പനമരം : പള്ളിക്കുന്ന് അങ്കണവാടിയുടെ കിണറിനു സമീപത്തെ മണ്ണിടിഞ്ഞും റിങ്ങുകൾ താഴ്ന്നും ഗർത്തങ്ങൾ രൂപപ്പെട്ടും അപകടക്കെണിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്നുണ്ടായ കുത്തൊഴുക്കിലാണ് കിണർ അപകടാവസ്ഥയിലായത്.
കോട്ടത്തറ പഞ്ചായത്തിലെ രണ്ടാംവാർഡിൽപ്പെടുന്ന പള്ളിക്കുന്ന് - വെണ്ണിയോട് റോഡരികിലാണ് അപകടാവസ്ഥയിലായ കിണറുള്ളത്. റോഡിലൂടെ ഒലിച്ചത്തിയ വെള്ളംമൂലം കിണറിന് സമീപത്തെ മണ്ണ് വ്യാപകമായി ഇടിയുകയായിരുന്നു. അങ്കണവാടിയുടെ സംരക്ഷണഭിത്തിക്ക് നടുവിലായുള്ള കിണറിന്റെ റിങ്ങുകൾ തകരുകയും മുകളിലായി വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് താഴ്ന്നുപോവുകയും ചെയ്തിരിക്കുകയാണ്.
റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം കിണറിലേക്കിറങ്ങുന്നതിനാൽ ചെളി നിറഞ്ഞ് ഒരു വർഷത്തോളമായി ഈ കിണറിലെ വെള്ളം ഉപയോഗശൂന്യമാണ്. അതിനാൽ സമീപവാസിയുടെ കിണറിൽ നിന്നുമാണ് അങ്കണവാടിയിലേക്ക് വെള്ളമെടുക്കുന്നത്. കഴിഞ്ഞ മഴക്കാലത്താണ് കിണറിനുസമീപം മണ്ണിടിച്ചിൽ അനുഭവപ്പെട്ടു തുടങ്ങിയത്. അന്നുമുതൽ പഞ്ചായത്ത് അധികൃതരെയും ബന്ധപ്പെട്ട വകുപ്പുകളെയും കിണറിന്റെ ദുരവസ്ഥ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരായ എൻ.പി. സന്തോഷ്, കെ.പി. രാജേഷ് കുമാർ, കെ. റഷീദ്, പരമേശ്വരൻ എന്നിവർ പറയുന്നത്.
കിണറിനുസമീപം മണ്ണിട്ട് സംരക്ഷിക്കാൻ പോലും അധികൃതർ തയ്യാറായില്ലെന്നാണ് ഇവരുടെ ആക്ഷേപം. മാസങ്ങൾക്കുമുൻപ് നാട്ടുകാരാണ് കിണറിനുസമീപം മണ്ണിട്ടത്. എന്നാൽ, ശക്തമായ കുത്തൊഴുക്കിനെ തടയാനായില്ല.
ഏത് നിമിഷവും പൂർണമായും നിലംപൊത്തുമെന്ന അവസ്ഥയിൽ വലിയ അപകടക്കെണിയിലാണ് ഇപ്പോൾ ഈ കിണറുള്ളത്. അബദ്ധത്തിൽ കാലൊന്ന് തെറ്റിയാൽ ഇതിനകത്തേക്ക് കുട്ടികൾ ഉൾപ്പെടെ വീഴാൻ സാധ്യത ഏറെയാണ്.
ഒട്ടേറെ വാഹനങ്ങൾ കടന്നുപോവുന്ന പാതയോരമാണിത്. കൂടാതെ നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെ നടന്നുപോകുന്നത് ഇതുവഴിയാണ്.
അതിനാൽ കുരുന്നുകൾ ആദ്യക്ഷരങ്ങൾ കുറിക്കാൻ എത്തുന്ന അങ്കണവാടിയുടെ കിണറിന്റെ അപകടാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Published: 27 Oct 2026, 03:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented