Graphic Representation
മയക്കുമരുന്നിന്റെ അധോലോകം മാത്രമല്ല, സമാനതകളില്ലാത്ത ദുരന്തത്തിന്റെ തമോഗര്‍ത്തം കൂടി കാത്തിരിപ്പുണ്ട് മരണവേഗത്തിലുള്ള ഈ മത്സരപ്പാച്ചിലുകാരെ. ആരെയും ഞെട്ടിച്ചുകൊണ്ട് പറക്കുന്ന ആളായിരുന്നു നവീന്‍ (പേര് സാങ്കല്പ്പികം). രണ്ട് വര്‍ഷം മുന്‍പ് വരെ. ഇന്ന് തിരുവനന്തപുരം നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശത്ത് അമ്മാവന്റെ വീടിന്റെ ഒരു മുറിയില്‍ കോമയില്‍ കിടപ്പാണ് ഈ ഇരുപത്തിമൂന്നുകാരന്. രണ്ടു വര്‍ഷം മുന്‍പ് നടന്ന ഒരു അപകടമാണ് നവീനെ ഈ അവസ്ഥയിലെത്തിച്ചത്.
നവീന്റെ അച്ഛന് ചെറുപ്പത്തില്‍ തന്നെ മരിച്ചു. അമ്മയ്ക്ക് കൂട്ടായി മകന് മാത്രമാണുള്ളത്. അമ്മയെ സംരക്ഷിക്കേണ്ട മകന് പക്ഷേ ഇപ്പോള്‍ കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയിലാണ്. രണ്ട് വര്‍ഷം മുന്‍പ് നടന്ന ഒരു അപകടമാണ് അമ്മയും മകനുമടങ്ങുന്ന കുടുംബത്തിന്റെ സാമ്പത്തിക അടിത്തറയാകെ തകര്‍ത്തത്.
ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതിനിടെയാണ് നവീന്‍ അപകടത്തില്‍പ്പെട്ടത്. തോളെല്ലിന് പൊട്ടലും ശരീരത്തില്‍ മുറിവുമേറ്റിരുന്നു. വണ്ടിയില്‍ നിന്ന് വീണപ്പോള്‍ തലയുടെ പിന്‍ഭാഗം നിലത്തടിച്ചിരുന്നു. പിന്നീട് നവീനിന്റെ ചികിത്സയ്ക്കായി സമ്പാദ്യമായിരുന്ന ഏഴ് സെന്റ് സ്ഥലവും വീടും വില്‍ക്കേണ്ടി വന്നു. ഇപ്പോള്‍ അമ്മയുടെ സഹോദരന്റെ വീട്ടില്‍ ഒരു മുറിയിലാണ് ഇവരുടെ താമസം.
മകന് കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് പോലും കഴിയാത്ത സ്ഥിതിയായപ്പോള്‍ ജോലിയും നഷ്ടമായി. സഹോദരന്റെ വരുമാനത്തില്‍ നിന്നാണ് ഇപ്പോള്‍ ജീവിതം മുന്നോട്ട് തള്ളിനീക്കുന്നത്. നവീന്‍ പ്ലസ് ടൂവിന് ശേഷം ഐടിഐയില്‍ പഠിക്കുകയും പിന്നീട് ചെറിയ ജോലികള്‍ ചെയ്ത് വരുന്നതിനുമിടയിലാണ് അപകടത്തില്‍പ്പെട്ടത്.
ശാരീരികമായി വളരെ ക്ഷിച്ചുപോയ തങ്ങളുടെ സുഹൃത്തിന്റെ അവസ്ഥ കണ്ടുനില്ക്കാന് കഴിയാത്തത് കൊണ്ട് തന്നെ സുഹൃത്തുക്കളും വല്ലപ്പോഴും മാത്രമാണ് നവീനിനെ കാണാനെത്തുന്നത്. ബൈക്ക് ഓടിച്ചാണ് നവീന്‍ അപകടത്തില്‍പ്പെട്ടതെങ്കില്‍ കാല്‍നടയായി പോകുന്നവര്‍ പോലും ഇത്തരം അമിത വേഗതയ്ക്ക് ഇരയാകാറുണ്ട്.
(മകന്റെ അപകടത്തെ തുടര്‍ന്നുണ്ടായ മോശം അവസ്ഥ പുറത്തുള്ളവരെ അറിയിക്കുന്നതിലെ ബുദ്ധിമുട്ട് കാരണമാണ് അവരുടെ യഥാര്‍ഥ പേരോ മറ്റ് വിവരമോ പ്രസിദ്ധീകരിക്കാത്തത്)
.jpg?$p=ae642b7&w=610&q=0.8)
റോഡില്‍ പൊലിഞ്ഞത് ആയിരം കാല്‍നടയാത്രക്കാരുടെ ജീവൻ
2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നട യാത്രക്കാര്‍ റോഡപകടത്തില്‍പ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ സഭാ സമ്മേളനത്തിനിടെ അറിയിച്ചു.ഈ ഒരു വര്‍ഷത്തിനിടെ ആയിരം കാല്‍നടയാത്രക്കാര്‍ മരണപ്പെട്ടു. സ്വകാര്യ വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍ 35,476 ആണ്.
