വേണ്ടത് അക്കാദമിക് മികവോ രാഷ്ട്രീയത്തികവോ?; നിയമഭേദഗതിക്കും നിയമനടപടികള്‍ക്കുമിടയില്‍ സർവകലാശാലകള്‍


ശ്യാം മുരളി

പ്രിയ വർഗീസ്, ആരിഫ് മുഹമ്മദ് ഖാൻ

ര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനങ്ങള്‍ എല്ലാകാലത്തും ഉണ്ടായിരുന്നു. അധികാരം കൈയിലുള്ളവര്‍ സ്വന്തം ആള്‍ക്കാരെ തിരുകിക്കയറ്റാന്‍ ചട്ടങ്ങളെ അട്ടിമറിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്‍വാതില്‍ നിയമനത്തിന് നിയമസാധുത നല്‍കുന്നതിന് സമാനമായിരുന്നു യുജിസിയുടെ 2018-ലെ റഗുലേഷന്‍ എന്ന് ഉന്നത വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ പലരും ചൂണ്ടക്കാണിക്കുന്നു. ഇപ്പോള്‍ പ്രിയ വർഗീസിന്‍റെ നിയമനത്തിലടക്കം ചൂണ്ടിക്കാണിക്കപ്പെടുന്ന വ്യവസ്ഥകള്‍ റഗുലേഷനില്‍ ചേർക്കപ്പെടുന്നത് അങ്ങനെയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അധ്യയനത്തിന്‍റെ ഗുണനിലവാരം വർധിപ്പിക്കാനാണെന്ന സാധൂകരണമാണ് നല്‍കപ്പെടുന്നതെങ്കിലും പുതിയ വ്യവസ്ഥകളുടെ പ്രായോഗിക ഫലങ്ങള്‍ അതല്ല.

അക്കാദമിക് മെറിറ്റിന് (അക്കാദമിക് പെര്‍ഫോമന്‍സ് ഇന്‍ഡക്സ്- എപിഐ സ്‌കോര്‍) പ്രാധാന്യം നല്‍കിയുള്ള നിയമന മാനദണ്ഡങ്ങളായിരുന്നു 2010-ലെ യുജിസി റഗുലേഷന്‍ പ്രകാരം നിലവിലുണ്ടായിരുന്നത്. ബിരുദ, ബിരുദാനന്തര ബിരുദ മാര്‍ക്കിന്റെ ശതമാനം, അധ്യാപന പരിചയം, നാഷണല്‍-ഇന്റര്‍നാഷണല്‍ റിസര്‍ച്ച് പബ്ലിക്കേഷനുകള്‍, ജെആര്‍ഫ്, നെറ്റ് എന്നിവയ്ക്കു ലഭിക്കുന്ന മാര്‍ക്ക് എന്നിവയും, ഇതിനൊടൊപ്പം ഇന്റര്‍വ്യൂവിലെ പ്രകടനത്തിനു ലഭിക്കുന്ന മാര്‍ക്കും ചേര്‍ന്ന സ്‌കോര്‍ ആയിരുന്നു നിയമനത്തിനുള്ള അടിസ്ഥാനം. 2018 റഗുലേഷനോടെ അതിന് മാറ്റംവന്നു.2018-ലെ റഗുലേഷന്‍ അനുസരിച്ച് എപിഐ സ്‌കോര്‍ എത്ര നേടിയാലും ഇന്റര്‍വ്യൂവിലെ പ്രകടനം മാത്രമാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കാന്‍ പരിഗണിക്കുക. അതായത്, എപിഐ സ്‌കോര്‍ പരിഗണിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ആ ചുരുക്കപ്പട്ടികയില്‍ നിന്നുള്ളവരെ ഇന്റര്‍വ്യൂ നടത്തി, അതിലെ പ്രകടനം മാത്രം കണക്കിലെടുത്ത് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യാം. അക്കാദമികമായ മിടുക്ക് മാത്രം പരിഗണിച്ച് തിരഞ്ഞെടുക്കപ്പെടുന്നവര്‍ നല്ല അധ്യാപകരാകണമെന്നില്ലെന്നും ഇന്റര്‍വ്യൂവിലെ പ്രകടനമായിരിക്കണം അധ്യാപകരെ തിരഞ്ഞെടുക്കാനുള്ള അന്തിമ മാനദണ്ഡമെന്നുമാണ് ഈ ഭേദഗതിക്ക് യുജിസി പറയുന്ന ന്യായീകരണം.

