ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നീരാളം ജല സംരക്ഷണപദ്ധതിയുടെ ഭാഗമായി കാവുകളിലും ആരാധനാലയങ്ങളിലും ജലസംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി. മരങ്ങൾ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം അറിയിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ കാവുകളിൽ വൃക്ഷതൈ നടുന്നതിന്റെ ബ്ലോക്ക്തല ഉദ്ഘാടനം അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടായാംപറമ്പ് തറയ്ക്ക് മീത്തൽ ഭാഗവതിക്കാവ് പരിസരത്ത് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവ്വഹിച്ചു.
കാലാവസ്ഥാ വൃതിയാനത്തെ ചെറുക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനും ജലസംരക്ഷണത്തിനും മരങ്ങൾ വെച്ച്പിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതെന്നും ജനങ്ങളെ പങ്കാളികളാക്കി ഇത്തരം പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.സ്വാമിനാഥൻഫൗണ്ടേഷന്റെ ജീവധാര പദ്ധതിയുമായി ബന്ധപ്പെട്ട് കൊണ്ടും ജൈവവൈവിധ്യബോർഡിന്റെ സഹകരത്തോടെയുമാണ് വൃക്ഷത്തൈ നട്ടത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള അധ്യക്ഷത വഹിച്ചു. നീരാളം ചിത്രരചന ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ് നിർവ്വഹിച്ചു.
ഭൂഗർഭജല വിതാനം ഉയർത്താനും ജല സക്ഷരതയും ജല സുരക്ഷയും ഉറപ്പു വരുത്താനും ജലമലിനീകരണം തടയാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണിത്. ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ കാവുകളിലെ ചുമതപ്പെട്ടവരും പങ്കെടുത്തു.
അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഏരിയ ഡയറക്ടർ ഡോ. സി. തമ്പാൻ, ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. അനിൽ കുമാർ, ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ജയപ്രകാശ് പന്തക്ക, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി. ഷൈമ, പി.ഡി. മനീഷ, സി.സി. നൗഷാദ്, ദേവസ്വം ബോർഡ് പ്രസിഡന്റ് സി.വി. ഗിരീഷ് കുമാർ, പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
Published: 09 Nov 2026, 02:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented