പയ്യന്നൂർ : മിന്നുംസ്മാഷുകളുമായി ഷട്ടിൽകോർട്ടിലെ ആവേശമാണ് 60-കാരൻ എ. ചന്ദ്രമോഹനൻ. പയ്യന്നൂരിലെ ഒറ്റമുറിയിൽ റാക്കറ്റിന്റെ അറ്റകുറ്റപ്പണിക്കും അതേ ആവേശം. പൊട്ടിയ റാക്കറ്റ് ഒട്ടിക്കാനും കണ്ണിമുറുക്കാനും വരുന്നവർ ചില്ലറക്കാരല്ല. ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നുവരെ റാക്കറ്റുകൾ ചന്ദ്രനെ തേടിയെത്താറുണ്ട്‌. അത്ര വിശ്വാസ്യതയാണ് കാർബൺഷീറ്റ് ഒട്ടിച്ചുള്ള ചന്ദ്രന്റെ അറ്റകുറ്റപ്പണിക്ക്. 2,800 മുതൽ 22,000 രൂപവരെ വിലയുള്ള റാക്കറ്റുകൾ കടയിൽ അറ്റകുറ്റപ്പണിക്കുണ്ട്. ആന്ധ്രാപ്രദേശിലും ഗുജറാത്തിലും റിപ്പയറിങ് പഠിപ്പിക്കാനും ചന്ദ്രൻ പോകും.

To advertise here,

തളിപ്പറമ്പ് പൂക്കോത്ത് സ്വദേശിയായ ചന്ദ്രമോഹനൻ പയ്യന്നൂർ തെരുവിലാണ് താമസം. ചെറുപ്പത്തിൽ ഷട്ടിൽ കളി തുടങ്ങി. മരബാറ്റിൽനിന്ന് അലുമിനീയം കാർബൺറാക്കറ്റിലെത്തി. നിലവിൽ ഭൂരിഭാഗവും കാർബൺറാക്കറ്റുകളാണ് ഉപയോഗിക്കുന്നത്. ഇത് പൊട്ടിയാൽ അറ്റകുറ്റപ്പണി ചെയ്യാം. 21 വർഷം മുൻപ് റാക്കറ്റിലെ കണ്ണിമുറുക്കാൻ പരിശീലനം ലഭിച്ചു. പിന്നീട് കാർബൺഷീറ്റിൽ പൊട്ടിയ റാക്കറ്റ് ഒട്ടിക്കാനും പഠിച്ചു.

ഉറപ്പും ഭാരം കുറവുമാണ് കാർബണിന്റെ പ്രത്യേകത. കൈകൊണ്ടാണ് നൈലോൺ മിശ്രിത കണ്ണി ​െമടയുക. ഗട്ടിങ് മെഷീനിൽ മുറുക്കും.

പൊട്ടിയ റാക്കറ്റ് കാർബൺഷീറ്റിൽ ഉറപ്പിച്ച് ചൂടാക്കി ഒട്ടിക്കും. ചുരുങ്ങിയത് 12 മണിക്കൂർ വേണം. ഭാര്യ ടി.ടി. ആശയും സഹായത്തിനുണ്ട്. രാത്രി ഏഴുവരെ കടയിലുണ്ടാകും. പിന്നീട് പയ്യന്നൂരിലെ ഇൻഡോർ കോർട്ടിൽ ഷട്ടിൽ കളി. നിരവധി ടൂർണമെന്റിൽ വിജയിച്ച വെറ്ററൻ കളിക്കാരനാണ് ചന്ദ്രമോഹനൻ.