ടൂറിസ്റ്റ് ഹോമിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി
ഇരിട്ടി : ഇരിട്ടി പാലത്തിന് സമീപത്തെ പി.വി.എം. ടൂറിസ്റ്റ് ഹോമിൽനിന്ന് പുഴയിലേക്ക് മാലിന്യം തള്ളിയെന്ന പരാതിയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. ടൂറിസ്റ്റ് ഹോമിലും പരിസരത്തും നടത്തിയ പരിശോധനയിൽ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ അഭാവവും വൃത്തിഹീനമായ സാഹചര്യങ്ങളും കണ്ടെത്തി.
കഴിഞ്ഞദിവസമാണ് ഇരിട്ടി പാലത്തിന് മുകളിൽനിന്ന് ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരൻ പുഴയിലേക്ക് മാലിന്യം തള്ളാനെത്തിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തിയത്. ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരനായ വിരാജ്പേട്ട സ്വദേശി ഹംസയോട് ആരോഗ്യവിഭാഗം വിവരങ്ങൾ തേടി. ഭക്ഷ്യാവശിഷ്ടങ്ങൾ പുഴയിൽ തള്ളിയതായി ഇയാൾ സമ്മതിച്ചതായും അധികൃതർ അറിയിച്ചു.
പുഴയോരത്ത് പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ഹോമിൽ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനമില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സമീപത്തെ പുഴയിലേക്കും പഴശ്ശി ജലസംഭരണി പ്രദേശത്തേക്കും വലിച്ചെറിയുന്നതായും ആരോഗ്യവിഭാഗം കണ്ടെത്തി.
ജനങ്ങളുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്ന പഴശ്ശി ജലസംഭരണിയിലേക്ക് മാലിന്യം തള്ളുന്നത് ഗൗരവകരമായ കുറ്റമാണെന്നും സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി.കുറ്റിയാനിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ടി.അനിൽകുമാർ, ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ, പായം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റീജ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Published: 24 Oct 2026, 04:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented