മനോവൈകൃതക്കാരെ ജയിലില്‍ അടച്ചാൽ തീരുമോ പ്രശ്‌നം? | നേരിടാം പിഡോഫീലിയ; സംരക്ഷിക്കാം കുട്ടികളെ 02


വിഷ്ണു കോട്ടാങ്ങല്‍

'പിഡോഫീലിയ ഒരു മനോരോഗമാകുമ്പോള്‍ കുട്ടികള്‍ക്കെതിരായ എല്ലാ ലൈംഗിക അതിക്രമങ്ങളും പിഡോഫീലിയ മൂലമാണെന്ന് ധരിക്കരുത്.'

പ്രതീകാത്മക ചിത്രം

പാരഫിലിയ (Paraphilia) വിഭാഗത്തില്‍പ്പെടുന്ന ഒരു ലൈംഗിക വൈകൃതമാണ് പിഡോഫീലിയ (Pedophilia). പിഡോഫീലിയ ഉള്ള ആളുകള്‍ക്ക് ചെറിയ കുട്ടികളോട് ലൈംഗികാകര്‍ഷണം ഉണ്ടാവും. ചിലര്‍ക്ക് കുട്ടികളോട് മാത്രമേ ലൈംഗികാകര്‍ഷണം ഉണ്ടാവുകയുള്ളു. ചിലര്‍ക്ക് മുതിര്‍ന്നവരോടും കുട്ടികളോടും ലൈംഗികാകര്‍ഷണം ഉണ്ടാകും. ഇങ്ങനെ ആകര്‍ഷണം ഉണ്ടാക്കുന്നവര്‍ ആഗ്രഹപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോഴാണ് അവരില്‍ ഈ ലൈംഗിക വൈകൃതം (Sexual Perversion) ഉള്ളതായി കണ്ടെത്തുന്നത്. ഈ മനോവൈകൃതമുളളവരെയാണ് പിഡോഫൈലുകള്‍ എന്ന് വിളിക്കുന്നത്.

പതിമൂന്നോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികളോട് തോന്നുന്ന ലൈംഗിക ആസക്തിയാണ് പിഡോഫിലിയയായി കാണാക്കപ്പെടുന്നത്. പിഡോഫിലിയ സ്ഥിരീകരിക്കണമെങ്കില്‍ ആള്‍ക്ക് 16 വയസ്സോ അതില്‍ കൂടുതലോ പ്രായമുണ്ടായിരിക്കണം, മാത്രമല്ല, കുട്ടിയുമായി 5 വയസ്സെങ്കിലും പ്രായവ്യത്യാസവും ഉണ്ടായിരിക്കണം. പതിനേഴോ പതിനെട്ടോ വയസുള്ള ഒരാള്‍ക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള കുട്ടിയോട് ലൈംഗിക ആസക്തി തോന്നിയാല്‍ അതിനെ പിഡോഫിലിയ ആയി കണക്കാക്കില്ല.

പിഡോഫിലിയ സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് കണ്ട് വരുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികളാണോ ആണ്‍കുട്ടികളാണോ ഇതിന് കൂടുതലായും ഇരയാവുന്നതെന്ന് കൃത്യമായി പറയാനാകില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേപോലെ ഇരകളാക്കപ്പെടുന്നു. പിടിക്കപ്പെടാതിരിക്കാന്‍ കൂടുതലും ആണ്‍കുട്ടികളെ ഉപയോഗിക്കുന്നവരുമുണ്ട്.

'പാരാഫിലിയ'എന്ന് മനഃശാസ്ത്രജ്ഞര്‍ വിളിക്കുന്ന മാനസികനിലയുടെ വകഭേദങ്ങളിലൊന്നാണ് പിഡോഫീലിയ. സാധാരണ നിലയില്‍നിന്നു വ്യത്യസ്തമായ ലൈംഗിക ചോദനകളെയാണു പാരാഫീലിയ എന്നു വിളിക്കുന്നത്. ഇതില്‍ ചിലതിനെ രോഗമായും ചികിത്സിക്കേണ്ടവയായും ചിലതിനെ കേവലം വകഭേദമായും തരം തിരിച്ചിട്ടുണ്ട്. മാനസികരോഗാവസ്ഥകളെയും അവയ്ക്കുളള ചികിത്സാരീതികളേയും തരംതിരിച്ചു പ്രതിപാദിക്കുന്ന പുസ്തകമാണ് 'ഡയഗ്നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്സ്' (DSM). അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ പുറത്തിറക്കുന്ന ഈ പുസ്തകം ലോകമെങ്ങുമുളള മനഃശാസ്ത്രജ്ഞര്‍, ഗവേഷകര്‍, മരുന്നുകമ്പനികള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവര്‍ ഒരു റഫറന്‍സായി ഉപയോഗിക്കുന്നു. ഇതിന്റെ അഞ്ചാമത്തെ പതിപ്പിലാണ് പാരാഫീലിയയെ പുനര്‍നിര്‍വചിച്ചിരിക്കുന്നത്.

Read More: കുഞ്ഞുങ്ങളെയും വിടില്ല ഇരപിടിയന്മാരുടെ കേരളം | നേരിടാം പിഡോഫീലിയ; സംരക്ഷിക്കാം കുട്ടികളെ 01

അചേതനമായ വസ്തുക്കളിലോ അസാധാരണമായ സാഹചര്യങ്ങളിലോ വിചിത്രഭാവനകളിലോ അസാധാരണമായ വ്യക്തികളിലോ അവരുടെ പെരുമാറ്റങ്ങളിലോ ഒക്കെ ലൈംഗികമായ ഉണര്‍വ് കണ്ടെത്തുന്ന അനുഭവത്തെയാണ് പാരാഫിലിയ എന്നു മനഃശാസ്ത്രം പറയുന്നത്. ഏകദേശം 549-ല്‍പ്പരം പാരാഫീലിയകള്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇവയില്‍ എട്ടെണ്ണം മാത്രമാണു പാരാഫീലിക് ഡിസോര്‍ഡര്‍ അഥവാ രോഗാവസ്ഥയായി ഡിഎസ്എം - 5 ലിസ്റ്റ് ചെയ്യുന്നത്. ഈ എട്ടെണ്ണത്തില്‍ ഒന്നാണു പിഡോഫീലിയ. ഈ എട്ടു തരം പാരാഫീലിയകളും രോഗാവസ്ഥയയി പരിഗണിക്കുന്നത് അതു പ്രവൃത്തിയില്‍ കൊണ്ടുവരുമ്പോള്‍ മാത്രമാണ്. 'പാരാഫീലിയ ഉളള ഒരു വ്യക്തി ലൈംഗീക സംതൃപ്തിക്കായി ചെയ്യുന്ന പ്രവൃത്തികള്‍ തനിക്കോ മറ്റുളളവര്‍ക്കോ ശാരീരികമായോ മാനസികമായോ ദോഷം ചെയ്യുന്നവയാണെങ്കില്‍ അയാളുടേത് ഒരു രോഗാവസ്ഥയായി പരിഗണിക്കണം'എന്നാണു ഡിഎസ്എം-5 പറയുന്നത്.

സാധാരണ ഇവര്‍ പീഡിക്കപ്പെടുന്ന കുട്ടിയുമായി അടുത്ത് പരിചയം ഉള്ളവര്‍ ആയിരിക്കും. അത് കുട്ടിയുടെ ബന്ധുവാകാം, രണ്ടാനച്ഛനോ രണ്ടാനമ്മയോ ആകാം അല്ലെങ്കില്‍ അധ്യാപകന്‍, വീട്ടില്‍ ജോലിക്ക് നില്ക്കുന്നയാള്‍, ഡ്രൈവര്‍ അങ്ങനെ അടുത്ത് പരിചയമുള്ളവരാകാന്‍ സാധ്യത കൂടുതലാണ്. സ്വന്തം വീട്ടിലെ കുട്ടികളോട് മാത്രം ലൈംഗിക ആസക്തി തോന്നുന്ന ആളുകളുമുണ്ട്. അതുകൊണ്ട് തന്നെ തന്റെ മക്കളുമായി അടുത്തിടപഴകുന്നവരെ സംശയത്തിന്റെ കണ്ണില്‍കൂടി കാണേണ്ടി വരുന്ന മാതാപിതാക്കളെയും സ്വന്തമെന്ന് കരുതി കുട്ടികളെ ലാളിക്കുന്ന മുതിര്‍ന്നവര്‍ സംശയിക്കപ്പെടുമ്പോഴുള്ള മനോവേദനയുമൊക്കെ ഇതിന്റെ മറുവശമാണ്.

പിഡോഫീലിക് വൈകൃതങ്ങള്‍ ഒരു പടികൂടി കടന്നുപോയവരാണ് കുട്ടികളുടെ മുന്‍പില്‍ മാത്രം നഗ്നതാ പ്രദര്‍ശനം നടത്തി സായൂജ്യമടയുന്നവര്‍, ലൈംഗീകാതിക്രമം നടത്തുന്നവരൊക്കെ. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയിരുന്നുവെങ്കില്‍ അത്തരം അപകടത്തില്‍ നിന്ന് അവരെ രക്ഷിക്കാമായിരുന്നു. അതുവഴി എത്രയോ കുട്ടികള്‍ക്കുണ്ടായേക്കാവുന്ന മാനസികാഘാതവും അതേ തുടര്‍ന്നുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.

