പാർക്കിങ് സൗകര്യക്കുറവും ഇടുങ്ങിയ റോഡുകളും തടസ്സം
ചാലോട് : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള പ്രധാന ടൗണായ ചാലോട് വികസനത്തിന്റെ പുതിയ സാധ്യതകൾക്കൊപ്പം അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതികളും നേരിടുന്നു. വിമാനത്താവളത്തിന്റെ വരവോടെ പ്രാധാന്യമേറിയ വ്യാപാരകേന്ദ്രമായി മാറിയ ചാലോടിന് പാർക്കിങ് പ്രതിസന്ധിയും ഇടുങ്ങിയ റോഡുകളും വലിയ വെല്ലുവിളികളാണ്. വികസനപ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും വർധിച്ചുവരുന്ന വാഹനത്തിരക്കും ജനത്തിരക്കും കണക്കിലെടുത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
സ്ഥലപരിമിതിയാണ് ചാലോട് ടൗണിന്റെ വികസനത്തിന് പ്രധാന തടസ്സം. വീതികുറഞ്ഞ റോഡുകളും റോഡരികിലെ വാഹനപാർക്കിങ്ങും പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. റോഡ് വീതികൂട്ടാൻ ആവശ്യമായ സ്ഥലമില്ലാത്തതിനാൽ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കിയുള്ള വികസനവും പ്രായോഗികമല്ല.
ചാലോട് ടൗണിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ബസ്സ്റ്റാൻഡ്. ഇരിക്കൂർ, ഇരിട്ടി, കണ്ണൂർ, മട്ടന്നൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതിനാൽ തിരക്കേറിയ സമയങ്ങളിൽ വലിയ പ്രയാസമാണ് അനുഭവപ്പെടുന്നത്. കവലചുറ്റിയാണ് വിവിധ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ സ്റ്റാൻഡിലെത്തുന്നത്. ഓട്ടോ, ഗുഡ്സ് സ്റ്റാൻഡ് ബസ്സ്റ്റാൻഡിനുള്ളിലാണ് പ്രവർത്തിക്കുന്നത്. സ്റ്റാൻഡിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും കൂടുതൽ വീതിയുള്ള സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ആവശ്യം.
ബസുകൾ കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും പരിമിതമാണ്. വെയിലും മഴയുമേൽക്കാതെ നിൽക്കാൻ മതിയായ കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാൽ കടകളുടെ വരാന്തകളിലും നടപ്പാതയിലുമാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. നിലവിലുള്ള കാത്തിരിപ്പുകേന്ദ്രത്തിന് എതിർവശത്തായാണ് ബസുകൾ നിർത്തുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.
മട്ടന്നൂർ–കണ്ണൂർ, അഞ്ചരക്കണ്ടി–ഇരിക്കൂർ റോഡുകൾ സംഗമിക്കുന്ന നാൽക്കവലയാണ് ചാലോട് ടൗണിന്റെ ഹൃദയഭാഗം. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ടൗണിലെ വാഹനത്തിരക്കും വർധിച്ചു.
ടൗണിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സൗകര്യമില്ലാത്തതും വ്യാപാരമേഖലയെ ബാധിക്കുന്നുണ്ട്. കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് വാഹനം നിർത്താൻ ഇടംകണ്ടെത്തുക പ്രയാസമാണ്. കൃത്യമായ പാർക്കിങ് സംവിധാനം, ഗതാഗതനിയന്ത്രണം, റോഡ് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.
എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഒൻപത് കോടി രൂപ ചെലവിൽ ചാലോട് ടൗൺ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. നടപ്പാത നിർമാണം, കൈവരികൾ സ്ഥാപിക്കൽ, തെരുവുവിളക്കുകൾ സ്ഥാപിക്കൽ, റോഡ് ടാറിങ് തുടങ്ങിയ പ്രവർത്തനങ്ങൾ ടൗണിന്റെ മുഖച്ഛായ മാറ്റുന്നതിന് സഹായകമായി.
എന്നാൽ, വിമാനത്താവളത്തിന് സമീപമുള്ള പ്രധാന വ്യാപാരകേന്ദ്രമെന്നനിലയിൽ ചാലോടിന്റെ പ്രാധാന്യം വർധിക്കുന്നതിനനുസരിച്ച് വികസനവും മുന്നേറേണ്ടതുണ്ട്. റോഡ് വികസനം, ബസ് സ്റ്റാൻഡിന്റെ നവീകരണം, പാർക്കിങ് സൗകര്യം, യാത്രക്കാർക്കുള്ള കാത്തിരിപ്പുകേന്ദ്രങ്ങൾ, സുരക്ഷിതമായ കവല എന്നിവയ്ക്ക് മുൻഗണന നൽകേണ്ടതുണ്ട്. വിവിധ വികസനപദ്ധതികളെ ഏകോപിപ്പിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കാനായാൽ ചാലോടിന്റെ വളർച്ചയ്ക്ക് അത് ദിശാബോധം നൽകും.പാർക്കിങ് സൗകര്യക്കുറവും ഇടുങ്ങിയ റോഡുകളും തടസ്സം.
Published: 10 Nov 2026, 04:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented