പ്രിയ വര്‍ഗീസിന് എന്തുകൊണ്ട് ഒന്നാം റാങ്ക്? അക്കങ്ങളിലെ കളികള്‍ ഇങ്ങനെ, രേഖകള്‍ സംസാരിക്കുമ്പോള്‍


ശ്യാം മുരളി

പരിധിയില്ലാത്ത രാഷ്ട്രീയ ഇടപെടലുകള്‍ സര്‍വകലാശാലകളെ അക്കാദമികവളര്‍ച്ചയുടെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുന്നു. രാഷ്ട്രീയനേതാക്കളുടെ കുടുംബം പോറ്റാന്‍ അവരുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യില്‍ ഉന്നത പദവികള്‍ ദാനംചെയ്യുന്ന സ്ഥാപനങ്ങളായി അത് മാറിയിരിക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം

1. പ്രിയ വർഗീസ് 2. കണ്ണൂർ യൂണിവേഴ്‌സിറ്റി | Photo - Mathrubhumi archives

കേരളത്തിലെ യൂണിവേഴ്സിറ്റികള്‍ രാഷ്ട്രീയ മുതലെടുപ്പിന്റെ കേന്ദ്രങ്ങളായത് ഇന്നോ ഇന്നലെയോ അല്ല. ഏതെങ്കിലും പ്രത്യേക മുന്നണിയുടെയോ രാഷ്ട്രീയ കക്ഷിയുടെയോ കാലത്തുമല്ല. വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഒരു സംവിധാനം എന്നതിനു പകരം, ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്ന ഒരു ഏജന്‍സി എന്ന നിലയിലാണ് കേരളത്തിലെ മിക്ക സര്‍വകലാശാലകളും പ്രവര്‍ത്തിക്കുന്നതെന്ന് ആ സ്ഥാപനങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ക്കൊക്കെ തോന്നാം.

അക്കാദമിക് ലോകത്തുനിന്ന് വിദ്യാര്‍ഥികളെ ഏതെല്ലാം വിധത്തില്‍ അന്യവത്കരിക്കാമെന്ന് അതിന്റെ ഉന്നത സ്ഥാനത്തുള്ളവര്‍ മുതല്‍ ഗേറ്റില്‍ നില്‍ക്കുന്ന സെക്യൂരിറ്റികള്‍ വരെ നിരന്തര ഗവേഷണത്തിലാണ്. എന്നാല്‍ കുറച്ചുകാലമായി കാര്യങ്ങള്‍ പിടിവിട്ടിരിക്കുകയാണ്. പരിധിയില്ലാത്ത രാഷ്ട്രീയ ഇടപെടലുകള്‍ സര്‍വകലാശാലകളെ അക്കാദമികവളര്‍ച്ചയുടെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുന്നു. രാഷ്ട്രീയനേതാക്കളുടെ കുടുംബം പോറ്റാന്‍ അവരുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യില്‍ ഉന്നത പദവികള്‍ ദാനംചെയ്യുന്ന സ്ഥാപനങ്ങളായി അത് മാറിയിരിക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം

കേരള യൂണിവേഴ്സിറ്റിയില്‍ പി.കെ. ബിജുവിന്റെ ഭാര്യ, കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ പി. രാജീവിന്റെ ഭാര്യ, കാലടി യൂണിവേഴ്സിറ്റിയില്‍ എം.ബി രാജേഷിന്റെ ഭാര്യ, കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ കെ.കെ രാഗേഷിന്റെ ഭാര്യ. സംസ്ഥാനത്തെ ഉന്നത സര്‍വകലാശാലകളിലെ ഈ ഭാര്യാനിയമനങ്ങളെല്ലാം വെറും യാദൃശ്ചികം, യോഗ്യതയുടെയും അര്‍ഹതയുടെയും അടിസ്ഥാനത്തിലുള്ള സ്ഥാനലബ്ധികള്‍! ജനങ്ങള്‍ അങ്ങനെ വിശ്വസിച്ചുകൊള്ളണം! നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് വ്യക്തിത്വമില്ലേ ? യോഗ്യതയുള്ളവര്‍ നേതാക്കന്മാരുടെ ഭാര്യമാരായതുകൊണ്ട് അവരുടെ നിയമനത്തെ എതിര്‍ക്കുന്നുവെന്നാണ് ന്യായീകരിക്കുന്നവരുടെ വാദങ്ങള്‍.

മേല്‍പ്പറഞ്ഞ നേതാക്കളുടെയെല്ലാം ഭാര്യമാരുടെ നിയമനങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും പ്രിയാ വര്‍ഗീസിന്റെ നിയമനമാണ് ഇതില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്. മറ്റുള്ളനിയമനങ്ങളില്‍ ചട്ടങ്ങളെ വളച്ചൊടിച്ചുകൊണ്ടുള്ള നീതിനിഷേധമാണ് അരങ്ങേറിയതെങ്കില്‍ പ്രിയാ വര്‍ഗീസിന്റെ കാര്യത്തില്‍ കടുത്ത നിയമലംഘനങ്ങളാണ് നടക്കുന്നത് എന്നതുതന്നെയാണ് വിവരാവകാശ രേഖ ആധാരമാക്കി പലരും ഉന്നയിക്കുന്നത്. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മുഖമടച്ച് മറുപടി നല്‍കുന്നു എന്ന മട്ടില്‍ പ്രിയാ വര്‍ഗീസ് നല്‍കുന്ന വിശദീകരണങ്ങളുടെ നിജസ്ഥിതി എന്താണ്? നിയമനങ്ങള്‍ക്കായി വളച്ചൊടിക്കുകയും അട്ടിമറിക്കുകയും ചെയ്യപ്പെടുന്ന ചട്ടങ്ങള്‍ എന്തൊക്കെയാണ്? ആരുടെയൊക്കെ രാഷ്ട്രീയതാല്‍പര്യങ്ങളാണ് ഇതിനൊക്കെ പിന്നില്‍ വര്‍ത്തിക്കുന്നത്?- പരിശോധിക്കാം..

പ്രിയവര്‍ഗീസിന്റെ നിയമനം സ്വജനപക്ഷപാതമോ?

തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായിരുന്ന പ്രിയ വര്‍ഗീസ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചട്ടം മറികടന്നാണ് എന്നതാണ് ഉയര്‍ന്നുവന്ന ആരോപണം. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം അവര്‍ക്ക് ഇല്ല എന്നതാണ് ആദ്യം ഉയര്‍ന്ന ആക്ഷേപം.

എട്ടുവര്‍ഷം അധ്യാപന പരിചയമാണ് റഗുലേഷന്‍ പ്രകാരം ആവശ്യം. എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം പ്രിയ വര്‍ഗീസ് എഫ്.ഡി.പി (ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നു വര്‍ഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍സ് ഡീന്‍ (ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ട് വര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാണ് യൂണിവേഴ്‌സിറ്റി അവരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഇന്റര്‍വ്യൂവിന് വിളിക്കുകയും ചെയ്തത്. 2021 നവംബര്‍ 18-ന് നടന്ന ഇന്റര്‍വ്യൂവില്‍ അവര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. തുടര്‍ന്ന് അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ജൂണ്‍ 27-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയും ചെയ്തു

ഗവേഷണ കാലവും സ്റ്റുഡന്റ്സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചു വര്‍ഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് യുജിസിയുടെ ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ എന്ന സംഘടന രംഗത്തുവന്നതോടെയാണ് വിഷയം ആദ്യം വിവാദമാകുന്നത്. അതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നിലനില്‍ക്കെ മറ്റൊരു വിവരംകൂടി വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആറ് ഉദ്യോഗാര്‍ഥികളുടെ റിസര്‍ച്ച് സ്‌കോറിന്റെ വിശദാംശങ്ങളായിരുന്നു അത്. ഇതുപ്രകാരം ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആറുപേരില്‍ ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്‌കോര്‍ നേടിയ ആള്‍ പ്രിയ വര്‍ഗീസ് ആണ്. എന്നാല്‍ ഇന്റര്‍വ്യൂവില്‍ അവര്‍ ഏറ്റവും മുന്നിലെത്തി. ഇതെങ്ങനെ സംഭവിച്ചു?

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഭരണകക്ഷിയുടെ പ്രമുഖ നേതാവ് എന്നീ നിലകളില്‍ കെ.കെ. രാഗേഷിനുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചട്ടങ്ങളെ അട്ടിമറിച്ചാണ് പ്രിയ വര്‍ഗീസിന്റെ നിയമനമെന്നും യൂണിവേഴ്‌സിറ്റി വി.സി ഗോപിനാഥ് രവീന്ദ്രന്‍ അതിന് ഒത്താശ ചെയ്‌തെന്നുമാണ് ആരോപണം. ഗോപിനാഥ് രവീന്ദ്രന് വി.സി ആയി പുനര്‍ നിയമനം നല്‍കിയതിനു പിന്നില്‍ ഇത്തരം രാഷ്ട്രീയ സ്വാധീനങ്ങളാണെന്നും വിമര്‍ശനമുയരുന്നു. അതുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും ഏറ്റുമുട്ടുന്നു. വിസി നിയമനങ്ങളില്‍ ഗവര്‍ണറും യുജിസി പ്രതിനിധിയും നോക്കുകുത്തികളാവുന്ന വിധത്തില്‍ പുതിയ നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചിരിക്കുന്നു.

കള്ളക്കളികള്‍ അക്കങ്ങളിലോ ചട്ടങ്ങളിലോ?

യഥാര്‍ഥത്തില്‍ എന്താണ് ഈ ആരോപണ പ്രത്യാരോപണങ്ങളുടെ നിജസ്ഥിതി? അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യുജിസിയുടെ 2018-ലെ റഗുലേഷനില്‍ വ്യക്തമായിരിക്കേ ചട്ടം അട്ടിമറിച്ചു എന്ന ആരോപണത്തില്‍ കഴമ്പുണ്ടോ? പരിശോധിക്കാം-

എട്ടുവര്‍ഷത്തെ അധ്യാപനപരിചയം എന്ന മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്നതാണ് ആദ്യത്തെ ആരോപണം. രണ്ടു ഘട്ടമായി അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി കൂടി ചേര്‍ത്താണ് തന്റെ എട്ടുവര്‍ഷത്തെ അധ്യാപന പരിചയം എന്ന് പ്രിയ വര്‍ഗീസ് തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നും അത് ചട്ടവിരുദ്ധമല്ലെന്നും അവര്‍ പറയുന്നു. എഫ്.ഡി.പി കാലയളവിനെ ഡെപ്യൂട്ടേഷനായി പരിഗണിക്കാം എന്ന ഒരു സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി പി.എച്ച്.ഡി കാലയളവിനെ അധ്യാപനപരിചമായി കണക്കാക്കാമെന്ന വാദമാണ് ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ തനിക്ക് അനുകൂലമായി നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പി.എച്ച്.ഡി കാലയളവ് അധ്യാപനപരിചയമായി കാണിക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു യുജിസി 2018 റഗുലേഷനിലെ ഭാഗം. ക്ലോസ് 3.11

എന്നാല്‍, അസോസിയേറ്റ് പ്രൊഫസര്‍ നേരിട്ടുള്ള നിയമനത്തിന് അധ്യാപനപരിചയം പരിഗണിക്കുമ്പോള്‍ എം.ഫില്‍, പിഎച്ച്.ഡി ഉള്‍പ്പെടെയുള്ള പഠനാവധികള്‍ ഒന്നും ഉള്‍പ്പെടുത്താന്‍ പാടില്ലെന്നാണ് യുജിസി 2018 റഗുലേഷനില്‍ പറയുന്നത് (ക്ലോസ് 3.11). എഫ്.ഡി.പി കാലയളവിനെ ഡെപ്യൂട്ടേഷനായി പരിഗണിക്കാം എന്ന ഉത്തരവ് പ്രമോഷന്‍ അടക്കമുള്ളവയ്ക്ക് സര്‍വീസ് കണക്കാക്കുന്നതിനാണ് പരിഗണിക്കുക. ഈ ഉത്തരവ് ഉപയോഗിച്ച് ഗവേഷണ വിദ്യാര്‍ഥിയായിരുന്ന കാലയളവിനെ അധ്യാപനകാലമായി അവതരിപ്പിക്കാനാവില്ലെന്നുമാണ് എതിര്‍വാദം. കൂടാതെ, സ്റ്റുഡന്റ്‌സ് ഡീന്‍ എന്ന അക്കാദമിക ഇതര തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത രണ്ടുവര്‍ഷവും യുജിസി റഗുലേഷന്‍ അനുസരിച്ച് അധ്യാപന കാലമായി പരിഗണിക്കാനാവില്ല. 2018 റഗുലേഷനില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഡെപ്യൂട്ടേഷന്‍ കാലയളവ് അധ്യാപനപരിചയമായി പരിഗണിക്കരുതെന്ന് വ്യക്തമാക്കുന്ന ഭാഗം. അപ്പന്‍ഡിക്‌സ്-2, പട്ടിക- ഒന്ന്

ലഭിച്ചു എന്നവകാശപ്പെടുന്ന നിയമോപദേശം കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സ്റ്റാന്‍ഡിങ് കോണ്‍സിലിന്റേതാണ്. മുച്ചൂടും രാഷ്ട്രീയ ഇടപെടലുകള്‍ നടന്ന ഒരു വിഷയത്തില്‍ സ്റ്റാന്‍ഡിങ് കോണ്‍സിലിന്റെ നിയമോപദേശത്തില്‍ എന്തര്‍ഥമാണുള്ളതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ ചോദിക്കുന്നു. അതുപോലെ, യുജിസിയോട് നിയമോപദേശം ചോദിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്ന വാദവും അംഗീകരിക്കാനാവില്ല. റഗുലേഷനില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരു കാര്യത്തില്‍ യുജിസി മറുപടി നല്‍കിയിട്ടില്ല എന്നത് വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പി.എച്ച്.ഡി.യുടെ പേരിലുള്ള യോഗ്യത ഒരുവശത്ത് പരിഗണിക്കുകയും, അതേകാലയളവുതന്നെ അധ്യാപന പരിചയത്തിനുള്ള യോഗ്യതയായി അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന വിചിത്രമായ സ്ഥിതിവിശേഷം നീതിക്കുനിരക്കുന്നതല്ലെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തം.

പുറത്തുവന്ന വിവരാവകാശരേഖ പ്രകാരം ചുരുക്കപ്പട്ടികയില്‍ ജോസഫ് സ്‌കറിയ എന്ന ഉദ്യോഗാര്‍ഥി 651 സ്‌കോറുമായി ഒന്നാം സ്ഥാനത്തും ഗണേഷ് സി. എന്ന ആള്‍ 645 സ്‌കോര്‍ നേടി രണ്ടാമതുമാണുള്ളത്. പ്രിയവര്‍ഗീസ് ആകട്ടെ ഏറ്റവും കുറഞ്ഞ 156 സ്‌കോര്‍ നേടി ആറാമതും. കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടി ഇന്റര്‍വ്യൂ നടന്നത് ഓണ്‍ലൈന്‍ ആയി ആയിരുന്നു. ഇതിനു ശേഷമുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രകാരം പ്രിയ വര്‍ഗീസിന് ഒന്നാം റാങ്കും ഏറ്റവും കൂടുതല്‍ റിസേര്‍ച്ച് സ്‌കോര്‍ നേടിയ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് അധ്യാപകന്‍ ജോസഫ് സ്‌കറിയ്ക്ക്‌ രണ്ടാം റാങ്കും മലയാളം സര്‍വ്വകലാശാല അധ്യാപകന്‍ സി. ഗണേഷിന് മൂന്നാം റാങ്കുമാണ് ലഭിച്ചത്.

ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരുടെ റിസര്‍ച്ച് സ്‌കോര്‍ വ്യക്തമാക്കുന്ന വിവരാവകാശ രേഖ

യുജിസി ചട്ടം അനുസരിച്ച് റിസര്‍ച്ച് സ്‌കോര്‍ അല്ല, ഇന്റര്‍വ്യൂവിലെ മാര്‍ക്കാണ് നിയമനത്തിന് ആധാരമായി സ്വീകരിക്കുക എന്നാണ് പ്രിയ വര്‍ഗീസ് ചൂണ്ടിക്കാണിക്കുന്നത്. (ഇപ്പറഞ്ഞ യുജിസി ചട്ടത്തിന്റെ വിശദാംശങ്ങള്‍ ഈ ലേഖനത്തിന്റെ തുടര്‍ ഭാഗത്ത് പരിശോധിക്കുന്നുണ്ട്) റിസര്‍ച്ച് സ്‌കോര്‍ സംബന്ധിച്ച ആരോപണം കണക്കിലെ കളികളാണെന്നും അവര്‍ വിശദീകരിക്കുന്നു. പുറത്തുവന്ന റിസര്‍ച്ച് സ്‌കോര്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ വരുന്ന ഓട്ടോ ജനറേറ്റഡ് മാര്‍ക്കുകളാണെന്നും സര്‍വ്വകലാശാല അത് മുഴുവന്‍ പരിശോധിച്ചു വകവെച്ചുതന്നിട്ടുള്ളതല്ലെന്നും പ്രിയാ വര്‍ഗീസ് ആദ്യം പറഞ്ഞു. എന്നാല്‍, യുജിസിയുടെ 2018-ലെ ചട്ടപ്രകാരം 75 പോയിന്റ് വരെയുള്ള സ്‌കോര്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നും അത് യൂണിവേഴ്‌സിറ്റി ചെയ്തിട്ടുണ്ടെന്നും പിന്നീട് അവര്‍ തിരുത്തി.

