
തിരുവനന്തപുരം: തലച്ചോറിൽനിന്ന് നേരിട്ട് തെളിവുകൾ പിടിച്ചെടുക്കുന്ന ബ്രെയിൻ മാപ്പിങ്ങിലൂടെ ആദ്യമായി പ്രതിയെ കുടുക്കി കേരളപോലീസ്. ഒൻപതരവർഷം പോലീസിനെ ചുറ്റിച്ച കൂടത്തിൽ കൊലപാതകപരമ്പരയിലെ പ്രതി രവീന്ദ്രൻനായരാണ് ബെംഗളൂരുവിലെ കേന്ദ്രത്തിൽനടന്ന ബ്രെയിൻ മാപ്പിങ്ങിൽ കുടുങ്ങിയത്.
അറിയാത്ത കാര്യങ്ങളോടും അറിയാവുന്നവയോടും തലച്ചോർ പ്രതികരിക്കുന്ന വ്യത്യസ്ത ഫ്രീക്വൻസികളാണ് ഇവിടെ 'സാക്ഷ്യം പറയുക'. ആ തരംഗങ്ങളെ കംപ്യൂട്ടർ സോഫ്റ്റ്വെയർ ഉത്തരമാക്കി മാറ്റും. കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടേതുൾപ്പെടെയുള്ള ദുരൂഹമരണങ്ങളിൽ പ്രതി രവീന്ദ്രനാണെന്ന് ഉറപ്പിച്ചിട്ടും പോലീസിന് ഉറച്ച തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പ്രതിയെ ബെംഗളൂരുവിലെത്തിച്ച് 'ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ്' എന്ന ബ്രെയിൻ മാപ്പിങ്ങിന് മുതിർന്നതെന്ന് സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റൻഡ് കമ്മിഷണർ എം.ഐ. ഷാജി പറഞ്ഞു.
മുൻമൊഴികളെല്ലാം കള്ളമെന്ന് തരംഗങ്ങളുടെ സാക്ഷ്യം
പ്രതിയുടെ തലയോട്ടിയിൽ 30 ഇലക്ട്രോഡുകളുള്ള ഒരു ക്യാപ്പ് ധരിപ്പിച്ചാണ് ചോദ്യങ്ങൾ. മയക്കാതെയും മരുന്നുകൾ ഉപയോഗിക്കാതെയും പ്രതിയുടെ സ്വാഭാവിക മാനസികാവസ്ഥയിലാണ് ചോദ്യംചെയ്യൽ. പ്രതി സമ്മതം എഴുതിനൽകിയാലേ ചെയ്യാനുമാകൂ.
ജയമാധവൻ നായർ മരിക്കുമ്പോൾ അടുത്തുണ്ടായിരുന്നോ എന്ന ചോദ്യത്തിന് 'അതേ, അവിടെയുണ്ടായിരുന്നു' എന്ന് രവീന്ദ്രന്റെ മസ്തിഷ്കത്തിലെ തരംഗം മറുപടി നൽകി. രക്തംപുരണ്ട കിടക്കവിരിയും തലയണയും നശിപ്പിച്ച കാര്യവും മസ്തിഷ്കം സമ്മതിച്ചു. ഇത്തരത്തിൽ നൂറിലധികം ചോദ്യങ്ങളോട് തലച്ചോർ പ്രതികരിച്ചതോടെ ഇയാൾ മുൻപ് നൽകിയ മൊഴികളെല്ലാം കള്ളമാണെന്ന് ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടു.
ഇക്കാര്യങ്ങൾ വിലയിരുത്തിയശേഷമാണ് കഴിഞ്ഞദിവസം പ്രതിയെ വിളിച്ചുവരുത്തി അറസ്റ്റുചെയ്തത്.'ബ്രെയിൻ മാപ്പിങ് പരിശോധനയുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്, ജയമാധവന്റെ കൊലപാതകത്തിൽ രവീന്ദ്രൻ നായർക്ക് അനുഭവപരമായ പങ്ക് (എക്സ്പീരിയൻഷ്യൽ നോളജ്) ഉണ്ടെന്നാണ്' -റിപ്പോർട്ടിലെ തീർപ്പ് ഇങ്ങനെയാണ്.
ഇന്ത്യ വികസിപ്പിച്ച സംവിധാനം; കോടതിയിൽ പക്ഷേ, ചോദ്യംചെയ്യപ്പെട്ടേക്കും
:ജസ്ന തിരോധാനക്കേസിൽ സി.ബി.ഐ. ബ്രെയിൻ മാപ്പിങ് സങ്കേതം ഉപയോഗിച്ചിട്ടുണ്ട്. ബെംഗളൂരു നിംഹാൻസിലെ ന്യൂറോ സൈക്കോളജിസ്റ്റായിരുന്ന പ്രൊഫ. സി.ആർ. മുകുന്ദനാണ് ഇത് വികസിപ്പിച്ചത്. 95 ശതമാനം കൃത്യതയുണ്ട്.
അതേസമയം, കൂടത്തിൽ കേസിൽ ബ്രെയിൻ മാപ്പിങ്ങിനെ പ്രതിഭാഗം ചോദ്യംചെയ്തേക്കും. ഇത് അവസാനതെളിവായി സ്വീകരിക്കരുത് എന്ന മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷണന്റെ വിധി ഉയർത്തിക്കാട്ടിയാവും പ്രതിരോധിക്കുക.
രണ്ടുപേരെക്കൂടി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു
കരമന കൂടം തറവാട്ടിലെ ജയമാധവൻ നായരുടെ ദുരൂഹമരണത്തിൽ രണ്ടുപേരെക്കൂടി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. ഒന്നാംപ്രതി രവീന്ദ്രൻ നായരെ സഹായിച്ചുവെന്ന് സംശയിക്കുന്ന മുൻ കാര്യസ്ഥൻ കാലടി മുടുമ്പിൽവീട്ടിൽ സഹദേവൻ, മരുമകൻ സെന്തിൽ എന്നിവരെയാണ് ബുധനാഴ്ച ചോദ്യംചെയ്തത്. ഇവരെ പ്രതിപ്പട്ടികയിൽ ചേർത്തേക്കും.
ജയമാധവൻ നായരെ ആശുപത്രിയിൽ എത്തിച്ചത് തന്റെ ഓട്ടോറിക്ഷയിലാണെന്നു കള്ളമൊഴിനൽകാൻ അഞ്ചുലക്ഷം രൂപ സെന്തിൽ വാഗ്ദാനം നൽകിയെന്ന് സുമേഷ് എന്ന ഓട്ടോറിക്ഷാഡ്രൈവർ നൽകിയ മൊഴിയിലാണ് ഇരുവരെയും വിളിച്ചുവരുത്തി ചോദ്യംചെയ്തത്. കൂടം തറവാടുവീടിനു സമീപത്തെ താമസക്കാരനാണ് ഓട്ടോറിക്ഷാഡ്രൈവറായ സുമേഷ്.
സുമേഷിന്റെ ഓട്ടോറിക്ഷയിലാണ് ജയമാധവൻ നായരെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് രവീന്ദ്രൻ പോലീസിനു മൊഴിനൽകിയിരുന്നത്.
കേസിലെ രണ്ടാംപ്രതി അനിലിന്റെ കാറിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജയമാധവൻ നായരെ എത്തിച്ചതെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. ഈ കാർ ഓടിച്ചിരുന്നത് മൂന്നാംപ്രതി സജുവായിരുന്നു.
കേസിൽ തറവാട്ടിലെ വീട്ടുജോലിക്കാരി ലീലയും സംശയനിഴലിലാണ്. ജയമാധവൻ നായർ മരിച്ചതിനു പിന്നാലെ ബെഡ്ഷീറ്റും തലയണയും ഇവരാണ് കത്തിച്ചുകളഞ്ഞതെന്ന് പോലീസ് സംശയിക്കുന്നു. വ്യാജ വിൽപ്പത്രം തയ്യാറാക്കിയ ആധാരമെഴുത്തുകാരനും പോലീസ് നിരീക്ഷണത്തിലാണ്.
ജയപ്രകാശിന്റെ മരണത്തിലെ ദുരൂഹത പുറത്തുപറയാതിരിക്കാൻ വീട്ടുജോലിക്കാരി ലീലയ്ക്ക് 25 ലക്ഷം രൂപ നൽകിയെന്നും ഇവർ ഈ തുകയുപയോഗിച്ച് വീടും വസ്തുവും വാങ്ങിയെന്നും സഹദേവന് അഞ്ചുലക്ഷം നൽകി എന്നും ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരി നേരത്തേ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
ഒന്നാംപ്രതി രവീന്ദ്രൻ നായരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്താലേ ഇവരുടെയെല്ലാം പങ്ക് വ്യക്തമാകൂ. രവീന്ദ്രൻ നായരെ കസ്റ്റഡിയിൽ വാങ്ങാൻ ഉടൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകും.
അബുദാബിയിലുള്ള മൂന്നാംപ്രതിയും കാർഡ്രൈവറുമായ സജുവിനെ നാട്ടിലെത്തിക്കാനും പോലീസ് ശ്രമം ആരംഭിച്ചു.
Content Highlights: Kerala Police uses brain mapping for the first time to crack a murder case., Prime suspect Ravindran Nair was tested at a center in Bengaluru., Brain electrical oscillation signature profiling revealed inconsistencies in the suspect's previous statements., Crime Branch is further investigating accomplices and preparing custody petitions.
Published: 16 Oct 2026, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented