അബുദാബി: മൂന്ന് വയസ്സുള്ള കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ ഗാർഹിക തൊഴിലാളി കുട്ടിയുടെ അമ്മയ്ക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് സിവിൽ കോടതിയുടെ നടപടി. നേരത്തെ ക്രിമിനൽ കോടതി ഇവർക്ക് ഒരു മാസത്തെ സസ്പെൻഡഡ് തടവുശിക്ഷയും 3,000 ദിർഹം പിഴയും വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാതാവ് സിവിൽ കോടതിയെ സമീപിച്ചത്. താൻ പുറത്തുപോയ സമയത്ത് കുട്ടിയെ പരിചരിക്കാൻ ഏൽപ്പിച്ച വ്യക്തിയിൽ നിന്നുണ്ടായ അതിക്രമം വൻ വിശ്വസലംഘനമാണെന്ന് മാതാവ് കോടതിയിൽ ചൂണ്ടിക്കാട്ടി. കുട്ടിയുടെ നെഞ്ചിലും താടിയെല്ലിന് താഴെയും പോറലുകളേറ്റതായി മെഡിക്കൽ റിപ്പോർട്ടിലും വ്യക്തമായിരുന്നു. അതേസമയം ശമ്പളം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് വ്യാജ പരാതിക്ക് കാരണമെന്നും, താൻ ഡ്രൈവറായി ജോലിക്ക് എത്തിയതാണെന്നും കുട്ടികളെ നോക്കൽ തന്റെ ഉത്തരവാദിത്തമല്ലെന്നും പ്രതി വാദിച്ചു. എന്നാൽ കോടതി പ്രതിയുടെ വാദം കോടതി തള്ളി. ക്രിമിനൽ കോടതി കുറ്റകൃത്യം തെളിയിച്ചതിനാൽ ഇനി അതൊരു തർക്കവിഷയമായി മാറ്റാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടിക്കേറ്റ പരിക്കും ചികിത്സാച്ചെലവും മൂലമുണ്ടായ സാമ്പത്തിക നഷ്ടവും, കുഞ്ഞിനും അമ്മയ്ക്കും നേരിടേണ്ടി വന്ന മാനസിക വിഷമങ്ങളും കണക്കിലെടുത്താണ് 10,000 ദിർഹം നഷ്ടപരിഹാരവും കേസിന്റെ ചെലവുകളും വഹിക്കാൻ ഉത്തരവിട്ടത്. വിധി അന്തിമമാകുന്ന തീയതി മുതൽ നാല് ശതമാനം വൈകിയുള്ള പലിശയും അടയ്‌ക്കേണ്ടിവരും.

To advertise here,