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചതിൽ ഇരുചക്ര യാത്രക്കാരനായ യുവാവും ഇതേ റോഡിൽ കുന്നോത്തുണ്ടായ അപകടത്തിൽ റോഡ് മുറിച്ചുകടന്ന വയോധികനും വാഹനം ഇടിച്ചു മരിച്ചിരുന്നു. മാടത്തിലും വഴിയാത്രക്കാരനെ വാഹനം ഇടിച്ച് മരിച്ചിരുന്നു.

കർണാടകയിൽനിന്ന്‌ പച്ചക്കറിയുമായി എത്തുന്ന വാഹനങ്ങൾ ലോഡ് ഇറക്കിയ ശേഷം തിരികെപോകുന്നത് അപകടകരമായ വേഗതയിലാണ്. അന്തസ്സംസ്ഥാനപാതയോട് ചേർന്ന് വിദ്യാലയങ്ങൾ ഉൾപ്പെടെ സ്ഥിചെയ്യുന്നുണ്ട്.

ഇവിടങ്ങളിൽ എല്ലാം ബാരിക്കേഡുകൾവെച്ച് വേഗത നിയന്ത്രിക്കുന്നുണ്ടെങ്കിലും ഒന്നും സ്ഥിരം സംവിധാനങ്ങൾ അല്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണം എന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.