30 പേർക്ക് വിമാനയാത്ര ഉൾപ്പെടെയുള്ള സൗജന്യവിനോദയാത്ര
കൊണ്ടോട്ടി : ആകാശത്ത് വെൺമേഘങ്ങൾക്കിടയിലൂടെ വിമാനയാത്ര, ഐ.ടി. നഗരത്തിന്റെ തിരക്കുകളിലലിഞ്ഞ് മെട്രോ ട്രെയിൻ സവാരി, മാളിലെ കാഴ്ചകൾ...
ജെൻസി പിള്ളേർ ആഗ്രഹിക്കുന്ന സ്വപ്നയാത്ര ഒരുരൂപ ചെലവില്ലാതെ നടത്താൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് വിളയിൽ പറപ്പൂരിലെ സാധാരണക്കാരായ ഒരുകൂട്ടം ആളുകൾ.
കരിപ്പൂരിൽനിന്ന് ബെംഗളൂരുവിലേക്ക് പറക്കാനും ബെംഗളൂരു മെട്രോ, ലോകപ്രശസ്തമായ ഇസ്കോൺ ക്ഷേത്രം, മാൾ ഓഫ് ഏഷ്യ എന്നിവയെല്ലാം ആസ്വദിക്കാനും ഇവർക്ക് അവസരംനൽകിയത് നാട്ടിലെ നിസ്വാർഥരായ ഒരുകൂട്ടം ആളുകളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടമാണ്. സാധാരണക്കാരായ 30 പേർക്കാണ് സൗജന്യമായി സ്വപ്നയാത്ര ഒരുക്കിയത്. സംഘത്തിലെ ഭൂരിപക്ഷംപേർക്കും ട്രെയിൻയാത്രപോലും ആദ്യാനുഭവമായിരുന്നു.ജോലിയും മറ്റുമായി പുറത്തായിരുന്ന പത്തോളം സുഹൃത്തുക്കൾ നാട്ടിൽ തിരിച്ചെത്തി രൂപവത്കരിച്ചതാണ് ചങ്ങാതിക്കൂട്ടം. തങ്ങളുടെ വരുമാനത്തിൽനിന്നൊരു പങ്ക് മാറ്റിവെച്ചും പരിചയവും സ്വാധീനവും ഉപയോഗിച്ചുമാണ് നാട്ടിലെ സാധാരണക്കാർക്ക് ഒരുരൂപപോലും ചെലവില്ലാതെ സ്വപ്നയാത്ര ഒരുക്കിയത്.ചങ്ങാതിക്കൂട്ടം എക്സിക്യുട്ടീവ് അംഗം രഞ്ജിത്തിന്റെ സുഹൃത്ത് ശ്രീനിവാസൻ സാസാർ ഒരുക്കിയ വാഹനത്തിലായിരുന്നു ബെംഗളൂരുവിൽ സംഘത്തിന്റെ യാത്ര.
അധ്യാപികയായ സൗമ്യ സുബ്രഹ്മണ്യനും കുടുംബവും വഴികാട്ടിയായി. മറ്റൊരു എക്സിക്യുട്ടീവ് അംഗം സുരേന്ദ്രൻ തിരുവാലൂരിന്റെ മകൾ സുമയും കുടുംബവും സംഘാംഗങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. അധ്യാപകനായ മുരളി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
പ്രസിഡന്റ് പുരുഷോത്തമൻ എടക്കാട്, സെക്രട്ടറി ബാലകൃഷ്ണൻ വടക്കീട്ടിൽ, ഗംഗാധരൻ വടക്കീട്ടിൽ തുടങ്ങിയവർ നേതൃത്വംനൽകി.
Published: 12 Nov 2026, 02:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented