കണ്ണൂർ : സൂപ്പർ ലീഗ് കേരളയിൽ അഞ്ചാം മത്സരത്തിനൊരുങ്ങി കണ്ണൂർ വാരിയേഴ്സ് എഫ്.സി. തിങ്കളാഴ്ച വൈകീട്ട് 7.30-ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറം എഫ്.സി.യെ ആണ് നേരിടുന്നത്. അവസാന മത്സരത്തിൽ കാലിക്കറ്റ് എഫ്.സി.യോട് തോറ്റ കണ്ണൂർ വാരിയേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്.

To advertise here,

 

പരിചയസമ്പന്നനായ സ്ട്രൈക്കർ ജെറാർഡ് ആർട്ടിഗാസ് ടീം വിട്ടതും ക്യാപ്റ്റൻ ഏണസ്റ്റീൻ ലവ്സാംബയുടെയും പ്രതിരോധതാരം മനോജിന്റെയും പരിക്കും കണ്ണൂരിന് തിരിച്ചടിയാണ്. സൂപ്പർ താരം അസിയർ ഗോമസിനും സ്ട്രൈക്കർ ബോഗ്ദാൻ സ്റ്റമൻകോവിച്ചിനും താളം കണ്ടെത്താൻ കഴിയാത്തതും ടീമിന്റെ മുന്നേറ്റത്തെ ബാധിക്കുന്നുണ്ട്.

 

എന്നാൽ അവസാന മത്സരത്തിൽ തകർപ്പൻ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് മലപ്പുറം എഫ്.സി. തൃശ്ശൂർ മാജിക് എഫ്.സി.യെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച മലപ്പുറം പത്ത് പേരുമായാണ് വിജയം സ്വന്തമാക്കിയത്. സ്വന്തം ആരാധകരുടെ പിന്തുണയും ടീമിന് കരുത്താകും. സ്ട്രൈക്കർ അമാദു സുകൂനിയയാണ് മലപ്പുറത്തിന്റെ പ്രധാന ആക്രമണായുധം. മധ്യനിര താരങ്ങളായ റാഷിദും മുഹമ്മദ് മഹ്ദിയും ചേരുന്നതോടെ ടീമിന്റെ മധ്യനിരയും ശക്തമാകും. നിലവിലെ ഫോമും അവസാന മത്സരത്തിലെ പ്രകടനവും കണക്കിലെടുക്കുമ്പോൾ മലപ്പുറത്തിന് മുൻതൂക്കമുണ്ടെങ്കിലും വിജയത്തിലൂടെ തിരിച്ചുവരാനാകും കണ്ണൂർ വാരിയേഴ്സിന്റെ ശ്രമം.