ഇതിനുവേണ്ടിയുള്ള ചികിത്സാരീതി ഇനിയും കണ്ടത്തിയിട്ടില്ലെങ്കിലും കൗണ്‍സിലിംഗ് മൂലവും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറച്ചും, ലൈംഗീക ആസക്തി കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കിയും ഒരു പരിധിവരെ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. തങ്ങളുടെ കുട്ടിക്കാലത്ത് മുതിര്‍ന്നവരില്‍ നിന്നും ലൈംഗികാതിക്രമം ഏല്‍ക്കേണ്ടി വന്നവര്‍, പില്‍ക്കാലത്ത് ഇതേപോലെ മറ്റുള്ളവരോട് പെരുമാറാന്‍ ഇടയാക്കും. ലൈംഗികതയേപ്പറ്റിയുള്ള അറിവില്ലായ്മയുടെ കാലത്ത് മനസിലേറ്റ മുറിവാണ് പില്‍ക്കാലത്ത് പിഡോഫീലിയ എന്ന രോഗാവസ്ഥയിലേക്ക് ഇത്തരക്കാരെ കൊണ്ടുചെന്നെത്തിക്കുന്നത്. കൃത്യമായ സമയത്ത് ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ ഇവരെ പൂര്‍ണമായി തിരികെ എത്തിക്കാനാകും. അവര്‍ മുന്‍കാലങ്ങളില്‍ എത്രത്തോളം മാനസികാഘാതം ഏറ്റുവെന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ ഫലപ്രാപ്തി.

ഒരു മനഃശാസ്ത്രജ്ഞന്റെയോ സൈക്കോളജിസ്റ്റിന്റെയോ സഹായത്തോടെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് വരാവുന്നതാണ്. ഹോര്‍മോണ്‍ വ്യതിയാനത്തെയും മനോനിലയുടെ വ്യതിയാനത്തെയും കൃത്യമായ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതിന് ശേഷം, മരുന്നുകളുടെയും സൈക്കോ തെറാപ്പികളിലൂടെയും അനുബന്ധ ചികിത്സാമാര്‍ഗങ്ങളിലൂടെയും ഭേദപ്പെടുത്താവുന്നതാണ്. വൈകുന്ന ഓരോ സമയവും ക്ഷണിച്ച് വരുത്തുന്ന അപകടത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നതായിരിക്കും ഫലം. അതുകൊണ്ട് പരിഹാരത്തിലേക്ക് വേഗത്തില്‍ അടുക്കുകയാണ് ഉത്തമം.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരില്‍ ഭൂരിഭാഗവും പിഡോഫീല്‍ അല്ല

പിഡോഫീലിയയും കുട്ടികള്‍ക്ക് എതിരെ ഉള്ള ലൈംഗിക അതിക്രമങ്ങളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ധരിക്കുന്നവരും ധാരാളമുണ്ട്. ഇവ രണ്ടും രണ്ട് വിഷയങ്ങളാണ്. പിഡോഫീലിയ ഒരു മനോരോഗമാകുമ്പോള്‍ കുട്ടികള്‍ക്കെതിരായ എല്ലാ ലൈംഗിക അതിക്രമങ്ങളും പിഡോഫീലിയ മൂലമാണെന്ന് ധരിക്കരുത്. പിഡോഫീലിയ ഒരു രോഗാവസ്ഥ ആണ്. ഒരു വ്യക്തിക്ക് ഈ തകരാറിനെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ സ്വയം കഴിയുകയില്ല. ഇതൊരു വ്യക്തി സ്വമേധയാ തിരഞ്ഞെടുക്കുന്നതും അല്ല.

കുട്ടികളുടെ നിസ്സഹായവസ്ഥയെ മുതലെടുത്ത് തങ്ങള്‍ക്ക് ഉള്ള അധികാരം ഉപയോഗിച്ചു ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കുട്ടികളെ ഉപയോഗിക്കുന്നവരെ പിഡോഫീലിയയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി സാമാന്യവത്കരിക്കരുത്. ഇവര്‍ക്ക് കുട്ടികളോട് ലൈംഗിക ആകര്‍ഷണത്തേക്കാള്‍ എളുപ്പത്തില്‍ വേട്ടയാടി പിടിക്കാവുന്ന ഇര എന്ന മനോഭാവം ആണ്.

പിഡോഫീലിക് ആയ ഒരാള്‍ക്ക് തന്റെ ചിന്തകളിലും പ്രവൃത്തികളിലും കുറ്റബോധമുണ്ടാകുന്നുവെങ്കില്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയൊന്ന് ഉണ്ടാവുകയെന്നത് ഏറെക്കുറെ അസാധ്യമാണ്. മാത്രമല്ല പിഡോഫീലിയയുടെ മറവില്‍ ഇരകളെ തേടി കൊണ്ടിരിക്കുകയും ചെയ്യും. അത്തരക്കാരെ തിരിച്ചറിയുകയാണ് വേണ്ടത്.

