ഇരിട്ടി : കർണാടകയിലെ മാക്കൂട്ടം ചുരം പാതവഴി കേരളത്തിലേക്കുള്ള ലഹരികടത്തും നിയമവിരുദ്ധ ചരക്കുനീക്കവും തടയാൻ കൂട്ടുപുഴയിൽ പരിശോധന ശക്തമാക്കുമ്പോഴും ചെക്‌പോസ്റ്റ് പ്രവർത്തിക്കുന്നത് അടിസ്ഥാന സുരക്ഷാസംവിധാനങ്ങൾ പോലുമില്ലാതെയാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരികടത്തിനെതിരായ പരിശോധനകൾ ശക്തമാക്കുമ്പോഴും ചെക്പോസ്റ്റുകൾക്ക് പരിമിതികൾ ഏറെയാണ്. പോലീസ്, എക്‌സൈസ്, മോട്ടാേർ വാഹന വകുപ്പ് എന്നിവയുടെ മൂന്ന് ചെക്‌പോസ്റ്റുകളിലായി 50-ലേറെ ഉദ്യോഗസ്ഥർ ജോലിചെയ്യുന്നുണ്ടെങ്കിലും വാഹനങ്ങൾ സുരക്ഷിതമായി തടഞ്ഞുനിർത്താൻ ക്രോസ് ബാറോ ബാരിക്കേഡോ സ്ഥാപിച്ചിട്ടില്ല.
അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ കൈകാണിച്ച് നിർത്തിവേണം പരിശോധിക്കാൻ. നിർത്താതെ പോകുന്ന വാഹനങ്ങളുടെ പിറകേ ഓടിപ്പിടിക്കേണ്ട സംഭവങ്ങളും ഉണ്ടാകുന്നു. ഒരുവർഷത്തിനിടയിൽ പരിശോധനയ്ത്തിടെ രണ്ടുപേരാണ് അന്വേഷണസംഘത്തെ വെട്ടിച്ച് പുഴയിൽ ചാടിയത്. നേരത്തേ പുഴയിൽ ചാടിയാളെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം പുഴയിൽ ചാടിയ ആളെ സാഹസപ്പെട്ടാണ് പോലീസും എക്‌സൈസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്.
പരിശോധനയ്ക്കായി നിർത്താൻ ആവശ്യപ്പെട്ടിട്ടും വേഗം കുറയ്ക്കാതെ കടന്നുപോകുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടഭീഷണിയും വലുതാണ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്രോസ് ബാറും ബാരിക്കേഡും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് നേരത്തേ ശുപാർശ നൽകിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല. വാഹനങ്ങൾ തടയാനുള്ള സംവിധാനങ്ങളുടെ അഭാവവും ഉദ്യോഗസ്ഥരുടെ സുരക്ഷാപ്രശ്‌നങ്ങളും വീണ്ടും ഉയരുകയാണ്.
കുടിവെള്ളം പോലുമില്ല
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ചെക്ക്‌പോസ്റ്റുകൾ പിന്നാക്കമാണ്. കുടിവെള്ളത്തിനായി കിണറോ സ്ഥിരം ജലവിതരണസംവിധാനമോ ഇല്ല. ഡ്യൂട്ടിയിലുള്ളവർ സ്വന്തം പണം ചെലവഴിച്ച് കുപ്പിവെള്ളം വാങ്ങിയാണ് ദാഹമകറ്റുന്നത്. ശൗചാലയത്തിൽ ഉപയോഗിക്കാനുള്ള വെള്ളംപോലും പുഴയിൽനിന്ന് എത്തിക്കേണ്ടിവരുന്നു. ദീർഘനേരം ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ പ്രാഥമികസൗകര്യങ്ങൾ ഒരുക്കുന്നതിലും ബന്ധപ്പെട്ട വകുപ്പുകൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്.
പുതിയ പാലം യാഥാർഥ്യമായതോടെ അതിർത്തിയിലെ റോഡിന് വീതിയേറിയെങ്കിലും പരിശോധനാ കേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിയന്ത്രണവും ശാസ്ത്രീയമാക്കാൻ കഴിഞ്ഞിട്ടില്ല. പോലീസ്, എക്‌സൈസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തുന്ന കേന്ദ്രങ്ങളിൽ വാഹനങ്ങൾ നിയന്ത്രിതമായി കടന്നുവരാനും നിർത്താനും ആവശ്യമായ ക്രമീകരണങ്ങൾ അനിവാര്യമാണ്. പരിശോധനാ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരുടെ സുരക്ഷയും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. രണ്ടുവർഷം മുൻപ് ശുപാർശ ചെയ്ത കാര്യങ്ങൾപോലും നടപ്പാക്കാത്തത് അതിർത്തി സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും ചോദ്യമുയർത്തുന്നു.
Published: 10 Nov 2026, 04:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented