.
‘നിങ്ങൾ നിലവിളിച്ചില്ലേ?’ -കോടതിയിൽ അതിജീവിത നേരിടുന്ന സ്ഥിരം ചോദ്യം. നിലവിളിച്ച് ആളെക്കൂട്ടാമായിരുന്നില്ലേ എന്നാണ് വ്യംഗ്യം. അതായത് ബലാത്സംഗം നേരിടുമ്പോൾ സ്ത്രീ ഉറക്കെ കരഞ്ഞിരിക്കണം. ബഹളംവെക്കണം, പ്രതിരോധിക്കണം, അതിനിടയിൽ മുറിവുപറ്റണം, എങ്ങനെയും രക്ഷപ്പെടാൻ ശ്രമിക്കണം. ജുഡീഷ്യറിയിൽപ്പോലും പാട്രിയാർക്കി അത്രത്തോളം വേരുറപ്പിച്ചിരിക്കുന്നു
മറക്കാറായിട്ടില്ല സൂര്യനെല്ലി പെൺകുട്ടിയെ. തന്റെ ശരീരത്തിൽ ഒട്ടേറെപ്പേർ നടത്തിയ കടന്നുകയറ്റത്തിനെതിരേ പ്രതികരിച്ചവൾ. ബലാത്സംഗക്കേസുകളെക്കുറിച്ച് പഠിക്കുന്നവർ ആദ്യം വായിക്കുന്ന ജീവിക്കുന്ന പാഠപുസ്തകം. ഈ കേസിൽ 2005-ൽ ഹൈക്കോടതി പുറപ്പെടുവിച്ച കുപ്രസിദ്ധമായ വിധി ഒന്നുകൂടി ഓർക്കാം. ‘സമ്മത’ത്തിന് വിചിത്രമായ വ്യാഖ്യാനങ്ങൾ നൽകുകയും പെൺകുട്ടിയുടെ സ്വഭാവശുദ്ധി ഇഴകീറി പരിശോധിക്കുകയുംചെയ്തു ആ വിധി. സ്വകാര്യഭാഗങ്ങളിൽ മുറിവും പഴുപ്പും ഉണ്ടായിട്ടും രോഗബാധിതയായിട്ടും പെൺകുട്ടി കരഞ്ഞില്ല എന്നതായിരുന്നു ഒരു പരാമർശം. ചെറുത്തുനിൽപ്പിന്റെ ലക്ഷണങ്ങളുണ്ടായില്ലെന്നും ഒരിക്കലും രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി. എങ്കിലും ഹൈക്കോടതിവിധി മേൽക്കോടതി തള്ളുകയും പിന്നീട് തിരുത്തുകയും ചെയ്തു. ഹൈക്കോടതി ജസ്റ്റിസുമാർ നടത്തിയ ‘ബാലവേശ്യ’ പരാമർശവും റദ്ദായി. എന്നിട്ടിപ്പോഴും ‘നിങ്ങൾ കരഞ്ഞില്ലേ?’ എന്ന ചോദ്യം കോടതിമുറികളിൽ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുന്നു.
വിചാരണയ്ക്കായി കോടതിയിലെത്തിയ തൃശ്ശൂർ സ്വദേശി ഷാഹിന(സ്ഥലവും പേരും യഥാർഥമല്ല) നേരിട്ടത് ‘കൈയിൽ മൊബൈൽ ഉണ്ടായിരുന്നില്ലേ’ എന്ന ചോദ്യമാണ്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബത്തിലെ അംഗമാണ് ഷാഹിന. വിവാഹശേഷമാണ് ഭർത്താവിന് മാനസിക വെല്ലുവിളിയുള്ള കാര്യം അറിയുന്നത്. അതിനിടയിൽ കുഞ്ഞ് ജനിച്ചു. കുട്ടി ഓട്ടിസ്റ്റിക്. ഇതിനിടയിൽ ഷാഹിനയുടെ സാഹചര്യങ്ങൾ മനസ്സിലാക്കി അയൽക്കാരൻ പിറകെക്കൂടി. പെരുന്നാളിന് വീട്ടിലെത്തിക്കാം എന്ന വാഗ്ദാനം വിശ്വസിച്ച് ഇറങ്ങിയ ഇയാൾ വാഹനത്തിൽ മറ്റൊരിടത്തെത്തിച്ച് ബലാത്സംഗംചെയ്യുകയായിരുന്നു. ഓട്ടിസ്റ്റിക്കായ കുഞ്ഞുമായി യാത്രചെയ്യുന്ന ഷാഹിനയ്ക്ക് വാഹനത്തിൽനിന്ന് ചാടിയിറങ്ങാമായിരുന്നില്ലേ, കൈയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ലേ എന്ന ചോദ്യങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. സമ്മതത്തോടെയാണ് പോയതെന്ന് പ്രതിഭാഗത്തിന് സ്ഥാപിച്ചെടുക്കാൻ ഇത് ധാരാളം.
.jpg?$p=dc98406&w=610&q=0.8)
മറ്റൊരു ഉദാഹരണം നോക്കാം. ചാവക്കാട് സ്വദേശിയായ(സ്ഥലം യഥാർഥമല്ല) സ്ത്രീയെ ക്രിമിനൽ പശ്ചാത്തലമുള്ള അയൽവാസി പീഡിപ്പിച്ചു. സ്ത്രീയുടെ ഭർത്താവ് ഗൾഫിലാണ്. കുട്ടികൾ സ്കൂളിൽപ്പോയ സമയത്ത് തുണിയലക്കുകയായിരുന്ന സ്ത്രീയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു. പിടിവലിയിൽ പ്രതിക്ക് പരിക്കേറ്റു. കോടതി നിസ്സംശയം സ്ത്രീയുടെ പക്ഷത്തായിരുന്നു. സ്ത്രീ പ്രതിരോധിച്ചു, അതിനിടയിൽ പ്രതിക്ക് മുറിവേറ്റിട്ടുണ്ട്. തന്നെയുമല്ല, പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ അതിജീവിതയ്ക്ക് ജീവഭയം ഉണ്ടായിരുന്നിരിക്കാം. സമൂഹത്തിന്റെ പുരുഷമേധാവിത്ത്വ മനോഭാവത്തെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും ഈ കേസിലുണ്ടായിരുന്നു.
മുന്വിധിയുടേതല്ല ആ കസേര - ദീപിക സിങ് രജാവത്ത് (കഠുവ കൂട്ടബലാത്സംഗക്കേസിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കുവേണ്ടി ഹാജരായ അഭിഭാഷക)
![]() " പ്രതിഭാഗത്തിന് എത്രചോദ്യങ്ങൾ വേണമെങ്കിലും ചോദിക്കാം. എതിർവിസ്താരത്തിലൂടെ മാനസികമായി തകർക്കാനാണ് പ്രതിഭാഗം ലക്ഷ്യമിടുന്നത്. ആരാണ് നിങ്ങളുടെ വസ്ത്രം നീക്കിയത്? നിങ്ങളുടെ അടിവസ്ത്രം അയാൾ അഴിച്ചുമാറ്റിയോ? എവിടെയാണ് അയാൾ ആദ്യം തൊട്ടത് എന്നെല്ലാം പ്രതിഭാഗം വക്കീൽ ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഡിഫൻസ് കൗൺസിൽ ചിലപ്പോൾ ഇതിൽ ആഹ്ലാദം കണ്ടെത്തുന്നുമുണ്ട്. അതിജീവിതയെ എതിർവിസ്താരം ചെയ്യുമ്പോൾ മാനഹാനി ഉണ്ടാക്കരുതെന്ന് നിയമമുണ്ട്. പ്രതിഭാഗം വക്കീൽ നന്നായി പെരുമാറിയതുകൊണ്ടുമാത്രം കാര്യമില്ല. കോടതിയും നീതിന്യായ ഉദ്യോഗസ്ഥരും വിശാലമനഃസ്ഥിതിയുള്ളവരാവണം. മികച്ച പരിശീലനം ലഭിച്ച, നന്നായി വിഷയം പഠിച്ച, നന്നായി പ്രാക്ടീസ് ചെയ്തിട്ടുള്ള നീതിന്യായ ഉദ്യോഗസ്ഥരാണ് നമുക്കുവേണ്ടത്. സ്ത്രീകളെക്കുറിച്ച് പ്രത്യേക മനഃസ്ഥിതിയുമായി ഇരിക്കുന്ന ആളുകളെ ആ കസേരയിൽ വേണ്ട." |
ഇതേത് നൂറ്റാണ്ടാണ്!
പരാമർശം തങ്ങളെ നിരാശരാക്കിയെന്നുകാണിച്ച് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് കർണാടക ഉൾപ്പെടെ 17 സംഘടനകളും ചരിത്രകാരൻ രാമചന്ദ്രഗുഹ, മാധ്യമപ്രവർത്തക ശർദ ഉഗ്ര എന്നിവരും ജസ്റ്റിസ് ദീക്ഷിതിന് തുറന്ന കത്തെഴുതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും കോടതിയിലെ മുതിർന്ന വനിതാ അഭിഭാഷകരെയും അഭിസംബോധന ചെയ്തുകൊണ്ട് ഡൽഹിയിലെ അഭിഭാഷക അപർണ ഭട്ടും തുറന്ന കത്തെഴുതി. അംഗീകരിക്കാൻ സാധ്യമല്ലാത്തത് ജഡ്ജിയിൽനിന്നാണെങ്കിലും അംഗീകരിക്കാനാവില്ലെന്നും ഇതിനെ സ്ത്രീവിരുദ്ധതയെന്നാണ് വിളിക്കേണ്ടതെന്നുമാണ് അപർണ പറഞ്ഞത്. 25 വർഷത്തെ (1984-2009) ബലാത്സംഗവിധികൾ അവലോകനംചെയ്തുകൊണ്ട് ദേശീയ നിയമസർവകലാശാല പ്രൊഫസർ മൃണാൾ സതീഷ് എഴുതിയ ‘ഡിസ്ക്രെഷൻ, ഡിസ്ക്രിമിനേഷൻ ആൻഡ് ദ റൂൾ ഓഫ് ലോ’ എന്ന പുസ്തകത്തിൽ ബലാത്സംഗവുമായി ബന്ധപ്പെട്ട മിത്തുകളും യാഥാസ്ഥിതികതയും കോടതിവിധികളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് നിരീക്ഷിക്കുന്നു.
എതിർവിസ്താരം പ്രതിയുടെ അവകാശമാണ് -വി. ഷെർസി
(റിട്ട. ഹൈക്കോടതി ജഡ്ജി) ![]() സാക്ഷി/അതിജീവിതയെ എതിർവിസ്താരംചെയ്യുന്നത് സത്യം വേർതിരിച്ചെടുക്കാനുള്ള പ്രതിയുടെ അവകാശമാണ്. അതിജീവിതയെ അപമാനിക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ കോടതികൾ ഇടപെടാറുണ്ട്. ന്യായാധിപർ നിശ്ശബ്ദരായ കാണികളോ റെക്കോഡിങ് മെഷീനോ അല്ല. വിചാരണയിലുടനീളം ജഡ്ജി സജീവമായിരിക്കണം. ജാഗ്രതയോടെയും ശ്രദ്ധയോടെയും ഇരിക്കണം. ആവശ്യമെന്നുതോന്നുമ്പോൾ ഇടപെടുകയും ചോദ്യങ്ങൾ നിയന്ത്രിക്കുകയും വേണം. പബ്ലിക് പ്രോസിക്യൂട്ടർമാരും ഇക്കാര്യത്തിൽ ജാഗ്രതപാലിക്കണം. പ്രതിഭാഗം വക്കീലിനെ കയറൂരിവിടരുത്. എവിഡൻസ് ആക്ടിലെ 151, 152 സെക്ഷനുകൾപ്രകാരം അതിജീവിതയോടുള്ള മര്യാദയില്ലാത്ത, പ്രകോപനപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് പ്രതിഭാഗത്തെ തടയാൻ കോടതിക്ക് അധികാരമുണ്ട്. - |
അതിജീവിതമാരെ പലപ്പോഴും സമീപിക്കുന്നത് അനുകമ്പയോടെയല്ല. നിയമവശങ്ങൾമാത്രം ചൂണ്ടിക്കാട്ടി ‘ജെൻഡർ സ്റ്റീരിയോടൈപ്പ്ഡ്’ നിലപാട് എടുക്കാറുമുണ്ട്. ബലാത്സംഗം നേരിടുന്ന സ്ത്രീ പ്രതിരോധിക്കുകയാണെങ്കിൽ എങ്ങനെ പ്രതിക്ക് അതിക്രമം ചെയ്യാനാവുമെന്ന് ചിന്തിക്കുന്നവരോട് എന്തുപറയാൻ? ഒരു സ്ത്രീ എത്രനേരം പ്രതിരോധിക്കും?സാഹചര്യമനുസരിച്ച് ഓരോരുത്തരുടെയും പ്രതികരണവും വ്യത്യസ്തമായിരിക്കും. ഇതൊന്നും സാമാന്യവത്കരിക്കാനാവില്ല. ഉപദ്രവിക്കുന്നതിനിടെ പുരുഷന്റെ ജനനേന്ദ്രിയത്തിലേക്ക് ചവിട്ടാൻ കെൽപ്പുള്ളവരുണ്ടാകും. ചെറിയൊരു സ്പർശനംപോലും ജീവഭയമായി അനുഭവിക്കുന്നവരുമുണ്ടാവും. അതിനാൽത്തന്നെ ഓരോ കേസും ഓരോ അതിജീവിതയും വ്യത്യസ്തമാണ്.
‘സമ്മതം’ എന്നത് പുനർനിർവചിക്കണം - സപ്ന പരമേശ്വരത്ത്
(പബ്ലിക് പ്രോസിക്യൂട്ടര്‍, പുനര്‍ജനി വനിതാ അഭിഭാഷക സ്ഥാപകാംഗം)
![]() ‘‘സമ്മതമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ അതിജീവിത ജീവിതത്തിലെ ഏറ്റവും നിർണായകനിമിഷങ്ങളാണ് കോടതിമുറിയിൽ നേരിടുക. നീതിയുടെ ഭാരം മുഴുനും പരാതിക്കാരിയുടെ ചുമലിലാണ്. സമ്മതം ഉറപ്പാക്കുന്ന കാര്യത്തിൽ അഖണ്ഡിതമായ മാനദണ്ഡം കൊണ്ടുവരണം. നീതിയുടെ ഭാരം അതിജീവിതയിൽനിന്ന് കുറ്റാരോപിതനിലേക്ക് മാറ്റുകയും ‘സമ്മതം’ തെളിയിക്കാനുള്ള ബാധ്യത കുറ്റാരോപിതന്റേതാക്കുകയും ചെയ്യുകയാണ് പോംവഴി. രണ്ടുപേർ തമ്മിൽ പത്തുതവണ ലൈംഗികബന്ധമുണ്ടായി. പതിനൊന്നാമത്തെ തവണ സ്ത്രീ പറ്റില്ലെന്നുപറഞ്ഞാൽ അതംഗീകരിക്കാതെ നിർബന്ധിത സെക്സ് നടത്തുന്നത് ബലാത്സംഗംതന്നെയാണ്. പക്ഷേ, കോടതിയിലെത്തുമ്പോൾ പത്തുതവണ ലൈംഗികബന്ധം നടത്തിയതിനാൽ പതിനൊന്നാമത്തേത് ബലാത്സംഗമല്ല. ‘സമ്മതം’ എന്നത് പുനർനിർവചിക്കണം’’ |
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..