ഇത്രയും അപകടങ്ങളിലായി 3292 പേര് മരിച്ചപ്പോള്‍ 27745 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചരക്ക് ലോറി കാരണം 2798 അപകടങ്ങളുണ്ടായപ്പോള്‍ 510 പേര് മരിക്കുകയും 2076 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
അപകടങ്ങൾ കണ്ട് വിമൽ ഫീൽഡ് വിട്ടു
അപകടങ്ങളും മരണങ്ങളും വര്‍ധിക്കുകയും തന്റെ സുഹൃത്തുക്കള്‍ക്ക് പോലും അപകടം കാരണമുണ്ടായ അവസ്ഥ കണ്ട് റാഷ് ഡ്രൈവിങ് എന്ന ശീലവും സോഷ്യല്‍ മീഡിയയില്‍ അത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതും നിര്‍ത്തുകയാണ് ട്രാവല്‍ വ്ളോഗര്‍ കൂടിയായ വിമല്‍.
പ്രായത്തിന്റെ അറിവുകേട് കൊണ്ടാകാം കൂടുതല്‍ പേരും അമിതവേഗത ഒരു പാഷനായി കാണുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലുള്‍പ്പെടെ പതിനായിരകണക്കിന് ഫോളോവേഴ്സുണ്ട് വിമലിന്. രണ്ട് സ്പോര്‍ട്സ് ബൈക്കുകളുള്ള വിമല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലിടുന്ന പോസ്റ്റുകള്‍ക്ക് നല്ല റീച്ചും ഉണ്ട്. ഇപ്പോഴിതാ മുന്‍പ് പോസ്റ്റ് ചെയ്ത റാഷ് ഡ്രൈവിങ് വീഡിയോകള്‍ ഉള്‍പ്പെടെ പിന്‍വലിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരനിപ്പോള്‍.
തന്റെ തീരുമാനത്തെ കുറിച്ച് വിമല്‍ വിശദീകരിച്ചു:
ഇന്‍സ്റ്റഗ്രാമിലുള്‍പ്പെടെ റാഷ് ഡ്രൈവിങ് വീഡിയോട് പോസ്റ്റ് ചെയ്തിരുന്നത് കൂടുതല്‍ റീച്ച് കിട്ടുകയെന്ന ഉദ്ദേശത്തോടെ മാത്രമാണ്. കൂടുതല്‍ ഫോളോവേഴ്സിനെ കിട്ടുകയും അതിലൂടെ പബ്ലിസിറ്റിയുണ്ടാകുകയെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് ഇങ്ങനെ ചെയ്തിരുന്നത്. മറ്റ് ലക്ഷ്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. യാത്രകളും ബൈക്കുകളും സംബന്ധിക്കുന്ന വീഡിയോകള്‍ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുമായിരുന്നു. ഇത് ഇപ്പോള്‍ പൂര്‍ണമായി നിര്‍ത്തിയിട്ടുണ്ട്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര് കൂടുതല്‍ വീഡിയോകള്‍ ഇടണമെന്ന് ആവശ്യപ്പെടുന്നു. ചില മോഡല്‍ ബൈക്കുകളുടെ ടോപ്പ് സ്പീഡ് വീഡിയോ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം എന്നാണ് ആവശ്യം. ചില മോഡലുകള്‍ അവര്‍ തന്നെ നിര്‍ദേശിക്കുന്നുണ്ട്. ഇവരില്‍ പലരും പിന്നീട് സൂപ്പര്‍ ബൈക്കുകള്‍ എടുത്ത് ഇത്തരം പ്രവൃത്തികൾ ചെയ്യാനുള്ള പ്രേരണായി മാറുന്നു എന്ന് മനസ്സിലായി. ഭാവി തലമുറയും ചിന്തിക്കുന്നത് സമാനമായിട്ടാണ് എന്ന് മനസ്സിലായത് ഇത്തരം മെസേജുകള്‍ കണ്ടപ്പോഴാണ്.
കൂട്ടുകാര്‍ക്കും ചില പരിചയക്കാര്‍ക്കുമെല്ലാം അപകടം പറ്റിയപ്പോള്‍ സുഹൃത്ത് എന്ന നിലയില്‍ പലരേയും ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റുമൊക്കെ പോയിട്ടുണ്ട്. ഇവര്‍ക്ക് ഏറ്റ പരിക്കുകളും അവരുടെ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന ടെന്‍ഷനും വിഷമവും പ്രതികരണവുമെല്ലാം നേരില്‍ കണ്ടു. നാളെ സ്വന്തമായി അപകടമുണ്ടായാല്‍ സ്വന്തം വീട്ടുകാരുടേയും അവസ്ഥ ഇതായിരിക്കുമല്ലോയെന്നും അവര്‍ നമ്മളെ കാത്തിരിക്കുകയായിരിക്കുമല്ലോ എന്നും ചിന്തിച്ചപ്പോഴാണ് റാഷ് ഡ്രൈവിങ് പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ആരും ഉപദേശിച്ചിട്ടല്ല ഇങ്ങനെയൊരു തീരുമാനം. കണ്മുന്നില് കണ്ട ചില അനുഭവങ്ങളാണ് ചിന്തിക്കാന്‍ പ്രേരണയായി മാറിയത്. ഇപ്പോള്‍ നിരവധി പേര് മെസേജ് അയക്കുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ ഫോളോവേഴ്സ് ഉള്ളവര്‍ക്ക് എത്രത്തോളം മെസേജുകള്‍ വരുന്നുണ്ടാകാം എന്നും ചിന്തിച്ചു. നേരില്‍ കാണുമ്പോള്‍ പലരും പുകഴ്ത്താറുണ്ട്. സൂപ്പറായിട്ടുണ്ട് ബ്രോ എന്നും അഭിനന്ദിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷിച്ചിട്ടുണ്ട്. എന്നാല്‍ വീട്ടുകാരുടെ കാര്യം ആലോചിച്ചപ്പോള്‍ അതിലൊന്നുമല്ല ജീവനാണ് വിലയെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
വീട്ടുകാരുടെ പ്രാര്‍ഥനയോ അല്ലെങ്കില്‍ ഭാഗ്യം കൊണ്ടോ ആകാം രക്ഷപ്പെട്ടത്. എത്ര നന്നായി വാഹനം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാലും ചിലപ്പോള്‍ ഒരു ചെറിയ അശ്രദ്ധയോ അല്ലെങ്കില്‍ റോഡില്‍ കിടക്കുന്ന ഒരു ചെറിയ കല്ലോ മതി അപകടമുണ്ടാക്കാന്‍. അതുപോലെ തന്നെ ഒന്നുമറിയാതെ വഴിയില്‍ കൂടി പോകുന്നവരെ പോലും ഇത് ബാധിച്ചേക്കാം എന്ന ചിന്തയും തീരുമാനത്തിന് കാരണമായി. പൊതു നിരത്ത് എല്ലാവര്‍ക്കുമുള്ളതാണെന്ന തിരിച്ചറിവുണ്ട്. അപ്പോള്‍ അവരേയും ഉപദ്രവിക്കുന്ന തരത്തിലാകരുത് നമ്മുടെ പ്രവൃത്തി എന്നതും തീരുമാനമെടുക്കാനുള്ള കാരണമായി.
ഇത്തരമൊരു തീരുമാനമെടുത്ത കാര്യം തുറന്ന് പറയാന്‍ തീരുമാനിച്ചത് തന്നെ ഫോളോ ചെയ്തിരുന്നവരില് നൂറ് പേര് ഇത് കണ്ടിട്ടും അറിഞ്ഞിട്ടും ഒരു അഞ്ച് പേരെങ്കിലും അമിത വേഗതയെന്ന അപകടകരമായ പ്രവണതയില്‍ നിന്ന് പിന്തിരഞ്ഞാല് അത് വലിയ സന്തോഷമാണ്. അതുകൊണ്ടാണ് വേണമെങ്കില്‍ എല്ലാം ഡിലീറ്റ് ചെയ്തിട്ട് മിണ്ടാതിരിക്കാമായിരുന്നിട്ടും ഇത് തുറന്ന് പറയാന്‍ തീരുമാനിച്ചത്.
(പറക്കുന്ന വണ്ടികളെ ഏണിവെച്ച് പിടിക്കുമോ പോലീസ്? മരണപ്പാച്ചിലുകാരെ പിടിക്കാനുള്ള പോലീസിന്റെ പെടാപാട് അടുത്ത ലക്കത്തിൽ വായിക്കാം)
പരമ്പര ഒന്നാം ഭാഗം: ഗേള്‍ഫ്രണ്ട് സ്വാപ്പിങ് മുതൽ റീല്‍സ് വരെ; മരണപ്പാച്ചിലിന്റെ അധോലോകത്തിനുണ്ട് ചൂണ്ടക്കുരുക്കുകൾ ഏറെ
പരമ്പര രണ്ടാം ഭാഗം: പോലീസിനും രക്ഷയില്ല, കൂട്ടാളികളെ രക്ഷിക്കാൻ വളഞ്ഞിട്ട് ആക്രമിക്കും; മത്സരപ്പാച്ചിലിന്റെ ഭീകരമുഖം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..