വെങ്ങര/മുട്ടം: കിഴക്ക് വെങ്ങര. പടിഞ്ഞാറ് മുട്ടം ഗ്രാമം. അതിന് നടുവിൽ റെയിൽപ്പാളം. ദിവസം നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ഗേറ്റിൽ കുടുങ്ങുന്ന യാത്ര. മേൽപ്പാലം അനുവദിച്ചപ്പോൾ ജനം ഒന്നാകെ കൈയടിച്ചു. മാടായി-രാമന്തളി ഗ്രാമപ്പഞ്ചായത്തുകാരുടെ ജീവിതത്തിലെ പ്രധാന ആവശ്യമായിരുന്നു ഇത്.
2020-ൽ എം. വിജിൻ എം.എൽ.എ. മുൻകൈയെടുത്തു. 20.84 കോടി രൂപ കിഫ്ബി മുഖാന്തരം സർക്കാർ അനുവദിച്ചു. 2021-ൽ അതിവേഗം പണി തുടങ്ങി. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) ആണ് നിർവഹണ ഏജൻസി. 300 മീറ്ററോളം നീളമുള്ള റോഡ് മേൽപ്പാലത്തിന്റെ പണി പുരോഗമിക്കുമ്പോൾ നാട് വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ 30 മീറ്റർ മാത്രം പണി ബാക്കിവെച്ച് മേൽപ്പാലം പ്രവൃത്തി നിന്നു. ഏഴിമല നാവിക അക്കാദമിയിലേക്കുള്ള പ്രധാന വഴി കൂടിയാണിത്. എന്നിട്ടും 30 മീറ്റർ മാത്രമുള്ള റെയിൽവേഭാഗത്ത് മേൽപ്പാലം കൂട്ടിമുട്ടിക്കാൻ ആർക്കും കഴിഞ്ഞില്ല. കരാറുകാർ പണി നിർത്തി. കെ.ആർ.എഫ്.ബി. ഉത്തരം പറയാനാകാതെ നിൽക്കുന്നു. സർക്കാർ ഇടപെടണം, റെയിൽവേയും.
എന്തുകൊണ്ട് വൈകുന്നു?റെയിൽവേ അംഗീകരിച്ച രൂപരേഖയില്ലാതെ (ജി.എ.ഡി -ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്) എങ്ങനെ ബാക്കി പ്രവൃത്തി പൂർത്തിയാകും? അതു മാത്രമാണ് വെങ്ങര-മുട്ടം റോഡ് മേൽപ്പാലത്തിന്റെ നിലവിലെ തടസ്സം. റെയിൽവേയും ജനപ്രതിനിധികളും സർക്കാരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്താൽ തീരുന്ന പ്രശ്നം മാത്രമാണിത്. ഇല്ലെങ്കിൽ ഒരു രൂപരേഖയുടെ പേരിൽ ഇനിയും വർഷങ്ങളെടുക്കും.
നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി.) വേണ്ടി കേരള റെയിൽ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.ആർ.ഡി.സി.എൽ.) ആണ് രൂപരേഖ തയ്യാറാക്കിയത്. റെയിൽവേയുടെ രൂപരേഖാ സ്റ്റാൻഡേഡ്സ് മാറിയതിനാൽ ആദ്യം തയ്യാറാക്കിയ രൂപരേഖ മാറ്റേണ്ടിവന്നു (നിലവിൽ മൂന്നും നാലും റെയിൽപ്പാതയ്ക്കുള്ള രൂപരേഖ റെയിൽവേ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മേൽപ്പാലങ്ങളുടെ നിർമിതിയിലും മാറ്റം വരും). പിന്നീട് വീണ്ടും രൂപരേഖ തയ്യാറാക്കി. ഇത് മൂന്നാമതൊരു ഏജൻസിയായ മദ്രാസ് ഐ.ഐ.ടി. പരിശോധിച്ച് വിലയിരുത്തി അനുമതി നൽകി. ഇത് ദക്ഷിണ റെയിൽവേക്ക് കൈമാറി. എന്നാൽ അതും റെയിൽവേയുടെ നിബന്ധനകൾ പാലിക്കാത്തതിനാൽ മാറ്റത്തിന് നിർദേശിച്ചു. ഇനി കൃത്യമായ സമയത്തിനുള്ളിൽ രൂപരേഖ മാറ്റി, മദ്രാസ് ഐ.ഐ.ടിയുടെ അനുമതി ലഭ്യമാക്കി ദക്ഷിണ റെയിൽവേക്ക് സമർപ്പിക്കണം. അന്തിമ അനുമതി ലഭിച്ചാൽ പ്രവൃത്തി തുടങ്ങാം. റെയിൽവേ ഭാഗത്തെ പ്രവൃത്തികൾ ഒറ്റ ഏജൻസിക്ക് കീഴിൽ നടത്താൻ അനുമതി ലഭിച്ചാൽ കെ.ആർ.എഫ്.ബി.ക്കുതന്നെ ആ പ്രവൃത്തി ചെയ്യാം. ഇല്ലെങ്കിൽ റെയിൽവേ നേരിട്ട് ചെയ്യും.
വെങ്ങര -മുട്ടം മേൽപ്പാലം
ആകെ നീളം-294.20 മീറ്റർ.
പ്രവൃത്തി പൂർത്തിയായത്: 263 മീറ്റർ.
ബാക്കി: 31.20 മീറ്റർ (റെയിൽവേ ഭാഗം).
മേൽപ്പാലത്തിന്റെ വീതി: 12 മീറ്റർ.
(വാഹനങ്ങൾക്ക് -8.40 മീറ്റർ, കാൽനടയാത്ര-1.55 മീറ്റർ)
പ്രവൃത്തി തുക-20.84 കോടി രൂപ.
പ്രവൃത്തി തുടങ്ങിയത്: 2021 മേയ്.
മേൽനോട്ടം: കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.).
ഫണ്ട്: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി).
Published: 09 Nov 2026, 02:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented