പാപ്പിനിശ്ശേരിയിൽ അടിപ്പാതകൾ നിർമിച്ച് മൂന്നുവർഷം; തുടർ പ്രവൃത്തികളെല്ലാം സ്തംഭനത്തിൽ

To advertise here,

പാപ്പിനിശ്ശേരി : പുതിയ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ഭാഗത്ത് നിർമിച്ച അടിപ്പാതകളെ ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ പൂർണമായി സ്തംഭിച്ചിട്ട് വർഷങ്ങളായി. തുരുത്തിയിൽ 2023-ൽ തന്നെ അടിപ്പാത നിർമിച്ചിരുന്നു. പിന്നീട് പാറക്കൽ റോഡിലും രണ്ട് വർഷം മുൻപ് പഞ്ചായത്തിന് സമീപത്തെ അമലോദ്ഭവ ദേവാലയത്തിന് സമീപം വി.യു.പി.യും നിർമിച്ചു. എന്നാൽ ഈ നിർമാണങ്ങൾ പൂർത്തിയാക്കിയശേഷം തുടർപ്രവൃത്തികൾ ഒന്നും നടക്കുന്നില്ല.

പാപ്പിനിശ്ശേരി പഞ്ചായത്തിൽ ആദ്യമിറക്കിയ വിശദമായ പദ്ധതിരേഖയിൽതന്നെ തുരുത്തി റോഡിലും പാറക്കൽ റോഡിലും ഏഴ് മീറ്റർ വീതിയിലും നാല് മീറ്റർ ഉയരത്തിലും രണ്ട് അടിപ്പാതകൾക്ക് അനുമതി നൽകിയിരുന്നു. തുരുത്തി റോഡിൽ സ്വാഭാവികമായുള്ള അടിപ്പാതക്കാണ് അനുമതിയെങ്കിലും പാപ്പിനിശ്ശേരി പഞ്ചായത്ത്-പാറക്കൽ റോഡിൽ വലിയ സമ്മർദങ്ങൾക്കൊടുവിലാണ് അനുമതിയായത്.

പാപ്പിനിശ്ശേരി ചുങ്കം-തുരുത്തി റോഡിൽ മുണ്ടോകണ്ടി പാലത്തിന് സമീപമാണ് അടിപ്പാതക്ക് പദ്ധതിരേഖയിൽ അനുമതി നൽകിയത്. എന്നാൽ നിർമാണം നടത്തിയത് റോഡിൽനിന്ന് മാറി പ്രദേശവാസികൾ കടന്നുപോകുന്ന നടപ്പാതയിലാണ്. പാപ്പിനിശ്ശേരി-പാറക്കൽ റോഡിൽ നിർമിച്ച അടിപ്പാത ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഉചിതമായ സ്ഥലത്ത് തന്നെയാണ്. എന്നാൽ ഈ രണ്ട് അടിപ്പാതകളം പൂർത്തിയായി മൂന്ന് വർഷം കഴിഞ്ഞിട്ടും അനുബന്ധ പ്രവൃത്തികളൊന്നും ഇത്രയും വർഷമയിട്ടും നടന്നിട്ടില്ല. ഈ രണ്ട് അടിപ്പാതകളും വലിയ കോൺക്രീറ്റ് പെട്ടികളായി ഇപ്പോഴും ദേശീയപാത കടന്നുപോകുന്ന വഴിയിൽ നോക്കുകുത്തികളായി നിൽക്കുന്നു.

തുരുത്തിയിലെ അടിപ്പാതയിലേക്ക് റോഡ് സൗകര്യമില്ല

:ചുങ്കം-തുരുത്തി റോഡിൽ നിർമിച്ച അടിപ്പാത റോഡിൽനിന്ന് മാറി നടപ്പാതയിലാണ് നിർമിച്ചത്. നിർമാണ സമയത്ത് തന്നെ ഇത് സംബന്ധിച്ചുള്ള ആക്ഷേപം പ്രദേശവാസികൾ ഉയർത്തിയിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെയാണ് കരാർ കമ്പനി നിർമാണം നടത്തിയത്. ഈ അടിപ്പാതയിലേക്ക് ഇരുഭാഗത്തുനിന്നും നാട്ടുകാർക്ക് എത്തിച്ചേരണമെങ്കിൽ ഒരു മീറ്ററോളം വീതിയുള്ള നടപ്പാതയാണ് ഏക വഴി.

പദ്ധതി യാഥാർഥ്യമാകുന്നതോടെ അടിപ്പാതയിലേക്ക് റോഡ് സൗകര്യം വേണമെങ്കിൽ ജനവാസ മേഖലയിലെ പുരയിടങ്ങൾ അടക്കമുള്ള ഭാഗം ഏറ്റെടുക്കേണ്ടി വരും. അത് പുതിയ സാഹചര്യത്തിൽ വലിയ വെല്ലുവിളിയായിരിക്കും അധികൃതർക്ക്. ഈ അടിപ്പാതയുടെ ഇരുഭാഗത്തും സർവീസ് റോഡ് നിർമിക്കാൻ സ്ഥലമൊരുക്കിയെങ്കിലും ആ ഭാഗമെല്ലാം കാടുകയറിയ നിലയിലാണ്.

പാപ്പിനിശ്ശേരിയിൽ വയഡക്ട് വരുമോ

:ദേശീയപാത കടന്നുപോകുന്ന പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ പരിധിയിൽ നിലവിൽ ഒരു നിർമാണവും നടക്കുന്നില്ല. തുരുത്തി, പാറക്കൽ എന്നിവിടങ്ങിളിൽ അടിപ്പാതയും പഞ്ചായത്തിന് സമീപം പുതിയ പാതയും പഴയപാതയും ചേരുന്ന ഭാഗത്ത് 24 മീറ്റർ വീതിയിലും അഞ്ച് മീറ്റർ ഉയരത്തിലും നിർമിച്ച എല്ലാതരം വാഹനങ്ങൾക്കും കടന്നുപോകാൻ സൗകര്യമുള്ള വി.യു.പി. ആണ് ഉള്ളത്. ഇത് കൂടാതെ വേളാപുരത്ത് പറശ്ശിനിക്കടവ് റോഡുമായി ബന്ധപ്പെട്ട് അടിപ്പാതയ്ക്ക് അനുമതി ലഭിച്ചിരുന്നു.

എന്നാൽ അതിന്റെ അളവിന്റെ കാര്യത്തിൽ ആശങ്ക നാട്ടുകാർ ഉയർത്തിയതിനാൽ അവിടെ ഒരു നിർമാണവും ഇനിയും തുടങ്ങിയിട്ടില്ല. അതിനിടയിലാണ് പ്രദേശത്തെ മണ്ണുപരിശോധന റിപ്പോർട്ടിൽ ഉയരപ്പാത നിർമിതിയിലെ ആശങ്ക ഉയർന്നത്.

ഇതിന്റെ ഭാഗമായി വേളാപുരം മുതൽ വളപ്പട്ടണം പുഴക്ക് പുതിയ പാലം നിർമിക്കുന്ന ഇടം വരെ ഏതാണ്ട് ഒരുകിലോമീറ്റർ ഭാഗം വയഡക്ട് നിർമിക്കാനുള്ള സാധ്യതാ പരിശോധനയ്ക്ക് വിട്ടിട്ടുള്ളത്. ഈ സ്ഥലം പൂർണമായി തണ്ണീർത്തട മേഖലയുമാണ്. ഇനിയും ഇത് സംബന്ധിച്ചുള്ള ഒരു തീരുമാനവും പുറത്തുവന്നിട്ടില്ല.