വേങ്ങാട് : ചാമ്പാട്-ഊർപ്പള്ളി വേങ്ങാട് റോഡിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതായി പരാതി. ചാമ്പാട് മുതൽ ഊർപ്പള്ളിവരെയുള്ള രണ്ട് കിലോമീറ്റർ റോഡിന്റെ നിർമാണപ്രവൃത്തി 2025 നവംബറിലാണ് തുടങ്ങിയത്. റോഡ് വീതികൂട്ടുന്നതിനുവേണ്ടി ഇരുവശത്തെയും സ്ഥല ഉടമകളിൽനിന്ന് ആവശ്യമായ സ്ഥലം വിട്ടുകിട്ടിയശേഷം എല്ലായിടത്തും ഒരുപോലെ വീതികൂട്ടാതെയാണ് പ്രവർത്തനം നടത്തിയത്. മാത്രമല്ല, ഇരുവശത്തും വീതികൂട്ടിയ സ്ഥലത്ത് കൽക്കെട്ടും കോൺക്രീറ്റും ചെയ്യുമെന്നാണ് അറിയിച്ചത്. എന്നാൽ, പല സ്ഥലങ്ങളിലും നിർമാണത്തിൽ അപാകമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. മെക്കാഡം ടാർ ചെയ്യുന്നതിന്റെ ഭാഗമായി കല്ലിക്കുന്ന് പ്രദേശത്ത് റോഡ് ഒരടിയോളം ഉയർത്തിയിരുന്നു. ഇവിടെ ഇരുവശങ്ങളിലും ഓവുചാലുകൾ നിർമിക്കാത്തതിനാൽ കഴിഞ്ഞദിവസം പെയ്ത മഴയിൽ പ്രദേശത്തെ പല വീടുകളിലേക്കും റോഡിലെ വെള്ളം ഒഴുകിയെത്തി.
വേങ്ങാട് പാല റോഡിൽനിന്ന് കുഞ്ഞമ്പുമാഷ്‌മുക്കിൽനിന്നാണ് ചാമ്പാട്-ഊർപ്പള്ളി റോഡ് തുടങ്ങുന്നത്. മെക്കാഡം ടാർ ചെയ്യുന്നതിനാൽ റോഡിൽ മെറ്റൽ മിക്സ് ചെയ്ത് ഉറപ്പിച്ചിരുന്നു. എന്നാൽ, പല സ്ഥലങ്ങളിലും റോഡിലെ മെറ്റൽ ഇളകിത്തെറിക്കുന്ന അവസ്ഥയാണ്. ഇത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുണ്ടാക്കുന്നുണ്ട്. അതുപോലെ ചാമ്പാടുനിന്ന് ഊർപ്പള്ളിയിലേക്ക് വരുന്ന റോഡിന്റെ തുടക്കത്തിൽ വർഷങ്ങളായി കൃഷിക്കാരും നാട്ടുകാരും ഉപയോഗിച്ചിരുന്ന രണ്ടുമൂന്ന് പൊതുവഴി ഇപ്പോഴില്ല. കർഷകർ ടില്ലറും ട്രാക്ടറുമൊക്കെ വയലിലേക്ക് ഇറക്കുന്നത് ഇതുവഴിയായിരുന്നു. ഇവിടെ റാംപ് കെട്ടിത്തരാമെന്ന് പറഞ്ഞിട്ട് കെട്ടിയിട്ടില്ലന്നും നാട്ടുകാർക്ക് പരാതിയുണ്ട്. ഊർപ്പള്ളിവയലിലൂടെ പോകുന്ന റോഡിൽ മഴക്കാലത്ത് ഏതാണ്ട് മൂന്നുമീറ്ററിൽ കൂടുതൽ വെള്ളം കയറാറുണ്ട്. ഇവിടെ റോഡ് ആവശ്യത്തിന് ഉയർത്താതെയാണ് നിർമാണം നടക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
Published: 12 Nov 2026, 02:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented