വാഷിങ്ടൺ: ഇലക്ട്രോണിക് ഉപകരണങ്ങളിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കണ്ടെത്തിയതിനു പിന്നാലെ ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ച് അമേരിക്ക. ലണ്ടനിലെ അമേരിക്കൻ എംബസിയിൽ സേവനമനുഷ്ഠിച്ചിരുന്ന മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോണുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നാണ് കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ചു. അതീവരഹസ്യമായിട്ടായിരുന്നു അമേരിക്കയുടെ നടപടി. ഇതിൽ യു.കെ പ്രതിഷേധം രേഖപ്പെടുത്തി. 

To advertise here,

ഓഗസ്റ്റ് മാസം അവസാനമാണ് ലണ്ടനിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ വസതിയിൽ അമേരിക്കൻ സുരക്ഷാവിഭാഗങ്ങളിലൊന്നായ യുഎസ് മറീനുകൾ റെയ്ഡ് നടത്തിയത്. പിന്നാലെ 24ന് യുകെയിലെ റോയൽ എയർഫോഴ്‌സ് ബേസിൽ നിന്ന് സൈനിക വിമാനത്തിൽ ഇയാളെ അമേരിക്കയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. 

അമേരിക്കയിൽ കഴിയുന്ന, ഈ ഉദ്യോഗസ്ഥന്റെ സഹോദരനെതിരെയുള്ള അന്വേഷണമാണ് ഈ കേസിന് തുടക്കമിട്ടത്. സഹോദരനുമായി ബന്ധപ്പെട്ട കേസിൽ അമേരിക്കൻ അധികാരികൾ നടത്തിയ അന്വേഷണത്തിനിടയിലാണ് ലണ്ടനിലുള്ള നയതന്ത്രജ്ഞന്റെ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഇത്തരം ദൃശ്യങ്ങൾ കണ്ടെത്തിയത്. പിന്നാലെ യുഎസ് മറീനുകൾ നയതന്ത്രജ്ഞന്റെ ലണ്ടനിലെ വസതിയിൽ റെയ്ഡ് നടത്തുകയും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് രഹസ്യമായി അമേരിക്കയിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു.

ഉദ്യോഗസ്ഥൻ രാജ്യം വിട്ടതിനു ശേഷം മാത്രമാണ് യു.കെ പോലീസിനെയും അധികാരികളെയും അമേരിക്കൻ വൃത്തങ്ങൾ വിവരം അറിയിച്ചത്. യു.കെയുടെ അനുമതിയില്ലാതെ ബ്രിട്ടീഷ് മണ്ണിൽ നടത്തിയ ഈ സൈനിക നീക്കത്തിനെതിരെ യു.കെ ഭരണാധികാരികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

യുകെ കൺസർവേറ്റീവ് എംപി ബെൻ ഒബെസെജെക്റ്റി ഈ നടപടിക്കെതിരേ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ബ്രിട്ടീഷ് നിയമവ്യവസ്ഥയെ മറികടന്ന് സ്വന്തം രാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥനെ കടത്താൻ അമേരിക്കൻ സൈനിക ശക്തി ദുരുപയോഗം ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം നയതന്ത്ര നടപടിക്രമങ്ങൾ കാരണമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും വേഗത്തിൽ നിയമനടപടി സ്വീകരിക്കാനുമാണ് ഇത്തരത്തിൽ പെട്ടെന്ന് ഇടപെട്ടതെന്നാണ് അമേരിക്കൻ നയതന്ത്രവൃത്തങ്ങളുടെ വിശദീകരണം.