ഇരിട്ടി: സർക്കാർരേഖയിൽ ഒരേക്കറിന്റെ അവകാശികളാണ് ആറളത്തെ നങ്ങയും രാജനും. പണിയവിഭാഗത്തിൽപ്പെട്ട ഇവർക്ക് ആറളം ഫാമിൽ ഒരേക്കർ ലഭിച്ചത് 20 വർഷം മുൻപാണ്. സ്വന്തം പേരിൽ ഭൂമിയുണ്ടായിട്ടും ഇവർ അന്തിയുറങ്ങുന്നത് ഓലക്കൂരയിലാണ്.

To advertise here,

ഫാം പത്താം ബ്ലോക്കിൽ ഇവർക്ക് ലഭിച്ച ഭൂമി കാടുകയറി വന്യമൃഗങ്ങളുടെ താവളമായി. നങ്ങയും രാജനും അവരുടെ ഏഴ് മക്കളും മരുമക്കളും പേരക്കുട്ടികളും അടക്കം 18 അംഗങ്ങളുള്ള കുടുംബം. ഓലയും പ്ലാസ്റ്റിക്‌ ഷീറ്റും കുത്തിമറച്ച അടുത്തടുത്ത രണ്ട് ഷെഡുകൾ.

പുനരധിവാസ മേഖല ഒൻപതാം ബ്ലോക്കിൽ വന്യമൃഗങ്ങൾ താവളമാക്കിയ ഭൂമിയിൽ കുടിലിനുള്ളിലെ ഇവരുടെ അന്തിയുറക്കം ജീവനും ജീവിതവും കൈയിൽപിടിച്ചാണ്. ഇവർക്ക് ലഭിച്ച വാസയോഗ്യമല്ലാത്ത ഭൂമി മാറ്റിക്കിട്ടാൻ ഇവർ കിട്ടിയ പട്ടയം തിരിച്ചുനൽകിയിട്ട് 15 വർഷമായി.

ഇപ്പോൾ കുടിൽ കെട്ടിത്താമസിക്കുന്ന ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിൽ ഭൂമി അനുവദിക്കാനുള്ള ഇവരുടെ അപേക്ഷ ഫയലിൽ ഉറങ്ങുകയാണ്. ഇത് നങ്ങയുടെയും രാജന്റെയും രോദനം മാത്രമല്ല. ഇത്തരത്തിൽ 115-ഓളം അപേക്ഷകളാണ് ആറളം ഫാമിൽ മാത്രം സർക്കാറിന്റെ ഫയലിലുറങ്ങുന്നത്.

ആറളത്തെ ചന്ദ്രൻ-ശാന്ത ദമ്പതിമാർക്കും കിട്ടി ഒരേക്കർ. വർഷം 15 കഴിഞ്ഞപ്പോൾ മക്കളും മരുമക്കളും പേരക്കുട്ടികളുമായി 17 പേർ അടങ്ങിയ കുടുംബം. രണ്ടുമുറി വീട്ടിൽ തിങ്ങിനിറഞ്ഞുള്ള വാസം. ഉപകുടുംബങ്ങൾക്ക് ഭൂമി ലഭിക്കാൻ നടപടികൾ വൈകുന്നതോടെ ഇവരുടെ ജീവിതവും നരകതുല്യമായി.

ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് ജില്ലയിലെ ആദിവാസി ഊരുകളിൽ ജീവിതം തള്ളിനീക്കുന്നത്. ആദിവാസികളെ സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ പദ്ധതികളും പ്രവർത്തനങ്ങളും ഏറെയുണ്ടെങ്കിലും നടപ്പാക്കിയ പദ്ധതികൾ കൊണ്ടൊന്നും ഇവരുടെ ജീവനും ജീവിതവും മാറ്റിയെടുക്കാൻ കഴിയുന്നില്ല.

പ്രഖ്യാപിക്കുന്ന പദ്ധതികളുടെ അർഥം വലുതാണെങ്കിലും അത് യാഥാർഥ്യത്തിലേക്ക് എത്തുമ്പോൾ പല കൈകളിലൂടെ ചോർന്നുപോകുകയാണ്.

കുടിയൊഴിഞ്ഞു വയനാട്ടിൽനിന്നുള്ള കുടുംബങ്ങൾ

: ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്കെല്ലാം ഒരേക്കർ നൽകാനാണ് കേന്ദ്രസർക്കാറിന്റെ ഉടമസ്ഥതയിലുള്ള 7000 ഏക്കർ ആറളം ഫാം ആദിവാസി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനസർക്കാർ വിലയ്ക്ക് വാങ്ങിയത്. അഞ്ചു ഘട്ടങ്ങളിലായി ജില്ലയിലെ കുടുംബങ്ങൾക്ക് 2500 ഏക്കറോളം ഭൂമി നൽകിയ ശേഷം വയനാട്ടിൽനിന്നുള്ള 425 കുടുംബങ്ങൾക്കും ഫാമിൽ ഭൂമി നൽകി. ജില്ലയിൽ ഭൂമി ലഭിച്ച കുടുംബങ്ങളിൽ 1500-ൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ ഫാമിൽ വീടുവെച്ച് താമസിക്കുന്നത്‌.

ഇതോടൊപ്പം വയനാട്ടിൽനിന്നുള്ള 400-ഓളം കുടുംബങ്ങളും ആറളം ഫാം വിട്ടു. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും കുടിവെള്ളപ്രശ്നവും കാട്ടാനശല്യവുമാണ് ഫാമിനെ കൈവിടാനുള്ള പ്രധാന കാരണം. ഈ പ്രശ്നം ഇനിയും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

ചോർന്നൊലിക്കുന്ന വീടുകൾ

: ആദിവാസികൾക്ക് സർക്കാർ നിർമിച്ചുനല്കുന്ന വീടുകളുടെ ഗുണമേന്മ പരിശോധിക്കപ്പെടുന്നില്ല. സർക്കാർ ഏജൻസികളും വ്യക്തികളും നിർമിച്ച വീടുകളുടെ അവസ്ഥയ്ക്ക് ഒരുമാറ്റവും ഉണ്ടായിട്ടില്ല. ആറളം പുനരധിവാസ മേഖലയിൽ മാത്രം ഇത്തരത്തിൽ 350-ൽ വീടുകൾ കുടുംബങ്ങൾ കൈയൊഴിഞ്ഞു. പലരും വിറകുപുരയായും ആടുമാടുകളെ കെട്ടുന്ന ഇടമായും വീടുകളെ മാറ്റി. നാലുലക്ഷം രൂപയ്ക്ക് നിർമിച്ച വീടുകളാണ് ഇത്തരത്തിൽ ചോർന്നൊലിക്കുന്നത്. നിർമിതി നിർമിച്ച വീടുകളുടെ ശോച്യാവസ്ഥയ്ക്കെതിരേ അന്വേഷണം നടത്തിയെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല.

ചെറിയ രണ്ട് കിടപ്പുമുറികളും അടുക്കളയും മാത്രമുള്ള വീടുകളാണ് ചോർന്നൊലിക്കുന്നത്. വ്യക്തികൾ കരാർവെച്ച് നിർമിക്കുന്ന വീടുകളും ഇതേ അവസ്ഥയിലാണ്. ഗുണമേന്മ പരിശോധിക്കാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല.

70 ശതമാനവും പണിയ വിഭാഗക്കാർ

:സംസ്ഥാനത്തെ നാലരലക്ഷത്തോളം ആദിവാസി ജനവിഭാഗങ്ങളിൽ ഒരുലക്ഷത്തിലധികം പേർ പണിയ വിഭാഗങ്ങളിൽപ്പെട്ടവരാണ്. ജില്ലയിൽ ഇത് 70 ശതമാനത്തിലധികം വരും. ജില്ലയിലെ 15-ലധികം ആദിവാസി ഊരുകളിലും ഇവരുടെ പിന്നാക്കാവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല.

ആറളം, അയ്യൻകുന്ന്, പേരാവൂർ, കൊളക്കാട്, ഇരിട്ടി മേഖലകളിലെ ഊരുകളിലാണ് ഇവർ കൂടുതലായുമുള്ളത്. കരിമ്പാലൻ, കുറിച്യർ, മാവിലാൻ, മലവേട്ടുവൻ വിഭാഗങ്ങളിലുള്ളവരും തളിപ്പറമ്പ്, ആലക്കോട്, കോളയാട് മേഖലകളിലും ഏറെയുണ്ട്. ഇതിൽ പണിയവിഭാഗം അടിമത്ത ജിവിതത്തിൽനിന്ന് ഇനിയും മോചിതരായിട്ടില്ല. ഭൂമിയില്ലെന്ന് മാത്രമല്ല, വിദ്യാഭ്യാസ-സാമൂഹികരംഗങ്ങളിൽ ഇവർ ഇന്നും ബഹുദൂരം പിന്നിലാണ്.