ജീവനക്കാരായാൽ പുനരാരംഭിക്കും
എടപ്പാൾ : കണ്ടനകം കെ.എസ്.ആർ.ടി.സി. റീജണൽ വർക്ഷോപ്പിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസ് തത്കാലം പുനരാരംഭിക്കില്ല.
ജില്ലാ വികസനസമിതിയിൽ എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യുടെ പ്രതിനിധി ഇബ്രാഹിം മൂതൂർ നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരമുള്ളത്.
കെ.ടി. ജലീൽ എം.എൽ.എ. ആയ കാലത്താണ് 25 ലക്ഷം രൂപ ചെലവിൽ ഇവിടെ കെട്ടിടം നിർമിച്ച് എസ്.എം. ഓഫീസ് പ്രവർത്തനമാരംഭിച്ചത്.
തൃശ്ശൂരിനും കോഴിക്കോടിനുമിടയിൽ കെ.എസ്.ആർ.ടി.സി.ക്ക് ഇത്തരത്തിലൊരു സംവിധാനമില്ലാത്തതിനാൽ ദീർഘദൂര യാത്രക്കാർ മണിക്കൂറുകളോളം പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻപോലുമാകാതെ പ്രയാസപ്പെട്ടിരുന്നു. ഇതിനൊരു പരിഹാരംകൂടിയായാണ് എസ്.എം. ഓഫീസ് ആരംഭിച്ചത്. പാതയിലൂടെ ഓടുന്ന എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളും ഇവിടെ കയറുകയും സമയം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടെയുള്ള കാന്റീനിൽനിന്ന് ചായകുടിക്കാനും ശൗചാലയത്തിൽ പോകാനും സംവിധാനവുമുണ്ടായിരുന്നു. പ്രവർത്തനം തുടങ്ങി കുറച്ചുകാലത്തിനുശേഷം അടച്ച സ്ഥാപനം 2024-ൽ രണ്ടുജീവനക്കാരുമായി പുനരാരംഭിച്ചു. നാലുമാസത്തോളം കഴിഞ്ഞ് ഇന്റർലോക്ക് വിരിക്കുന്നതിനാണെന്നു പറഞ്ഞ് പൂട്ടിയ സ്ഥാപനം പണികഴിഞ്ഞിട്ടും തുറക്കാത്തതു സംബന്ധിച്ചാണ് ഇബ്രാഹിം മൂതൂർ ചോദ്യമുന്നയിച്ചത്.
പൊന്നാനി യൂണിറ്റിൽനിന്ന് ജീവനക്കാരെ നിയോഗിച്ചായിരുന്നു പ്രവർത്തനം. എസ്.എം. ഓഫീസിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ നിയമിക്കാൻ ആളില്ലാത്തതിനാൽ സീനിയർ കണ്ടക്ടർ വിഭാഗം ജീവനക്കാർക്ക് ഓവർ ടൈം നൽകിയാണ് ഇതു ചെയ്തത്. പൊന്നാനി യൂണിറ്റിൽ ഇത്തരം ജീവനക്കാരും കുറവായതിനാൽ പിന്നീട് ഓഫീസ് പൂട്ടി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡിപ്പോകളിൽ മാത്രം എസ്.എം. ഓഫീസ് മതിയെന്ന തീരുമാനംകൂടിയായതോടെ അങ്ങനെ തുടർന്നു.
എസ്.എം. ഓഫീസിൽനിന്നു ലഭിക്കുന്ന സേവനങ്ങളായ ബസ് സമയമറിയലും ടിക്കറ്റ് റിസർവേഷനുമെല്ലാം മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭിക്കുമെന്നതും ഇതിനെല്ലാമുള്ള സംവിധാനവുമായാരംഭിച്ച സ്മാർട്ട് ബസ് സ്റ്റോപ്പുകളും എസ്.എം. ഓഫീസിന്റെ ആവശ്യകത ഇല്ലാതാക്കിയിരിക്കുകയാണെന്നും മറുപടിയിലുണ്ട്.
സംസ്ഥാനതലത്തിൽത്തന്നെ ജീവനക്കാർ കുറവുള്ളതിനാലാണ് ഇത് പ്രവർത്തിക്കാത്തതെന്നും ജീവനക്കാരാകുന്ന മുറയ്ക്ക് കണ്ടനകത്തും എസ്.എം. ഓഫീസ് പ്രവർത്തനമാരംഭിക്കുമെന്നും കെ.എസ്.ആർ.ടി.സി. ഡിവിഷണൽ ട്രാഫിക് ഓഫീസർ (ഡി.ടി.ഒ.) നൽകിയ മറുപടിയിൽ പറയുന്നു.
Published: 12 Nov 2026, 02:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented