നിർമാണോദ്‌ഘാടനം16-ന്‌ മുഖ്യമന്ത്രി നിർവഹിക്കും

To advertise here,

നിലമ്പൂർ : മൂന്നു പതിറ്റാണ്ടായി നിലമ്പൂർ ജനത കാത്തിരിക്കുന്ന നിലമ്പൂരിലെ ബൈപ്പാസ് എന്ന സ്വപ്നം പൂർത്തീകരണഘട്ടത്തിലേക്ക്. നിലമ്പൂരിന്റെ ചരിത്രത്തിൽ എക്കാലവും ഓർത്തുവെക്കാവുന്ന വികസനപ്രവർത്തനത്തിനാണ് 16-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തുടക്കം കുറിക്കുന്നത്. വിവിധ തിരഞ്ഞെടുപ്പുകളിൽ നിലമ്പൂരിന്റെ ജനകീയപ്രശ്നമായി ഇരുമുന്നണികളും ഉയർത്തിക്കാട്ടിയിരുന്ന നിലമ്പൂർ ബൈപ്പാസിന്റെ ഒന്നാംഘട്ട നിർമാണത്തിനാണ് തുടക്കം കുറിക്കുക. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ബൈപ്പാസ് കെ.എൻ.ജി. റോഡിലെ ജ്യോതിപ്പടി മുതൽ വെളിയംതോടുവരെ ആറു കിലോമീറ്ററാണ്. റോഡ് നാലുവരിപ്പാതയായാണ് നിർമിക്കുന്നത്. രണ്ടറ്റങ്ങളിൽ 35-ഉം ഇടയ്ക്ക് 30-ഉം മീറ്ററാണ് വീതി. മഞ്ചേരി മലബാർ പ്ലസ് ആണ് കരാറെടുത്തത്.

ഒന്നരവർഷമാണ് ഒന്നാംഘട്ടത്തിൽ ടാറിങ് ഉൾപ്പെടെ പണിതീർക്കാനുള്ള കാലാവധി. 1996-ലാണ് ബൈപ്പാസിന് നടപടി തുടങ്ങിയത്. 2014-ൽ ജ്യോതിപ്പടി മുതൽ മുക്കട്ടവരെ 4.3 കിലോമീറ്റർ ദൂരം 21 കോടി രൂപയ്ക്ക് ടെൻഡർ ചെയ്തു. ചക്കാലക്കുത്തുവരെ രണ്ട് കിലോമീറ്റർ ദൂരത്തിൽ ഭൂമി ഏറ്റെടുത്തു. 2016-ൽ പണി തുടങ്ങി. പിന്നീട് പണി നിലച്ചു. ഭൂമി വിട്ടുകൊടുത്ത് വർഷങ്ങളായി നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ബൈപ്പാസ് കൂട്ടായ്മ സമരങ്ങൾ നടത്തി. കഴിഞ്ഞ സർക്കാരിന്റെ അവസാനവർഷം ഫണ്ട് അനുവദിച്ചു. എങ്കിലും പ്രവൃത്തി തുടങ്ങിയിരുന്നില്ല. നിലവിൽ ജ്യോതിപ്പടി മുതൽ വെളിയംതോടുവരെയുള്ള ഭൂമിയുടെ ഏറ്റെടുക്കൽ പൂർത്തിയായി. ജ്യോതിപ്പടി മുതൽ ചക്കാലക്കുത്ത് മുതുകാട് റോഡുവരെ 2.460 കിലോമീറ്ററിൽ ഒന്നാംഘട്ടം 35 കോടി രൂപയ്ക്കാണ് ടെൻഡർ ചെയ്തത്. മുക്കട്ടവരെ 1.927 കിലോമീറ്ററിൽ രണ്ടാംഘട്ടത്തിന്റെ ടെൻഡർ അടക്കമുള്ള തുടർപ്രവർത്തനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. 2015-ൽ യു.ഡി.എഫ്. മന്ത്രിസഭയുടെ അവസാന നാളുകളിൽ അന്ന് മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ ബൈപ്പാസ് നിർമാണോദ്ഘാടനം നടത്തിയിരുന്നെങ്കിലും പിന്നീടുവന്ന സർക്കാർ ഫണ്ടനുവദിച്ചിരുന്നില്ല. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ.യുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലെ പ്രധാന ഇനമായിരുന്നു നിലമ്പൂർ ബൈപ്പാസ്.