ഏറ്റവും ഉയര്‍ന്ന എപിഐ സ്‌കോര്‍ കിട്ടുന്ന ഉദ്യോഗാര്‍ഥികളെ കട്ട്-ഓഫ് മാര്‍ക്ക് നിശ്ചയിച്ച് തിരഞ്ഞെടുത്ത് ഇന്റര്‍വ്യൂവിന് വിളിക്കുകയും ഇന്റര്‍വ്യൂവിലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുകയും ചെയ്യുക എന്നതാണ് യുജിസിയുടെ 2018-ലെ റഗുലേഷന്‍ പ്രകാരം ഇപ്പോള്‍ നടത്തിവരുന്നത്. ഉയര്‍ന്ന ഇംപാക്ട് ഫാക്ടര്‍ ഉള്ള അന്താരാഷ്ട്ര ജേണലുകളില്‍ അടക്കം ഗവേഷണ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ക്കും ഉയര്‍ന്ന ഗവേഷണ-അധ്യാപനപരിചയം ഉള്ളവര്‍ക്കുമെല്ലാം തങ്ങളുടെ മികവ് ചുരുക്കപ്പട്ടികയില്‍ കടന്നുകൂടാന്‍ മാത്രമേ പ്രയോജനപ്പെടൂ എന്നതാണ് അവസ്ഥ. നിരവധി ലൂപ് ഹോളുകള്‍ നിലനിര്‍ത്തി, വലിയ അട്ടിമറികള്‍ക്ക് വാതില്‍ തുറന്നിടുന്നതാണ് ഈ വ്യവസ്ഥ. ഇപ്പോള്‍ നടക്കുന്ന അനധികൃത നിയമനങ്ങളെയെല്ലാം 'നിയമവിധേയ'മാക്കുന്നത് യുജിസിയുടെ ഈ റഗുലേഷനാണെന്ന് പറയാം.

റാങ്ക് പട്ടികയെ ശീര്‍ഷാസനം ചെയ്യിക്കുന്ന വിധം

ഒരു പോസ്റ്റിലേക്ക് ലഭിക്കുന്ന അപേക്ഷകളിന്‍മേല്‍ സൂക്ഷ്മ പരിശോധന നടത്തി എത്രപേരെ ഇന്റര്‍വ്യൂവിന് വിളിക്കണം എന്ന കാര്യം യുജിസി നിഷ്‌കര്‍ഷിക്കുന്നില്ല. അക്കാര്യം അതാത് യൂണിവേഴ്സിറ്റികള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാം. അതുകൊണ്ട് ഓരോ യൂണിവേഴ്സിറ്റിയും വ്യത്യസ്ത തരത്തിലാണ് ഇക്കാര്യംചെയ്യുന്നത്. ഒരു സര്‍വകലാശാല 60 മാര്‍ക്കാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള കട്ട് ഓഫ് ആയി നിശ്ചയിക്കുന്നതെങ്കില്‍, ബിരുദാനന്തര ബിരുദത്തിന് 60% മാര്‍ക്കും പി.എച്ച്.ഡിയും ഉണ്ടെങ്കില്‍ ചിലപ്പോള്‍ ഈ കട്ട്-ഓഫ് മറികടന്ന് ഇന്റര്‍വ്യൂവിനുള്ള ചുരുക്കപ്പട്ടികയില്‍ കടന്നുകൂടാനാവും. കട്ടോഫ് നിശ്ചയിച്ച് ചിലരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും മറ്റുചിലരെ ഒഴിവാക്കാനുമുള്ള അവസരംകൂടി ഇതുമൂലം ഉണ്ടാവുന്നു. പിന്നെ ഇന്റര്‍വ്യൂ മാത്രം മതി. ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ തീരുമാനിച്ചാല്‍ ഇന്റര്‍വ്യൂവില്‍ എന്തുതരത്തിലുള്ള പ്രകടനം നടത്തിയാലും ഒരാള്‍ക്ക് നിയമനം നല്‍കാനാകും. ഇന്റര്‍വ്യൂവിലെ പ്രകടനത്തിന്റെ വിലയിരുത്തല്‍ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ വ്യക്തിപരമായ വിലയിരുത്തലിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 'പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം, പ്രധാന വിഷയത്തിലും ഇതര വിഷയങ്ങളിലും ഉള്ള അറിവ് എന്നിവ വിലയിരുത്തിയാണ് സെലക്ഷന്‍ കമ്മിറ്റി മാര്‍ക്കിടുന്നത്' എന്ന് അവകാശപ്പെടുമ്പോഴും അങ്ങനെതന്നെയാണോ സംഭവിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ മാർഗമില്ല.

അതായത് കട്ടോഫ് മാര്‍ക്ക് നിശ്ചയിക്കല്‍, ഒരു പോസ്റ്റിലേക്ക് എത്ര പേരെ ഇന്റര്‍വ്യൂവിന് വിളിക്കണമെന്ന് തീരുമാനിക്കല്‍, ഇന്റര്‍വ്യൂവിലെ പ്രകടനത്തിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നല്‍കി നിയമനം നല്‍കല്‍- ഇത്രയും 'ലളിത'മാണ് നിലവില്‍ സര്‍വകലാശാലകളില്‍ നടക്കുന്ന നിയമന അട്ടിമറിയുടെ സാങ്കേതികത. സര്‍വകലാശാല വി.സി, രജിസ്ട്രാര്‍, സ്‌ക്രീനിങ് കമ്മിറ്റി, ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങി, സര്‍ട്ടിഫിക്കറ്റുകളുടെ പ്രാഥമിക പരിശോധന നടത്തുന്ന ക്ലര്‍ക്കുമാരുടെ നിയമനംവരെ രാഷ്ട്രീയ താല്‍പര്യപ്രകാരമാകുമ്പോള്‍ കാര്യങ്ങള്‍ ലളിതമായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അതായത്, ഫലത്തില്‍ ഇന്റര്‍വ്യൂ മാത്രമായി യോഗ്യതാ കടമ്പ ചുരുങ്ങുന്നു. ഇന്‍റർവ്യൂവില്‍ പങ്കെടുക്കുന്നവരില്‍ എത്ര മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗാർഥിയുണ്ടായാലും ഇന്‍റർവ്യൂ ബോർഡിന് അഭിമതനായ ആള്‍ക്ക് നറുക്ക് വീഴും.

യുജിസി റഗുലേഷനു പിന്നിലും നിക്ഷിപ്ത താല്‍പര്യങ്ങള്‍?

ഒറ്റനോട്ടത്തില്‍ത്തന്ന അട്ടിമറികള്‍ക്ക് വഴിമരുന്നിടുംവിധത്തിലുള്ള ഇത്തരമൊരു ചട്ടഭേദഗതി എന്തിനാണ് യുജിസി കൊണ്ടുവന്നത്? 2018-ലെ യുജിസി റഗുലേഷനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ട ഉണ്ടായിരുന്നു എന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള അധ്യാപക നിയമനങ്ങള്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള ബിജെപിയുടെ താല്‍പര്യമാണ് ഇതിനു പിന്നിലുള്ളതെന്നാണ് ആരോപണം. രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ അടുത്ത കുറച്ചുവര്‍ഷങ്ങളായി നടക്കുന്ന നിയമനങ്ങളും അവയ്ക്കെതിരായി ഉണ്ടായിട്ടുള്ള ആക്ഷേപങ്ങളും ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ചിത്രം ലഭിക്കുകയും ചെയ്യും.

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കരയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് | ഫോട്ടോ: റിദിന്‍ ദാമു

ആറായിരത്തോളം ഒഴിവുകളാണ് രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ വിവിധ വിഭാഗങ്ങളിലായി ഉണ്ടാകുന്നത്. ഇതില്‍ ഭൂരിപക്ഷവും രാഷ്ട്രീയനിയമനങ്ങളായേക്കുമെന്ന ആശങ്ക അക്കാദമിക രംഗത്തുള്ളവർ പങ്കുവെക്കുന്നുണ്ട്. ചട്ടം ഭേദഗതിചെയ്ത് ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ നടപ്പാക്കുന്ന കാര്യം തന്നെയാണ് ഭേദഗതിയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലും നടപ്പാക്കുന്നത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും ഒരേ നിയമത്തെ 'സഹവര്‍ത്തിത്വ'ത്തോടെ ഉപയോഗപ്പെടുത്തുന്ന മനോഹര കാഴ്ചയാണ് ഇവിടെ കാണാനാകുക. സര്‍വകലാശാലാ നിയമനങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും കൊമ്പുകോര്‍ക്കുകയും ചാന്‍സലര്‍ പദവി ഗര്‍വര്‍ണറില്‍നിന്ന് എടുത്തുമാറ്റാന്‍ കേരള സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരികയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വസ്തുതകള്‍ കൂടുതല്‍ കൗതുകമുണര്‍ത്തുന്നു.

നിയമഭേദഗതിയിലേക്കും നിയമനടപടികളിലേക്കും നീളുന്ന നിയമനവിവാദം

പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവിവാദങ്ങള്‍ക്കു മുന്‍പുതന്നെ ആരംഭിക്കുകയും അതിനോടൊപ്പം വഷളാകുകയും ചെയ്ത വിവാദമാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സിയുടെ പുനര്‍നിയമനം. പദവികളുടെ കൊടുക്കല്‍വാങ്ങലുകളാണ് കണ്ണൂര്‍ വി.സി. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിലും പ്രിയ വര്‍ഗീസിന്റെ നിയമനത്തിലും ഉള്ളതെന്നാണ് ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നവര്‍ ആരോപിക്കുന്നത്. ഈ വിഷയത്തില്‍ ഗവർണർ നടത്തുന്ന ഏറ്റുമുട്ടലുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കുകയാണ് ഭരണപക്ഷം. അധികാരമുണ്ടെങ്കില്‍ സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനങ്ങളും ജന്മാവകാശമാണെന്നു കരുതുന്നവരാണ് ഇരുവിഭാഗവുമെന്ന് ഇപ്പോഴത്തെ സംഭവങ്ങള്‍ നിരീക്ഷിച്ചാല്‍ വ്യക്തമാകും.

പൂര്‍ണമായും രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി, മാനദണ്ഡങ്ങളോ മെറിറ്റോ പരിഗണിക്കാതെ, ചട്ടങ്ങള്‍ പാലിക്കാതെയാണ് കണ്ണൂർ വി.സിക്ക് സർക്കാർ പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചത് എന്നായിരുന്നു ഉയര്‍ന്ന ആരോപണം. പുനര്‍നിയമനം എന്ന കീഴ്​വഴക്കം ഇല്ലാതിരിക്കേ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിടുകയും പ്രായപരിധി മാനദണ്ഡം പരിഗണിക്കാതിരിക്കുകയും ചെയ്തുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ ഈ നടപടി. ഇക്കാര്യങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും ഫയലില്‍ ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിതനായെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍, ഒടുവില്‍ വി.സിയുടെ പുനര്‍നിയമനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചു. ഇപ്പോള്‍ കേസ് ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെയാണുള്ളത്. എന്തായാലും സര്‍ക്കാര്‍ നടത്തിയ വലിയ അട്ടിമറിയിലേക്കാണ് വി.സിയുടെ വെളിപ്പെടുത്തല്‍ വിരല്‍ചൂണ്ടിയത്.

ഇതിനിടയിലാണ് ചാന്‍സലറായ ഗവര്‍ണറുടെ അധികാരത്തില്‍ കാര്യമായ കുറവുവരുത്തിക്കൊണ്ടുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദേശിക്കാം എന്നുള്ള സുപ്രധാന വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പുതിയ ബില്ല്. വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആശയസംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടയിലാണ് അക്കാദമിക-ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണറുടെ അധികാരത്തിന് നിയന്ത്രണം കൊണ്ടുവരുന്നത്.

ഡോ. ഗോപിനാഥ് രവീന്ദ്രന്‍ | ഫോട്ടോ: മാതൃഭൂമി

പ്രിയ വര്‍ഗീസിന്റെ നിയമന നടപടികള്‍ ഗവര്‍ണര്‍ മരവിപ്പിച്ചതാണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ സംഭവവികാസം. കൂടാതെ, ഈ നിയമനവുമായി ബന്ധപ്പെട്ട് വി.സി ഗോപിനാഥ് രവീന്ദ്രന് കടുത്ത വീഴ്ച സംഭവിച്ചതായും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റേത് രാഷ്ട്രീയ നിയമനമാണെന്ന് ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായതുകൊണ്ടാണ് അവര്‍ക്കു നിയമനം ലഭിച്ചതെന്നും ഈ സ്വജനപക്ഷപാതം വ്യക്തമായതുകൊണ്ടാണ് നിയമന നടപടികള്‍ മരവിപ്പിച്ചതെന്നുമാണ് ഗവര്‍ണറുടെ നിലപാട്.

ഗവർണറുടെ നടപടി സർവകലാശാലാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാലയുടെ തലവനായ ചാന്‍സലര്‍ക്കെതിരേ വൈസ് ചാന്‍സലര്‍ കോടതിയെ സമീപിച്ചേക്കുമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. നിയമപരമായി ഇത് സാധുവാണോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായങ്ങള്‍ നിലവിലുണ്ട്. രാഷ്ട്രപതി വിസിറ്ററായിരിക്കുന്ന കേന്ദ്രസര്‍വകലാശാലകളില്‍ വിസിറ്റര്‍ക്കെതിരേ സര്‍വകലാശാല കേസ് നടത്തുന്നതുപോലെയാണ് ഇതെന്ന് ഒരുവിഭാഗം നിയവിദഗ്ധര്‍ പറയുന്നു. അതേസമയം, ഗവര്‍ണര്‍ക്കാണ് ഭരണഘടനാ പരിരക്ഷയുള്ളതെന്നും ചാന്‍സലര്‍ പദവിയിലിരുന്ന് ഗവര്‍ണറെടുക്കുന്ന തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യംചെയ്യപ്പെടുന്നതിന് നിയമതടസ്സമില്ലെന്നുമാണ് മറുവശം. നിയമപരമായ സാധുത എന്തായിരുന്നാലും രാജ്യത്തിന്റെതന്നെ അക്കാദമിക-നിയമ മേഖലയില്‍ അത്യപൂര്‍വമായ സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.

അക്കാദമിക മേഖലയെ ബാധിക്കുന്ന വിഷയം എന്നതിനപ്പുറം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തെയും ഫെഡറല്‍ സംവിധാനത്തിന്റെ കീഴ്​വഴക്കങ്ങളെത്തന്നെയും ബാധിക്കാന്‍ തക്കവിധത്തില്‍ വ്യാപ്തിയുള്ള സംഘര്‍ഷങ്ങളിലേക്ക് ഒരുപക്ഷേ ഇപ്പോഴത്തെ ഏറ്റുമുട്ടലുകള്‍ നീങ്ങിയേക്കാം. ഗവര്‍ണര്‍ ഒപ്പിടാതെ ബില്ല് നിയമമാകില്ലെന്നിരിക്കേ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പുതിയ യുദ്ധമുഖങ്ങള്‍ തുറക്കുന്നതായിരിക്കും സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്‍ എന്ന കാര്യം ഉറപ്പ്. ഇപ്പോള്‍ത്തന്നെ ഈജിയന്‍ തൊഴുത്തുകളായി മാറിക്കഴിഞ്ഞ കേരളത്തിലെ സര്‍വകലാശാലകളെ കൂടുതല്‍ ദയനീയമാക്കുന്നതായിരിക്കുമോ ഇനിയുള്ള സംഭവഗതികള്‍ എന്ന ആശങ്കയാണ് ബാക്കിയാകുന്നത്.

ലേഖനത്തിന്‍റെ ആദ്യഭാഗം: പ്രിയ വര്‍ഗീസിന് എന്തുകൊണ്ട് ഒന്നാം റാങ്ക്? അക്കങ്ങളിലെ കളികള്‍ ഇങ്ങനെ, രേഖകള്‍ സംസാരിക്കുമ്പോള്‍

Content Highlights: Priya Varghese Kannur University appointments Governor Arif Muhammed Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented