കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. കേസിലെ ഏഴ് ദൃക്സാക്ഷികളിൽ ആദ്യത്തെ സാക്ഷിയെയാണ് പ്രോസിക്യൂഷൻ വ്യാഴാഴ്ച വിസ്തരിച്ചത്. രണ്ടാമത്തെ ദൃക്സാക്ഷിയെ വെള്ളിയാഴ്ച വിസ്തരിക്കും. കേസിലെ 16 പ്രതികളും കോടതിയിൽ ഹാജരായിരുന്നു. ഒരേപോലെ വേഷം ധരിച്ചാണ് പ്രതികൾ കോടതിയിലെത്തിയത്.

To advertise here,

പ്രതികളെല്ലാവരും വെള്ള നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു ധരിച്ചത്. തൊപ്പിയും മുഖം മറയ്ക്കുന്ന മാസ്‌ക്കും ധരിച്ചിരുന്നു. മുഖംമൂടിയും തൊപ്പിയുമെല്ലാം മാറ്റാൻ കോടതി നിർദേശിച്ചു. ആക്രമണം നേരിടുന്ന സമയത്ത് അഭിമന്യുവിനൊപ്പമുണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ സാക്ഷിയെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് വിസ്തരിച്ചു. 13 പ്രതികളെ സാക്ഷി കോടതിമുറിയിൽ തിരിച്ചറിഞ്ഞു.

പ്രതികളെല്ലാവരും ഒരേപോലെ തലമുടി വെട്ടി, ഷേവ് ചെയ്താണ് വന്നിരിക്കുന്നതെന്നും എങ്കിലും തിരിച്ചറിയാൻ ശ്രമിക്കാമെന്നും പറഞ്ഞാണ് സാക്ഷി പ്രതികളെ നിരീക്ഷിച്ചത്. മറ്റു പലരുടെയും ഫോട്ടോകളിൽ നിന്നായി പ്രതികളെ തഹസിൽദാർ മുൻപാകെ താൻ തിരിച്ചറിഞ്ഞതും സാക്ഷി ചൂണ്ടിക്കാട്ടി. എന്നാൽ ഈ കൂട്ടത്തിൽ നിന്ന് മൂന്നു പ്രതികളെ ഇപ്പോൾ തിരിച്ചറിയാനാകുന്നില്ലെന്നും വ്യക്തമാക്കി.

പ്രതികളുടെ രൂപമാറ്റം പ്രോസിക്യൂഷനും കോടതിയിൽ ഉന്നയിച്ചു. ഇപ്പോൾ സാക്ഷി തിരിച്ചറിഞ്ഞ പ്രതികൾ ഇനിയും രൂപമാറ്റം വരുത്തി കോടതിയിൽ ഹാജരായി തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമുണ്ടാകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. വ്യാഴാഴ്ചയെത്തിയതിന് വ്യത്യസ്തമായ രൂപത്തിൽ തുടർന്നുള്ള ദിവസങ്ങളിലോ എതിർവിസ്താരം നടക്കുമ്പോഴോ പ്രതികളെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു.

ദൃക്സാക്ഷികളായ ഏഴു പേരുടെയും പ്രഥമ വിസ്താരം കഴിഞ്ഞതിനുശേഷം മാത്രം എതിർവിസ്താരം നടത്താൻ അനുമതി നൽകണമെന്ന ആവശ്യം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. അഭിമന്യുവിന്റെ സഹോദരനും 18-ാം സാക്ഷിയുമായ പരിജിത്ത് മനോഹരന് വേണ്ടി ഹാജരാകുന്ന അഡ്വ. കെ.എസ്. അരുൺകുമാർ ഈ ആവശ്യത്തെ എതിർത്തു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്. പ്രതികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ഉൾപ്പെടെയുള്ളവർ ഹാജരായി.

കേസിൽ 156 സാക്ഷികളാണുള്ളത്. നവംബർ 12-നകം വിസ്താരം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2018 ജൂലായ് രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. ചുവരെഴുത്തിനെച്ചൊല്ലി എസ്.എഫ്.ഐ.-കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. സംഭവം നടന്ന് എട്ടുവർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.