ഇന്റര്‍വ്യൂവില്‍ ലഭിക്കുന്ന മാര്‍ക്ക് മാത്രമാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ മാനദണ്ഡമാക്കേണ്ടതെന്നാണ് യുജിസി ചട്ടമെന്നും അങ്ങനെവരുമ്പോള്‍ ഉയര്‍ന്ന റിസര്‍ച്ച് സ്‌കോറും പബ്ലിക്കേഷനുകളുമൊന്നും അന്തിമ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് പ്രിയ വര്‍ഗീസിന്റെയും കണ്ണൂര്‍ സര്‍വകലാശാലയുടെയും വാദം. എന്നാല്‍, ഗവേഷണം, പബ്ലിക്കേഷന്‍ എന്നീ ഘടകങ്ങള്‍ക്കൂടി പരിഗണിച്ചാണ് ഇന്റര്‍വ്യൂ ബോര്‍ഡിലുള്ള ഓരോ അംഗവും ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് നിശ്ചയിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. 'പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം, പ്രധാന വിഷയത്തിലും ഇതര വിഷയങ്ങളിലും ഉള്ള അറിവ് എന്നിവ വിലയിരുത്തിയാണു സിലക്ഷന്‍ കമ്മിറ്റി മാര്‍ക്കിടുന്നത്' എന്ന് സര്‍വകലാശാല വി.സി കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുകയും ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ ഇതിന് ആധാരമാക്കുന്നത് ഉദ്യോഗാര്‍ഥി സമര്‍പ്പിച്ചിട്ടുള്ള രേഖകളുടെ മൂല്യമാണ്. അതുപ്രകാരം പ്രിയ വര്‍ഗീസ് ഉള്‍പ്പെട്ട ഇന്റര്‍വ്യൂവിന്റെ, മാതൃഭൂമി ഡോട്ട് കോമിന് ലഭ്യമായ സ്‌കോര്‍ ഷീറ്റ് പറയുന്നത് ഇപ്രകാരമാണ്:

പ്രിയ വര്‍ഗീസ് ഉള്‍പ്പെട്ട ഇന്റര്‍വ്യൂവിന്റെ സ്‌കോര്‍ ഷീറ്റ്

കോവിഡ് ലോക്ഡൗണ്‍ കഴിഞ്ഞ് കോളേജുകളും സ്‌കൂളുകളും തുറക്കുകയും സര്‍വകലാശാലാ പരീക്ഷകളടക്കം ആരംഭിക്കുകയും ചെയ്ത ശേഷമാണ് കോവിഡെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്റര്‍വ്യൂ ഓണ്‍ലൈന്‍ ആയി നടത്തിയത്. ഇതും സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 21-ാം തീയതി സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന് എക്സ്റ്റന്‍ഷന്‍ കൊടുക്കാന്‍ ഇരിക്കെയാണ് 18-ാം തീയതി ഇന്റര്‍വ്യൂ നടക്കുന്നത്. 18-ന് നടന്ന ഇന്റര്‍വ്യൂവില്‍ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനു തൊട്ടുപിന്നാലെ വി.സിയെ പുനര്‍നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാസ മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ഇവര്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന് ഇതില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിയ വര്‍ഗീസിന്റെ നിയമനം സംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച വിവരങ്ങള്‍

രാഷ്ട്രീയക്കാരന്റെ ഭാര്യയാണ് എന്നത് അയോഗ്യതയാകുന്നത് എങ്ങനെ എന്ന മറുചോദ്യമാണ് വിവാദ നിയമനം നേടിയവരൊക്കെ ഉന്നയിക്കുന്നത്. ഈ ഭാര്യമാരൊക്കെ പ്രസ്തുത തസ്തികയ്ക്കുള്ള അടിസ്ഥാന യോഗ്യതയുള്ളവര്‍ത്തന്നെയാണ്. പക്ഷേ, ഇവരേക്കാളൊക്കെ വളരെ ഉയര്‍ന്ന യോഗ്യതകളുള്ളവര്‍ പുറത്താക്കപ്പെടുകയും ഇവര്‍ക്കു മാത്രം ജോലി ലഭിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. മിടുക്കരായ ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ നിന്ന് താരതമ്യേന മിടുക്ക് കുറഞ്ഞ 'രാഷ്ട്രീയബന്ധുക്കള്‍' ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നത് ഈ അധികയോഗ്യത ഒന്നുകൊണ്ടുമാത്രമാണ്. ഇവരൊക്കെ രാഷ്ട്രീയക്കാരുടെ ഭാര്യമാരോ മക്കളോ അടുത്ത ബന്ധുക്കളോ ആയതുകൊണ്ടുമാത്രമാണ് ഈ നിയമനങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും നടക്കുന്ന നിയമനങ്ങളെല്ലാംതന്നെ രാഷ്ട്രീയ നിയമനങ്ങളാണെന്നതാണ് യാഥാര്‍ഥ്യമെങ്കിലും അവയൊന്നും സാധാരണയായി വാര്‍ത്തയാകുന്നില്ലെന്നു മാത്രം. ഇവിടങ്ങളില്‍നിന്നെല്ലാം പുറന്തള്ളപ്പെടുന്നത് വളരെ മിടുക്കരായ, ഉന്നത അക്കാദമിക യോഗ്യതകളുള്ള പ്രതിഭാധനരാണ്. അടിസ്ഥാന യോഗ്യതയുണ്ടെന്ന അവകാശവാദവുമായി പകരംവരുന്നത് രാഷ്ട്രീയനേതാക്കളുടെ കുടുംബാംഗങ്ങളും വേണ്ടപ്പെട്ടവരുമായ ശരാശരിക്കാരും.

പ്രിയാവര്‍ഗീസിന്റെ നിയമന വിഷയത്തില്‍ ഗവര്‍ണര്‍ സ്റ്റേ മാത്രമാണ് നല്‍കിയിരിക്കുന്നതെങ്കിലും സര്‍വകലാശാലാ നിയമനങ്ങളില്‍ യുജിസി ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ഈ സംഭവം മാറുന്നു. രാഷ്ട്രീയതാല്‍പര്യം മുന്‍നിര്‍ത്തി സര്‍വകലാശാലകളില്‍ നടന്നിട്ടുള്ളതും നടക്കുന്നതുമായ പിന്‍വാതില്‍ നിയമനങ്ങളുടെ യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ് പ്രിയ വര്‍ഗീസിന്റെ നിയമനം. എന്നാല്‍, ചട്ടലംഘനങ്ങള്‍ക്ക് വാതില്‍ തുറന്നിട്ടുകൊണ്ട് യുജിസി തന്നെ നടത്തിയ ചട്ടഭേദഗതിയെ കാണാതെ സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങളുടെ നാള്‍വഴി പൂര്‍ത്തിയാകില്ല. യുജിസി റഗുലേഷന്‍ 2018-ന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. സത്യത്തില്‍, ചട്ടം ഭേദഗതി ചെയ്തുകൊണ്ട് ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ത്തന്നെയാണ് അതേ ചട്ടഭേദഗതിയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലും നടപ്പാക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. അതെന്താണെന്ന് തുടര്‍ന്നുള്ള ഭാഗത്ത് പരിശോധിക്കാം.

ലേഖനത്തിന്‍റെ രണ്ടാം ഭാഗം: വേണ്ടത് അക്കാദമിക് മികവോ രാഷ്ട്രീയത്തികവോ?; നിയമഭേദഗതിക്കും നിയമനടപടികള്‍ക്കുമിടയില്‍ സർവകലാശാലകള്‍

Content Highlights: Priya Varghese Kannur University appointments Governor Arif Muhammed Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented