ശ്രീകണ്ഠപുരം : ഒരുരൂപ നിക്ഷേപിച്ച് കുടിവെള്ളം കുപ്പികളിലും ജാറുകളിലും നിറയ്ക്കാനായി ശ്രീകണ്ഠപുരം നഗരസഭ സ്ഥാപിച്ച വാട്ടർ എ.ടി.എമ്മുകൾ (എനി ടൈം വാട്ടർ മെഷിൻ) നോക്കുകുത്തികളാകുന്നു. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിലും ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപവുമാണ് വാട്ടർ എ.ടി.എം. സ്ഥാപിച്ചത്. നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം ചെലവിലായിരുന്നു നിർമാണം. സജീവ് ജോസഫ് എം.എൽ.എ.യാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ മൂന്നുമാസങ്ങൾക്ക് ശേഷം വാട്ടർ എ.ടി.എം. പ്രവർത്തനം നിലച്ചു.

To advertise here,

ആദ്യം ബസ് സ്റ്റാൻഡിലെ എ.ടി.എം.ആണ് തകരാറിലായത്. പിന്നീട് പലതവണകളായി ടെക്നിക്കൽ പ്രശ്നം പരിഹരിച്ചുവെങ്കിലും വീണ്ടും പഴയപടിയാകുകയായിരുന്നു. ബസ് സ്റ്റാൻഡിൽ ഓട നിർമാണത്തിന്റെ ഭാഗമായി ഇത് മാറ്റിസ്ഥാപിച്ചുവെങ്കിലും കുടിവെള്ളം ലഭ്യമായില്ല. ഇതിനിടെ രണ്ടാഴ്ച മുൻപ് വാഹനം ഇടിച്ച് എ.ടി.എം. തകർന്ന നിലയിലായി.

സ്കൂൾ പരിസരത്തെ വാട്ടർ എ.ടി.എം. ആദ്യകാലത്ത് വിദ്യാർഥികൾ ഉപയോഗിക്കാറുണ്ടായിരുന്നുവെങ്കിലും പിന്നീട് ക്ലോറിൻരുചിയെ തുടർന്ന് ഉപയോഗിക്കാതെയായി. എന്നാൽ ഈ പ്രശ്നം പരിഹരിച്ചിട്ടും ഇതിൽനിന്ന് വെള്ളം ആരും എടുക്കാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രവർത്തനക്ഷമമല്ലാത്ത എ.ടി.എം. സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യവുമുയരുന്നുണ്ട്.

ജപ്പാൻ കുടിവെള്ള പദ്ധതിയിലെ വെള്ളം ശുചീകരിച്ചാണ് എ.ടി.എം. കൗണ്ടറിലെ സംഭരണിയിൽ നിറച്ചിരുന്നത്. ശുദ്ധജലവും ചൂടുവെള്ളവും തണുത്ത വെള്ളവും എ.ടി.എം. വഴി ലഭിക്കുമായിരുന്നു.

നാണയങ്ങൾ ഇട്ട ശേഷം വെള്ളമെടുക്കാനുള്ള സംവിധാനമാണുള്ളത്. ശുദ്ധജലവും ചൂടുവെള്ളവും തണുത്ത വെള്ളവും വരാൻ പ്രത്യേക പൈപ്പുകളുണ്ട്. ക്യാമറയും ക്യു.ആർ. കോഡ് സംവിധാനവുമെല്ലാം ഒരുക്കിയിരുന്നു. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം കുപ്പികളിൽ നിറച്ചുകൊണ്ടുപോകാൻ കഴിയുമായിരുന്ന എ.ടി.എം. പ്രവർത്തിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.