പരിചയം നടിച്ച് മുതലെടുക്കുന്നവര്‍

70 ശതമാനം പോക്സോ കേസുകളിലും പ്രതികളാകുന്നത് കുട്ടികളുമായി അടുത്ത് ഇടപഴകുന്ന അടുത്ത ബന്ധുക്കളോ, പരിചയക്കാരോ, രക്ഷിതാക്കളുടെ സുഹൃത്തുക്കളോ ഒക്കെ ആകാം. കേസുകള്‍ അധികവും സ്വന്തം വീട്ടില്‍ തന്നെ സംഭവിക്കുന്നുവെന്നതാണ് കണ്ടുവരുന്നത്. ഇതിന് പുറമെ കുട്ടിയുടെ മാതാവിന്റെ ആണ്‍സുഹൃത്തുക്കള്‍, കാമുകന്‍, രണ്ടാനച്ഛന്‍ എന്നിവര്‍ വഴിയും കുട്ടികള്‍ പീഡനത്തിനിരയാകുന്നു. പലപ്പോഴും പെണ്‍കുട്ടികളുടെ അമ്മമാരുടെ അനുമതിയോടെ കാമുകന്‍ ലൈംഗീകമായി ഉപയോഗിക്കുന്ന കേസുകളും നിരവധി ഉണ്ടാകുന്നു. ഇതിന് പുറമെ കളിപ്പാട്ടങ്ങള്‍ വാങ്ങിച്ച് നല്‍കിയും മധുരപലഹാരങ്ങള്‍ നല്‍കിയും സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി ഉപദ്രവിക്കുന്ന കേസുകളുമുണ്ട്. ഇവിടെയെല്ലാം പൊതുവെ കാണുന്നത് കുട്ടികളുടെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്നവരാണ് അധികവുമെന്നാണ്.

ഇത്തരക്കാരെയെല്ലാം പിഡോഫൈലുകള്‍ , മാനസികരോഗികള്‍ എന്നൊക്കെ അത്ര എളുപ്പത്തില്‍ പറയാന്‍ സാധിക്കില്ല. കൂടുതല്‍ കേസുകളിലും സാഹചര്യങ്ങളെ മുതലെടുത്ത് കുട്ടികളെ ഉപദ്രവിക്കുന്നവര്‍ തന്നെയാണ്. എന്തുകൊണ്ടാണ് ആളുകള്‍ കൊള്ള, കൊല, തട്ടിപ്പ് എന്നിവ ചെയ്യുന്നതെന്ന് ചോദിച്ചാല്‍ സാഹചര്യങ്ങളെ ഇവര്‍ മുതലെടുക്കുന്നു എന്ന് കാണാം.

പിഡോഫീലിയ എന്നൊരു മാനസികാവസ്ഥ ഉള്ളവരുണ്ട്. എന്നാല്‍ ഇവിടെ പിടിയിലാകുന്ന പോക്സോ കേസ് പ്രതികളാരും തന്നെ അത്തരക്കാരാണെന്ന് തോന്നുന്നില്ല. അത്തരം കേസുകളും ഉണ്ടാകാം. പക്ഷെ, അതൊക്കെ തെളിയിക്കുക അസാധ്യമാണ്. ഇനി അത്തരം ആളുകള്‍ ഉണ്ടെങ്കില്‍ തന്നെ നിയമത്തിന് അധികം ചെയ്യാനായി ഒന്നുമില്ല. ഇത്തരക്കാരെ കുറ്റം തെളിഞ്ഞാല്‍ മാനസിക രോഗാശുപത്രിക്ക് റഫര്‍ ചെയ്തുവിടുമെന്നല്ലാതെ ചെയ്യാനൊന്നുമില്ല. ഇങ്ങനെ മാനസിക രോഗാശുപത്രിയില്‍ എത്തുന്നവരും ഉണ്ട്.

എന്നാല്‍ അല്ലാത്ത കേസുകളില്‍ തെളിയിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കുന്ന നിയമങ്ങളാണ് ഇപ്പോഴുള്ളത്. പക്ഷെ, ഇത് മാത്രമല്ല ഏത് കേസുകളിലും ശിക്ഷിക്കപ്പെടുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ് എന്നതാണ് യാഥാര്‍ഥ്യം.

- ഡോ. ജെയിംസ് വടക്കുംചേരി, ക്രിമിനോളജിസ്റ്റ്

(തുടരും)

Content Highlights: Pedophilia, child abuse, Child Pornography Site


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented