വ്യാഴാഴ്ച രാത്രി 10 മണിക്ക് തുറക്കും

To advertise here,

ഫറോക്ക് : ചെറുവണ്ണൂർ മേൽപ്പാലത്തിൽ രണ്ടാംഘട്ട ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ചെറുവണ്ണൂർ റോഡ് അടച്ചു.

വ്യാഴാഴ്ച രാത്രി പത്തുമണി വരെയാണ് ഗതാഗതനിയന്ത്രണമുള്ളത്. ഈ സമയത്തിനിടയിൽ പതിനെട്ട് ഗർഡറുകൾ സ്ഥാപിക്കാനാണ് കരാറുകമ്പനിയുടെ തീരുമാനം ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ടോടെ കമ്പനി അധികൃതർ ഗർഡർ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.

റോഡ് അടയ്ക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച രാവിലെ ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ സുനിൽരാജിന്റെ നേതൃത്വത്തിൽ ഉന്നതസംഘം പന്തീരാങ്കാവ്, ഒളവണ്ണ, മാങ്കാവ്, ബി.സി. റോഡ്, കുന്നത്ത് പാലം, പൊക്കുന്ന് തുടങ്ങിയ ഭാഗങ്ങളിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് അധികമായി അൻപത് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ബസുകൾ ഉൾപ്പെടെ പല മേഖലയിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിന് ട്രാഫിക് പോലീസ് പുറപ്പെടുവിച്ച നിർദേശങ്ങൾ യാത്രക്കാർ കർശനമായി പാലിക്കണമെന്നും പോലീസിന്റെ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും ട്രാഫിക് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഏഴരയോടെ അരീക്കാട് റോഡിൽ സൂചക ബോർഡുകൾ സ്ഥാപിച്ചു. കോഴിക്കോട് സിറ്റിയിൽനിന്ന് വരുന്ന വാഹനങ്ങൾ അരീക്കാടിൽ നിന്ന് തിരിഞ്ഞ് നല്ലളം റോഡുവഴി പന്തീരാങ്കാവ് വഴി ദേശീയപാതയിലേക്ക്‌ പ്രവേശിക്കണമെന്ന നിർദേശവും സൂചകബോർഡിൽ പ്രത്യേകം നൽകിയിട്ടുണ്ട്.

ഒന്നാംഘട്ടത്തിൽ ചെറുവണ്ണൂർ റോഡ് അടച്ചിരുന്നത് കരുണ ആശുപത്രിക്കുമുന്നിലായിരുന്നു. കൂടാതെ, ബി.സി. റോഡിന്റെയും കൊളത്തറ റോഡിന്റെ പ്രവേശനഭാഗമായ ചെറുവണ്ണൂർ ജങ്ഷ‌ൻ ഭാഗവും അടച്ചിരുന്നു. ഇതേത്തുടർന്ന് ഇരുഭാഗത്തുനിന്നും വരുന്ന വാഹനയാത്രക്കാർ ഏറെ പ്രയാസപ്പെട്ടു.

എന്നാൽ, ജങ്ഷനിലെ സ്പാനിൽ ഗർഡർ സ്ഥാപിച്ചതിനെത്തുടർന്ന് ജങ്ഷൻ തുറന്നുകൊടുത്തിരുന്നു. ഇത് യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്നു. ചെറുവണ്ണൂർ ജങ്‌ഷൻഭാഗം ഒഴിവാക്കിയാണ് രണ്ടാംഘട്ടത്തിൽ അടയ്ക്കുക.

ഒന്നാംഘട്ടത്തിൽ പതിമ്മൂന്ന് ഗർഡറുകളാണ് മേൽപ്പാലത്തിൽ സ്ഥാപിച്ചത്. രണ്ടാഘട്ടത്തിൽ പതിനെട്ടും സ്ഥാപിക്കും. ബാക്കി മൂന്നാംഘട്ടത്തോടെ പൂർത്തീകരിക്കുമെന്നാണ് കരാർ അധികൃതർ പറയുന്നത്.