കുറ്റിപ്പുറം : ഗ്രാമപ്പഞ്ചായത്തിലെ പുഴയോര മേഖലകളിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക കൂടിയാലോചനാ യോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്നു. പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി വിനോദസഞ്ചാര വികസനത്തിനും പ്രാദേശിക സാമ്പത്തികമുന്നേറ്റത്തിനും സഹായകമാകുന്ന പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി പുഴയോര പ്രദേശങ്ങളിൽ വിശദമായ സർവേ നടത്തി സർക്കാർ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയുടെ ലഭ്യത കണ്ടെത്താൻ യോഗം തീരുമാനിച്ചു. സർവേ പൂർത്തിയാകുന്ന മുറയ്ക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.

To advertise here,

പ്രകൃതിഭംഗി നിലനിർത്തിക്കൊണ്ട് വിനോദസഞ്ചാരികൾക്ക് ആകർഷകമായ സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതികൾക്ക് പ്രഥമപരിഗണന നൽകുമെന്നും എം.എൽ.എ. വ്യക്തമാക്കി. യോഗത്തിനുശേഷം എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള സംഘം ചെങ്ങണക്കടവിൽ സന്ദർശനം നടത്തി.

യോഗത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ആസാദ് അജയ്, പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വൈസ് പ്രസിഡന്റ് റിജിത ഷലീജ്, സ്ഥിരംസമിതി അധ്യക്ഷരായ ലിജി ജാസ്‌മിൻ പരപ്പാര, കെ.പി. സക്കീർ, കെ.പി. അസീസ്, വി.പി. ആബിദ്, മുംതാസ് ബീഗം, ജസീന ഹമീദ്, പഞ്ചായത്ത് സെക്രട്ടറി ഷഹാന തുടങ്ങിയവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.